വയറെരിച്ചില്‍ ഉണ്ടെങ്കില്‍ ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കുക. എങ്കില്‍ അള്‍സറിനെ പകുതി പ്രതിരോധിക്കാം

ഹെല്‍ത്ത് ഡസ്ക്
Sunday, March 25, 2018

ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന വയറെരിച്ചില്‍ അസിഡിറ്റിയുടെ പ്രാഥമിക ലക്ഷണമാണ് . ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായി മാറും .

ഉദരഗ്രന്ഥികള്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി.

ഉദരത്തെ ഉപദ്രവിക്കുന്ന തരത്തിലുള്ള ഭക്ഷണപദാര്‍ഥങ്ങളുടെ സ്ഥിരമായ ഉപയോഗം മൂലം അന്നനാളത്തിലോ ആമാശയത്തിലോ ചെറുകുടല്‍ തുടങ്ങുന്ന ഭാഗത്തോ ദുര്‍ബലതയുണ്ടാകുകയും കാലക്രമേണ അള്‍സറായി മാറുകയും ചെയ്യാം. ആമാശയത്തിലെ ദ്രവങ്ങള്‍, അന്നനാളത്തിലേക്കരിച്ചു കയറുമ്പോള്‍ തുളഞ്ഞുകയറുന്ന ശക്തിയായ വേദനയോടെയാണ് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത്.

അള്‍സര്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമായി പറയുന്ന എച്ച് പൈലോറി അണുബാധയും ദഹനവ്യവസ്ഥയിലെ അമിതമായ അസിഡിറ്റിയുമായി ബന്ധമുണ്ട്.

അതിനാല്‍ത്തന്നെ അള്‍സറിന്റെ ചികിത്സയില്‍ ഏത് ചികിത്സാരീതിയായാലും അസിഡിറ്റിയുടെ തോത് കുറയ്ക്കുന്നതിന് പ്രാമുഖ്യം നല്‍കുന്നു.

എന്നാല്‍ ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങളും, മാനസിക സംഘര്‍ഷവും, പുകവലി മദ്യപാനം എന്നിവയും ആസിഡിന്റെ ഉത്പാദന തോതിന് വ്യതിയാനം ഉണ്ടാകാന്‍ കാരണമാവുകയും ഇതിനെ തുടര്‍ന്ന് അസിഡിറ്റിയുണ്ടാവുകയും ചെയ്യുന്നു.

  • എണ്ണയും കൊഴുപ്പും നിറഞ്ഞ ഭക്ഷണം ഒഴിവാക്കുക എന്നതാണ് അസിഡിറ്റി വരാതിരിക്കാനായി ആദ്യം ചെയ്യേണ്ടത്. പകരം ധാരാളം നാരടങ്ങിയ പഴങ്ങളും പച്ചക്കറിയകളും ഉള്‍പ്പെടുന്ന ആരോഗ്യകരമായ ഒരു ഭക്ഷണശീലം പിന്തുടരുക.
  • എല്ലാ ദിവസവും കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക. കഴിക്കുന്ന ഭക്ഷണത്തിനിടയിലുളള ഇടവേളകള്‍ ചുരുക്കി ഇടയ്ക്കിടയ്ക്ക് ഫ്രൂട്ട്സ് കഴിക്കാം. ഒരു പാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴുവാക്കുകയും വേണം.
  • അമ്ലത്വം കൂടിയ ചെറുനാരങ്ങ, ഓറഞ്ച് എന്നിവ ഒഴിവാക്കുക.
  • ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പോ അരമണിക്കൂറിന് ശേഷമോ വെള്ളം കുടിക്കുക. ആഹാരം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കാം.
  • ഭക്ഷണം സാവധാനം കഴിക്കുക. ഒരുപാട് ആഹാരം ഒരുമിച്ച് കഴിച്ചാല്‍ ഇത് ദഹനത്തെ സാരമായി ബാധിക്കുകയും ആസിഡ് ഉത്പാദനം കൂടാന്‍ കാരണമാവുകയും ചെയ്യും.

  •  ഭക്ഷണം കഴിച്ചയുടനുളള ഉറക്കം ഒഴിവാക്കുക. രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നതും ദഹനം വളരെ പതുക്കെയാകാന്‍ കാരണമാകും. അതുകൊണ്ട് അത്താഴത്തിന് ശേഷം അല്പം നടക്കാം. അതിനുശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ഉറക്കം ചിട്ടപ്പെടുത്താം.
  • അമിതമായ വണ്ണവും അസിഡിറ്റിയ്ക്ക് ഒരുകാരണമാണ്. അതിനാല്‍ തന്നെ ശരീരഭാരം കൃത്യമായി നിലനിര്‍ത്തുന്നതിനോടൊപ്പം വ്യായാമം പരിശീലിക്കുന്നതും അസിഡിറ്റി തടയാന്‍ സഹായിക്കും.
  • ചായയും കാപ്പിയും ലഹരി ഉത്പന്നങ്ങളും ഒഴിവാക്കുക.
  • ധാരാളം വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും ധാരാളം വെള്ളം കുടിക്കുക.

അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കള്‍: എള്ളെണ്ണ, സൂര്യകാന്തി എണ്ണ, ബാര്‍ളി, ചോളം, പച്ചക്കായ, ബീന്‍സ്, ഉരുളക്കിഴങ്ങ്, ബ്രെഡ്ഡ്, കേക്ക്, ചിക്കന്‍, ചോക്ക്ലേറ്റ്, കാപ്പി, മുട്ട, ആട്ടിറച്ചി, ഗ്രീന്‍പീസ്, സോയാബീന്‍, ഓട്ട്സ്, അരിയാഹാരം, ആല്‍മണ്ട് ഒഴികെയുള്ള പരിപ്പുവര്‍ഗം, പഞ്ചസാര, കടല്‍മത്സ്യം, ചായ, പാല്‍, വെണ്ണ മുതലായ പാല്‍ ഉത്പന്നങ്ങള്‍, മത്സ്യം, ബീഫ്, പോര്‍ക്ക്, മുയലിറച്ചി, ട്യൂണ, അണ്ടിപ്പരിപ്പ്, ആല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍, സ്പിരിറ്റുകള്‍, വൈന്‍ ഇവകള്‍, നൂഡില്‍സ്, സോഫ്റ്റ് ഡ്രിങ്കുകള്‍, രാസൗഷധങ്ങള്‍, കൃത്രിമ പഞ്ചസാരയായി ഉപയോഗിക്കുന്ന ന്യൂട്രാസ്വീറ്റ്  മുതലായവ ഒഴിവാക്കുക.

×