Advertisment

ജീവിത നിലവാരം തേടി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ചു;ജയിലിൽ കഴിയുന്നത് 2400 ഇന്ത്യക്കാർ

New Update

മികച്ച ജീവിത നിലവാരം തേടി അതിര്‍ത്തി കടന്ന് അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിന് 2400 ഇന്ത്യക്കാര്‍ അമേരിക്കന്‍ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. ഇവരില്‍ കൂടുതലും പഞ്ചാബികളാണ്. 86 ജയിലുകളിലായി ഇത്തരത്തില്‍ 2400 ഇന്ത്യക്കാരാണ് ശിക്ഷ അനുഭവിക്കുന്നതെന്ന് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ വ്യക്തമാക്കി. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരമാണ് എന്‍.എ.പി.എയ്ക്ക് കണക്കുകള്‍ ലഭിച്ചത്.

സ്വന്തം രാജ്യത്ത് അക്രമവും വേട്ടയാടലും നേരിടേണ്ടി വന്നതിനാലാണ് കുടിയേറേണ്ടി വന്നതെന്ന് അധികം പേരും പറഞ്ഞതായി എന്‍.എ.പി.എ പ്രസിഡന്റ് സത്‌നം.എസ്.ചാഹല്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. ഒക്ടോബര്‍ പത്ത് വരെയുള്ള കണക്കുകള്‍ പ്രകാരം കാലിഫോര്‍ണിയയിലെ അഡേലാന്റോ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോര്‍സ്‌മെന്റ് പ്രൊസസിങ് സെന്ററില്‍ നിന്ന് 377 ഇന്ത്യക്കാരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഇംപീരിയല്‍ റീജിയണല്‍ അഡള്‍ട്ട് ഡിറ്റന്‍ഷന്‍ ഫെസിലിറ്റിയില്‍ നിന്ന് 269 പേരെയും വിക്ടര്‍വില്ലയിലെ ഫെഡറല്‍ കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്ന് 245 പേരെയും വാഷിങ്ടണ്‍ സ്റ്റേറ്റിലെ ടകോമ ഐ.സി.ഇ. പ്രോസസിങ് സെന്ററില്‍ നിന്ന്് 115 പേരെയും അറസ്റ്റ് ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

Advertisment