Advertisment

ഹെർപ്പസിന് പിന്നാലെ ആന്ത്രാക്‌സ്: അട്ടപ്പാടിയിലെ കാട്ടാന, രോഗം ബാധിച്ച് ചരിഞ്ഞ നിലയിൽ

New Update

publive-image

Advertisment

കോയമ്പത്തൂർ: കേരള-തമിഴ്‌നാട് അതിർത്തിയിൽ ചരിഞ്ഞ കാട്ടാനയ്ക്ക് ആന്ത്രാക്‌സ് സ്ഥിരീകരിച്ചു. ആനക്കട്ടി കളവായി ഭാഗത്ത് ചരിഞ്ഞ ആനക്കാണ് രോഗം സ്ഥിരീകരിച്ചത്. 12 വയസ് പ്രായം വരുന്ന കാട്ടാനയെ കഴിഞ്ഞ ദിവസമാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

തമിഴ്‌നാട് മൃഗസംരക്ഷണ വകുപ്പ് ആനയുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. വായിൽ രക്തം കണ്ടപ്പോൾ തന്നെ ആന്ത്രാക്‌സ് ആണെന്ന് വനപാലകരും ഡോക്ടർമാരും സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സാംപിളുകൾ പരിശോധനയ്ക്കയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ ആന്ത്രാക്‌സ് ബാധിച്ച് കോയമ്പത്തൂർ ഡിവിഷനിൽ മാത്രം നാല് ആനകളാണ് ചരിഞ്ഞതെന്ന് വനംവകുപ്പ് അറിയിച്ചു.

ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗബാധയാണ് ആന്ത്രാക്‌സ്. പനി, ശ്വാസം മുട്ടൽ, വിറയൽ, മൂക്കിൽ നിന്നും നീരൊലിപ്പ്, തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ചോരകലർന്ന മൂത്രമായിരിക്കും. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് മണിക്കൂറുകൾക്കകം മരണവും ഉണ്ടാകും.

കഴിഞ്ഞ ദിവസം കോട്ടൂർ ആന വളർത്തൽ കേന്ദ്രത്തിലെ ആനകളിൽ ഹെർപ്പസ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഹെർപ്പസ് ബാധിച്ച് രണ്ട് ആനകളാണ് ഇവിടെ ചരിഞ്ഞത്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂർവ്വ വൈറസായ ഹെർപ്പസ് ആണ് കോട്ടൂർ ആനപരിപാലന കേന്ദ്രത്തിൽ വ്യാപിച്ചത്.

NEWS
Advertisment