ജിസാനില്‍ മിസൈല്‍ ആക്രമണത്തെ അപലപിച്ച് കുവൈറ്റ്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, August 10, 2018

കുവൈറ്റ് : സൗദിയിലെ ജിസാനു നേരെ ഹൂത്തി മിലീഷ്യകൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ യെമനി കൊല്ലപ്പെടുകയും പതിനൊന്നു സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ അപലപിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് . സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുലസ്സീസ് അല്‍ സാദിന് ഇതുസംബന്ധിച്ച അനുശോചന സന്ദേശം അമീര്‍ അയച്ചു.

കൊലപ്പെട്ട യമനിയുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അമീര്‍ അറിയിച്ചു.

യെമനിലെ അംറാൻ ഗവർണറേറ്റിൽ നിന്നാണ് ജിസാൻ ലക്ഷ്യമാക്കി ഹൂത്തികൾ മിസൈൽ തൊടുത്തുവിട്ടത്. ബുധനാഴ്ച രാത്രി 8.34 ന് ആണ് മിസൈൽ സഖ്യസേനയുടെ ശ്രദ്ധയിൽ പെട്ടത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി ആകാശത്തു വെച്ച് സഖ്യസേന പാട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ച് ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ തകർത്തു. തകർന്ന മിസൈൽ ഭാഗങ്ങൾ ജനവാസ മേഖലയിൽ ചിതറിത്തെറിച്ചാണ് ഒരാൾ മരണപ്പെടുകയും പതിനൊന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.

യു.എൻ രക്ഷാസമിതി 2216, 2231 നമ്പർ പ്രമേയങ്ങൾ വെല്ലുവിളിച്ചും ലംഘിച്ചും ഹൂത്തികൾക്ക് ഇറാൻ വിനാശകരമായ ആയുധങ്ങൾ നൽകുന്നത് തുടരുന്നതാണ് ജിസാനു നേരെയുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണം തെളിയിക്കുന്നത്.

×