Advertisment

അഞ്ജന അതിജീവനത്തിന്റെ പ്രതീകം; ഭാവുകങ്ങൾ നേർന്ന് കെ.സി വേണുഗോപാൽ എം പി

New Update

publive-image

Advertisment

ചെയ്യുന്ന തൊഴിലിന്റെ വലുപ്പച്ചെറുപ്പം നോക്കാതെ ‌തൊഴിലെടുക്കുന്നതിൽ അന്തസ്സ് കാണാൻ കഴിയുന്നതാണ് മഹത്തരമെന്ന് അഞ്ജനയെക്കുറിച്ച് കെ.സി.വേണുഗോപാൽ എം.പി. പഠനത്തിനൊപ്പം അദ്ധ്യാപനവും മൃഗപരിപാലനവും മത്സ്യവിൽപ്പനയും പാട്ടും അഭിനയവുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന ചേർത്തല നഗരസഭ ഒൻപതാം വാർഡ് പഴയാട്ടുനികർത്തിൽ സുരേന്ദ്രൻ-ഉഷ ദമ്പതികളുടെ മകളായ 22-കാരിയെക്കുറിച്ച്കെ.സി.വേണുഗോപാൽ ഫെയ്സ് ബുക്കിൽ കുറിച്ചു.

കേട്ടറിഞ്ഞപ്പോഴും ഒരു 22-കാരിയിൽ ഇത്രമാത്രം പക്വത പ്രതീക്ഷിച്ചില്ല. വാഹനാപകടത്തിൽ കാലിന് ഒടിവ് സംഭവിച്ചത് അറിഞ്ഞിരുന്നു. സന്ദർശനം വൈകിപ്പിക്കരുതെന്ന് തീരുമാനമെടുത്തതും അപ്പോഴാണ്. വീഴ്‌ചകളൊന്നും അഞ്ജനയെ തളർത്തിയിട്ടില്ല. അത്രമേൽ പ്രസന്നമായിരുന്നു സംസാരം. പ്രതിസന്ധികളിലൊന്നും തളരാതെ, വിധിയെ പഴിക്കാതെ നാഗ്‌പൂർ സർവ്വകലാശാലയിൽ പഠിക്കുന്ന അഞ്ജനയുടെ വാക്കുകളിലെ അഗ്നിയും നിശ്ചയദാർഢ്യവും എനിക്ക് നേരിട്ട് അറിയാൻ സാധിച്ചു.

ജീവിതത്തിന് മുന്നിൽ തോറ്റുകൊടുക്കാനില്ലെന്ന വാശിയാണ് ആ പെൺകുട്ടിയെ മുന്നോട്ട് നയിക്കുന്നത്.പഠനം സ്വന്തം ചെലവിൽ, ഒപ്പം കുടുംബത്തിനും തണലാകുന്നു. നമ്മുടെ കുഞ്ഞുങ്ങൾ നമുക്ക് തന്നെ മാതൃകയാകുന്ന കാഴ്‌ച. ഒരുപാട് സന്തോഷം തോന്നുന്നു; ഒപ്പം അഭിമാനവും.

പ്രതിസന്ധികളിൽ തളർന്ന് ആത്മഹത്യയിൽ അഭയം തേടുന്നവരുടെ എണ്ണം വർധിച്ച് വരുന്ന ഈ കാലഘട്ടത്തിൽ, പിന്തിരിഞ്ഞോടാൻ ശ്രമിക്കാതെ അവയോട് പൊരുതി മുന്നേറി വിജയം കണ്ടെത്തുന്ന അഞ്ജന അതിജീവനത്തിന്റെ പ്രതീകമാണ്. കരുത്തോടെ ജീവിതത്തെ സമീപിക്കുന്ന ഈ പെൺകുട്ടി യുവതലമുറയ്‌‌ക്കും സമൂഹത്തിനൊന്നാകെയും മാതൃകയാകട്ടെ.. പ്രതീക്ഷ നൽകട്ടെ. മുന്നോട്ടുള്ള യാത്രയ്‌ക്ക് പ്രിയ സഹോദരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

Advertisment