ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് അമിത് ഷാ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, April 19, 2021

ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലും ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും അദ്ദേഹം അറിയിച്ചു.

ദേശീയ ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യവസായ സംഘടനകളെയും അറിയിച്ചിരുന്നു. പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിദിന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. മരണനിരക്ക് മുന്‍പത്തെ പോലെയില്ല. പ്രാദേശികമായ നിയന്ത്രണമോ, സംസ്ഥാന തല ലോക്ക്ഡൗണോ ഏതാണ് വേണ്ടതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്.

അതേസമയം രാജ്യം ഗുരുതര സാഹചര്യമാണ് നേരിടുന്നത്. ഛത്തീസ്‌ഗഡില്‍ 30 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി 13 ശതമാനമാണ്. സിറോ സര്‍വേയിലെ മുന്നറിയിപ്പ് അവഗണിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് വിമര്‍ശനം.

ഓരോ സംസ്ഥാനത്തും ഓക്സിജന്‍ ആവശ്യത്തിന് എത്തിക്കാനുള്ള ശ്രമം കേന്ദ്രം തുടങ്ങി. മധ്യപ്രദേശില്‍ ആറ് പേര്‍ ഓക്സിജന്‍ കിട്ടാതെ ഒരു ആശുപത്രിയില്‍ മരിച്ചെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. കരി‌ഞ്ചന്തകളില്‍ ഓക്സിജന്‍ സിലണ്ടറുകളുടെ വില്‍പന തടയാന്‍ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് സര്‍ക്കാരുകള്‍. കോവിഡ് ചികിത്സാ മരുന്നുകളുടെ ക്ഷാമം ഉത്തരേന്ത്യയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ജീവന്‍രക്ഷാ മരുന്നായ റെംദിവിറിന്റെ 90,000 ഡോസ് ചത്തീസ്ഗഢിന് കേന്ദ്രം നല്‍കും. അതേസമയം പുതിയ 20 പ്ലാന്റുകള്‍ വഴി പ്രതിദിനം ഒന്നര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ കുപ്പി മരുന്ന് ഉല്‍പ്പാദിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

മധ്യപ്രദേശ്, യുപി, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസ്റ്റിവിറ്റി ഉയരുകയാണ്. രോഗികളുടെ പ്രതിദിന വര്‍ധനവ് കുറവാണെങ്കിലും ബീഹാര്‍, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ മരണ നിരക്ക് കൂടുതലാണ്. പല സംസ്ഥാനങ്ങള്‍ താത്കാലിക ആശുപത്രികള്‍ തയ്യാറാക്കി ചികിത്സരംഗ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ്.

അതേസമയം 2,73,810 പേര്‍ക്കാണ് പുതിയതായി ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് ഓരോ ദിവസവും തിരുത്തപ്പെട്ടു കൊണ്ടിരിക്കുകയാണ്. കോവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 1,44,178 പേര്‍ രോഗമുക്തി നേടി.

നിലവില്‍ 19,29,329 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുണ്ട്. ഇന്ത്യയില്‍ ഇതുവരെ 1,50,61,919 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 1,29,53,821 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 1,78,769 പേര്‍ മരണപ്പെട്ടു. കോവിഡ് മൂലം 1,619 മരണങ്ങള്‍കൂടിയാണ് ഞായറാഴ്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

×