ആന്ധ്രപ്രദേശില്‍ ഉമ്മന്‍ചാണ്ടി ‘കളി’ തുടങ്ങി ! പിണങ്ങിപ്പോയ മുഖ്യമന്ത്രി എന്‍ കിരണ്‍കുമാര്‍ റെഡ്ഡിയും പാര്‍ട്ടിയും കോണ്‍ഗ്രസിലേയ്ക്ക്

ജെ സി ജോസഫ്
Wednesday, June 27, 2018

ഹൈദരബാദ്: ആന്ധ്രപ്രദേശ് തിരിച്ചു പിടിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ നീക്കത്തിന് അനുകൂല പ്രതികരണം.

ഭിന്നിച്ചുനിന്ന വിവിധ വിഭാഗം കോണ്‍ഗ്രസ് ഗ്രൂപ്പുകളെ ഉമ്മന്‍ചാണ്ടി ഒന്നിപ്പിച്ചതോടെ സജീവമായി വരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയിലേയ്ക്ക് മടങ്ങിയെത്താന്‍ താല്പര്യം പ്രകടിപ്പിച്ചു മുന്നോട്ടുവന്നവരില്‍ അവിഭക്ത ആന്ധ്രപ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രി എന്‍ കിരണ്‍ കുമാര്‍ റെഡ്ഡിയും ഉള്‍പ്പെടുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ജയ് സമൈക്യ ആന്ധ്ര പാര്‍ട്ടിയുണ്ടാക്കി മത്സരിച്ചെങ്കിലും ആരും വിജയിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ സ്വന്തം പാര്‍ട്ടിയുമായി കോണ്‍ഗ്രസിലേയ്ക്ക് മടങ്ങിവരാനാണ് അദ്ദേഹത്തിന്‍റെ നീക്കം.

ഇതിന്‍റെ ഭാഗമായി മുന്‍ കേന്ദ്രമന്ത്രി പള്ളം രാജുവുമായുള്ള കൂടിക്കാഴ്ചയില്‍ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്ന് എന്‍ കിരണ്‍ കുമാര്‍ റെഡ്ഡി ആവശ്യപ്പെട്ടു.

മടങ്ങിവരവിന്റെ ഭാഗമായി വിവിധ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിവരുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍ഗ്രസ് എം.പി ടി സുബ്ബരാമി റെഡ്ഡിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വൈകാതെ അദ്ദേഹം ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ആന്ധ്ര പ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്. അതേസമയം വൈ എസ് ആര്‍ കോണ്‍ഗ്രസിനെ കോണ്‍ഗ്രസുമായി സഹകരിപ്പിക്കാനുള്ള നീക്കം ഉടന്‍ ഫലം കാണാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.

×