Advertisment

കുട്ടികളെ ഇടിച്ചു തെറിപ്പിക്കുന്നതു കണ്ടതിന്റെ മരവിപ്പ് ഇപ്പോഴും മാറിയിട്ടില്ല ; അപകടമുണ്ടായപ്പോള്‍ എല്ലാവരും ഓടി എന്റെയടുത്തേക്കാണ് ആദ്യം വന്നത് ; പെണ്‍കുട്ടികള്‍ ഇടിയേറ്റു തെറിച്ചു പോയത് ആദ്യമാരും അറിഞ്ഞില്ല, എനിക്കൊന്നും പറയാനും കഴിഞ്ഞില്ല ; പൂച്ചാക്കല്‍ അപകടത്തില്‍ വലതുകൈ ഒടിഞ്ഞ അനീഷ് പറയുന്നു

New Update

പൂച്ചാക്കൽ : ‘കുട്ടികളെ ഇടിച്ചു തെറിപ്പിക്കുന്നതു കണ്ടതിന്റെ മരവിപ്പ് ഇപ്പോഴും മാറിയിട്ടില്ല. അപകടമുണ്ടായപ്പോൾ എല്ലാവരും ഓടി എന്റെയടുത്തേക്കാണ് ആദ്യം വന്നത്. പെൺകുട്ടികൾ ഇടിയേറ്റു തെറിച്ചു പോയത് ആദ്യമാരും അറിഞ്ഞില്ല. എനിക്കൊന്നും പറയാനും കഴിഞ്ഞില്ല’ – ഒടിഞ്ഞ വലതുകൈ തടവി പാണാവള്ളി മാനാശേരി അനീഷ് (36)പറയുന്നു. തലയിലെ മുറിവു മറന്ന് മകൻ വേദവ് (4) ഓടിക്കളിക്കുന്നു.

Advertisment

publive-image

കഴിഞ്ഞ ദിവസം പൂച്ചാക്കൽ – പള്ളിവെളി റോഡിൽ കുതിച്ചു പാഞ്ഞ കാർ ആദ്യം ഇടിച്ചു വീഴ്ത്തിയത് അനീഷിനെയും മകനെയുമാണ്. അനീഷ് റോഡരികിൽ ബൈക്ക് നിർത്തി ഭാര്യ ബിനിയോടു മൊബൈൽ ഫോണിൽ സംസാരിക്കവെയാണ് അപകടം. അരികിലേക്കു ചേർന്നു വേഗത്തിലെത്തിയ കാർ വെട്ടിച്ചപ്പോൾ പിൻഭാഗമാണു ബൈക്കിൽ ഇടിച്ചത്. റോഡരികിലെ ക്രാഷ് ബാരിയറിൽ ബൈക്ക് കുടുങ്ങിപ്പോയി.

‘മൂന്നു പെൺകുട്ടികൾ നടന്നു വരുന്നതു ഞാൻ കണ്ടിരുന്നു. എന്റെ ബൈക്കിൽ ഇടിച്ച കാർ വേഗത്തിൽ എതിർവശത്തേക്കു പോകുന്നതു കണ്ടു. പിന്നെ കണ്ടത് അവർ ക്രാഷ് ബാരിയറിനും മതിലിനും മുകളിലൂടെ തെറിച്ചു പോകുന്നതാണ്.

കൽപ്പണിക്കാരനായ അനീഷ് ദേഹം വേദന കാരണം ചൊവ്വാഴ്ച ജോലിക്കു പോയിരുന്നില്ല. എൽകെജി വിദ്യാർഥിയായ വേദവിനെ ഉച്ചയ്ക്കു സ്കൂളിൽനിന്നു കൂട്ടി ബിനി ജോലി ചെയ്യുന്ന പൂച്ചാക്കലിലെ വസ്ത്രശാലയിലേക്കു പോകാൻ ഇറങ്ങിയതായിരുന്നു. മൂത്തമകൾ വൈഗ അഞ്ചാം ക്ലാസിലാണ്.

പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് എറണാകുളം ജനറൽ ആശുപത്രിയിലും അനീഷിനെ എത്തിച്ചിരുന്നു. തലയിൽ മുറിവുള്ളതിനാൽ രാത്രി 7 മണി വരെ വേദവ് അവിടെ നിരീക്ഷണത്തിലായിരുന്നു. കോവിഡ് മുൻകരുതലെന്ന നിലയിൽ അവിടെ നിന്നു പറഞ്ഞയച്ചു.

ഇന്നലെ ചേർത്തല ആശുപത്രിയിലാണു ചികിത്സ തേടിയത്. രോഗിയായ അമ്മയുടെ സംരക്ഷണം അനീഷിനാണ്. ലൈഫ് പദ്ധതിയിൽ കിട്ടിയ വീടിന്റെ പണി നടക്കുന്നു. പ്ലാസ്റ്റർ മാറ്റുന്നതുവരെ ജോലി ചെയ്യാനാവില്ലെന്ന വിഷമത്തിലാണ് അനീഷ്.

car accident students accident poochakkal accident
Advertisment