Advertisment

ആലുവ കൊലപാതകം ചുരുളഴിയുന്നോ?...മൃതദേഹം ചുറ്റികെട്ടാനുപയോഗിച്ച പുതപ്പ് വാങ്ങിയ കട കണ്ടെത്തി...പോലീസിനെ സഹായിച്ചത് പുതപ്പിലെ ബാര്‍കോഡ്...മലയാളികളായ സ്ത്രീയും പുരുഷനുമാണ് പുതപ്പ് വാങ്ങിച്ചതെന്ന് കടയുടമ...അവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും മൊഴി...പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: പെരിയാറില്‍ പൊങ്ങിയ മൃതദേഹവുമായി ബന്ധപ്പെട്ട നിര്‍്ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു. കേസില്‍ നിര്‍ണായക സൂചനയായി മൃതദേഹം പൊതിഞ്ഞ പുതപ്പിലെ ബാര്‍കോഡ്. പുതപ്പു വിറ്റ കട കണ്ടെത്തിയ പൊലീസ് കടയുടമയുടെ മൊഴിയെടുത്തു. യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയതിനു പിന്നില്‍ ഒരു സ്ത്രീയും പുരുഷനുമെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച രാത്രി കാറിലെത്തിയ മലയാളികളായ സ്ത്രീയും പുരുഷനുമാണ് പുതപ്പ് വാങ്ങിയതെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും കടയുടമ വ്യക്തമാക്കുന്നു.

Advertisment

publive-image

കഴിഞ്ഞ വ്യാഴം രാത്രി പുതപ്പ് വാങ്ങിയവരെക്കുറിച്ച് കടയുടമ അബ്ദുല്‍ അസീസിന്റെ മൊഴിയാണ് നിര്‍ണായകമായത്. വില്‍പനയ്ക്കുള്ള തുണികളുടെ ബാര്‍കോഡ് ലേബലില്‍ ഇതുപോലെ കടയുടമ തന്നെ പേന കൊണ്ട് വില രേഖപ്പെടുത്തും. ഇങ്ങനെ 240 രൂപയെന്ന നീല നിറത്തില്‍ എഴുതിയ പുതപ്പാണ് പെരിയാറില്‍ പൊങ്ങിയ മൃതദേഹത്തിനൊപ്പം കണ്ടെത്തിയത്. വാങ്ങാനെത്തിയവര്‍ ആദ്യമെടുത്ത പുതപ്പിനെക്കാള്‍ വലിയത് ചോദിച്ചുവാങ്ങിയെന്ന് കടയുടമ വെളിപ്പെടുത്തി.

കൊലപാതകത്തിനു പിന്നില്‍ പെണ്‍വാണിഭ സംഘത്തിനു ബന്ധമുണ്ടെന്ന സൂചനകളും പൊലീസ് മുന്നാട്ടുവയ്ക്കുന്നു. മൃതദേഹവുമായി പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍, മൃതദേഹത്തില്‍ കല്ലുകെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച പുതപ്പു വിറ്റ കട എന്നിവ കണ്ടെത്തി

ശാസ്ത്രീയ പരിശോധനയില്‍ മൃതദേഹത്തിന് അഞ്ചു ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നു വ്യക്തമായി. അതുകൊണ്ടു മൃതദേഹം ഒഴുകിവന്നതല്ലെന്നും മറ്റെവിടെ വച്ചോ കൊലപ്പെടുത്തിയശേഷം ഇവിടെ കൊണ്ടുവന്നു തള്ളിയതാകാമെന്നുമാണു നിഗമനം. 40 കിലോ ഭാരമുള്ള കല്ലുമായി മൃതദേഹം ഒഴുകിയെത്താനുള്ള സാധ്യത പൊലീസ് നേരത്തെ തള്ളിയിരുന്നു.

publive-image

വൈദിക സെമിനാരിയുടെ സ്വകാര്യ കുളിക്കടവായ ഇവിടെ പരിചയമുള്ളവര്‍ക്കേ എത്താനാവൂ. കുളിക്കാനെത്തിയ വൈദിക വിദ്യാര്‍ഥികളാണു മൃതദേഹം കണ്ടത്. ഇവരുടെ മൊഴിയെടുത്തു. ചൊവ്വാഴ്ച രാത്രി പെരിയാറില്‍ മൃതദേഹം പൊങ്ങിയപ്പോള്‍ തന്നെ കൊലപാതകമെന്ന നിഗമനത്തില്‍ എത്താന്‍ ആദ്യ കാരണം പൊതിഞ്ഞുകെട്ടിയിരുന്ന ഈ തുണിയാണ്. ഇത് തന്നെ ഇപ്പോള്‍ അന്വേഷണത്തില്‍ പ്രധാന വഴിത്തിരിവാകുന്നത്. വിലയടക്കംേരഖപ്പെടുത്തി ഇതില്‍ ഉണ്ടായിരുന്ന ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് കൊച്ചിയിലെ മൊത്തവില്‍പനശാല തിരിച്ചറിഞ്ഞ പൊലീസ്, ഒടുവില്‍ കളമശേരിയിലെ ചാലുങ്കല്‍ ടെക്‌സ്‌റ്റൈല്‍സില്‍ എത്തി.

ഇരുവര്‍ക്കും മുപ്പതിനും നാല്‍പ്പത്തഞ്ചിനും ഇടയില്‍ പ്രായംവരും. നല്ല മലയാളമാണ് സംസാരിച്ചത്. പെരുമാറ്റത്തില്‍ അസ്വാഭാവികമായൊന്നും തോന്നിയില്ലെന്നും ഇനിയും കണ്ടാല്‍ തിരിച്ചറിയാമെന്നും അബ്ദുല്‍ അസീസ് പൊലീസിന് മൊഴി നല്‍കി. ഇവരെത്തിയ കാര്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വാഹനം പോയ വഴികളില്‍ നിന്നുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

എറണാകുളത്തെ ഫ്‌ലാറ്റുകളിലേക്കും മറ്റും ഹോം നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനു സഹായിക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും പെണ്‍വാണിഭ സംഘങ്ങള്‍ കേന്ദ്രകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. അന്യ ജില്ലകളില്‍നിന്നോ ഇതര സംസ്ഥാനങ്ങളില്‍നിന്നോ ഇത്തരത്തില്‍ എത്തിച്ചവര്‍ ആരെങ്കിലുമാണോ മരിച്ചത് എന്നാണു പൊലീസ് സംശയിക്കുന്നത്.

മൃതദേഹം കല്ലില്‍ കെട്ടിത്താഴ്ത്തുന്നതിന് ഉപയോഗിച്ച പുതപ്പ് ഒരാഴ്ച മുന്‍പു കളമശേരിയിലെ കടയില്‍നിന്നു വാങ്ങിയതാണെന്നു സ്ഥിരീകരിച്ചതിനൊപ്പം അവിടുത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. രാത്രി വൈകി അടയ്ക്കുന്ന കടയിലെത്തിയ സ്ത്രീയും പുരുഷനുമാണു പുതപ്പ് വാങ്ങിയത്. രാത്രി പുതപ്പു വാങ്ങാന്‍ ഇറങ്ങിയ ഇവര്‍ കുറച്ചു മുന്നോട്ടു പോയപ്പോഴാണു തുറന്ന കട കണ്ടത്.

വാഹനം പിന്നോട്ടെടുത്തു വന്നാണു പുതപ്പു വാങ്ങാന്‍ ഇറങ്ങിയതെന്നു സിസിടിവി ദൃശ്യങ്ങളിലുണ്ട്. കൊച്ചിയിലെ വസ്ത്ര മൊത്തവ്യാപാര സ്ഥാപനങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം പൊതിയാന്‍ ഉപയോഗിച്ച ഡിസൈനുള്ള 860 പുതപ്പുകള്‍ ചെറുകിട കച്ചവടക്കാര്‍ വാങ്ങിയതായി കണ്ടെത്തി. ഇവരുടെ വിലാസം ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണു കളമശേരിയില്‍ രാത്രി വൈകി അടയ്ക്കുന്ന കടയില്‍ പൊലീസ് എത്തിയത്.

Advertisment