‘തെരഞ്ഞെടുപ്പ് ഇറ്റലിയില്‍ നടക്കുന്നുണ്ടെന്ന് എനിക്ക് വാട്‌സാപ്പില്‍ ഒരു സന്ദേശം ലഭിച്ചു; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, March 4, 2018

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപിയുടെ വിജയത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തെരഞ്ഞെടുപ്പ് ഇറ്റലിയിലും നടക്കുന്നുണ്ടെന്നാണ് രാഹുലിന്റെ അസാന്നിധ്യത്തെ അമിത് ഷാ പരിഹസിച്ചത്. സംസ്ഥാനത്ത് ഒരു സീറ്റില്‍ പോലും മുന്നേറാന്‍ കഴിയാത്ത കോണ്‍ഗ്രസിന്റെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് രാഹുലിനെ അമിത് ഷാ പരിഹസിച്ചത്.

‘തെരഞ്ഞെടുപ്പ് ഇറ്റലിയില്‍ നടക്കുന്നുണ്ടെന്ന് എനിക്ക് വാട്‌സാപ്പില്‍ ഒരു സന്ദേശം ലഭിച്ചു’, അമിത് ഷാ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തന്റെ മുത്തശ്ശിക്ക് 93 തികയുകയാണെന്നും അതിനാല്‍ ഇത്തവണ ഹോളി അവരോടൊപ്പമാണെന്നും രാഹുല്‍ മാര്‍ച്ച് ഒന്നിന് ട്വീറ്റ് ചെയ്തിരുന്നു. ‘എന്റെ മുത്തശ്ശിക്ക് 93 വയസ്സാവുന്നു. ലോകത്തെ ഏറ്റവും ദയാലുവായ ആത്മാവിനുടമയാണ് അവര്‍. ഈ ഹോളി ആഴ്ച്ചയില്‍ ഞാന്‍ അവര്‍ക്ക് ഒരു സര്‍പ്രൈസ് സമ്മാനിക്കുകാണ്.അവര്‍ക്ക് ഒരു ആശ്ലേഷം നല്‍കാന്‍ ഇനി കാത്തിരിക്കുക വയ്യ. എല്ലാവര്‍ക്കും ഹോളി ആശംസകള്‍’ എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.

തെരഞ്ഞെടുപ്പിലെ തന്ത്രങ്ങളുടെ ചാണക്യനെന്ന് പറഞ്ഞ് കേന്ദ്ര മന്ത്രി ഗിരിരാജ് സിങും രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു. ഇന്ത്യയില്‍ നിന്ന് എപ്പോള്‍ ഓടണമെന്ന് അദ്ദേഹത്തിനറിയാം എന്ന് പറഞ്ഞു കൊണ്ടാണ് ഗിരിരാജ് സിങ് രാഹുലിനെ പരിഹസിച്ചത്.

×