അനന്ദുകൊലക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍ : അനന്ദുവിന്റെ കൈകാലുകളിലെ മാംസം ഞരമ്പു സഹിതം അറുത്തെടുത്തെന്ന് വെളിപ്പെടുത്തല്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, March 15, 2019

തിരുവനന്തപുരം : തിരുവനന്തപുരം കരമന അനന്തു കൊലക്കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിലായി. കൈമനം സ്വദേശി ശരത് ആണ് പിടിയിലായത്. ചെന്നൈയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.

കേസില്‍ ആറുപേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.  കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അനീഷ്, വിഷ്ണു, ഹരി, വിനീത്, അഖില്‍, കുഞ്ഞുവാവ എന്നിവരാണ് അറസ്റ്റിലായത്.  പൂവാറിലെ ഒളിസങ്കേതത്തില്‍നിന്നാണ് ഇവരെ പിടികൂടിയത്.

അനന്തുവിന്റെ കൈകാലുകളിലെ ഞരമ്പ‌ു സഹിതം മാംസം മൃഗീയമായി അറുത്തെടുത്തെന്ന് സംഘം പൊലീസിനോട് വെളിപ്പെടുത്തി.   പ്രാവച്ചമ്പലം സ്വദേശിയായ വിഷ‌്ണുവാണ് കത്തി ഉപയോഗിച്ചു മാംസം അറുത്തെടുത്തത‌െന്നു പിടിയിലായവർ പൊലീസിന‌ു മൊഴി നൽകി.

ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അനന്തുവിനെ ഭീഷണിപ്പെടുത്തി സംഘം ബലമായി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയത്. കൈമനത്തു ദേശീയപാതയ്ക്കു സമീപം കാടുപിടിച്ചു കിടക്കുന്ന തോട്ടത്തിലെ പൊളിഞ്ഞ കെട്ടിടത്തിൽ മദ്യവും ലഹരിമരുന്നുമായി ഒത്തുചേർന്ന എട്ടംഗ സംഘമാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

എതിർസംഘത്തിലെ അനന്തു ദിവസവും കൈമനത്ത് ഒരു പെൺകുട്ടിയെ കാണാൻ വരാറുണ്ടെന്ന് അരുൺ ബാബു നൽകിയ വിവരമനുസരിച്ച് ഇവർ ബൈക്കുകളിൽ ഇവിടെയെത്തി. അനന്തു  ബൈക്ക് റോഡിൽ വച്ച് ഒരു ബേക്കറിയിലേക്ക് പോയപ്പോൾ വിഷ്ണു ആ ബൈക്കിൽ കയറി. അഭിലാഷും റോഷനും കൂടി അനന്തുവിനെ സൗഹൃദം നടിച്ചു കൂട്ടിക്കൊണ്ടുവന്നു ബലമായി ബൈക്കിൽ നടുവിലായി ഇരുത്തി. കണ്ടുനിന്ന ചിലർ തടയാൻ നോക്കിയപ്പോൾ വിരട്ടിയ ശേഷം ഇവർ സ്ഥലംവിട്ടു. നേരെ ഒളിസങ്കേതത്തിൽ എത്തിച്ച് ഇവർ സംഘം ചേർന്ന് അനന്തുവിനെ കൊലപ്പെടുത്തുകയായിരുന്നു.

 

×