Advertisment

യമനിൽ അറബ് സഖ്യസേന  വെടിനിർത്തൽ  പ്രഖ്യാപിച്ചു. 

New Update
ജിദ്ദ: വർഷങ്ങളായി ആഭ്യന്തര യുദ്ധം അരങ്ങേറുന്ന യമനിൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചു. രണ്ടാഴ്ചക്കാലത്തേക്കുള്ള വെടിനിർത്തൽ, ആവശ്യമെന്ന് തെളിഞ്ഞാൽ പിന്നെയും നീട്ടുമെന്നും ഇക്കാര്യം പ്രഖ്യാപിച്ചു കൊണ്ട് സഖ്യസേനാ ഔദ്യോഗിക വക്താവ് കേണൽ തുർക്കി അൽമാലിക്കി അറിയിച്ചു. വ്യാഴാഴ്ച നട്ടുച്ച മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും.

publive-image

യമനിലെ നിയമാനുസൃത സർക്കാരിനെ മറിച്ചിടാൻ ഇറാൻ അനുകൂല വിമത വിഭാഗമായ സായുധ ഹൂഥി കലാപകാരികൾ ഇറങ്ങിതിരിച്ചതിനെ തുടർന്നാണ് ദരിദ്ര അറബ് രാജ്യത്ത് അശാന്തി രൂപപ്പെട്ടത്. നിയമാനുസൃത സർക്കാരിന്റെ സഹായാഭ്യർത്ഥന പ്രകാരം സൗദി, യു എ ഇ തുടങ്ങിയ പ്രമുഖ അറബ് രാഷ്ട്രങ്ങൾ ഒന്നിച്ചു ചേർന്ന് യമനിൽ സായുധ നീക്കങ്ങൾ നടത്താൻ നിർബന്ധിതരാവുകയായിരുന്നു.

അറബ് സഖ്യസേനയുടെ വെടിനിർത്തൽ പ്രഖ്യാപനത്തോട് വിമതരായ ഹൂഥി കലാപകാരികൾ എടുക്കുന്ന നിലപാടിനെയും പ്രതികരണത്തെയും ആശ്രയിച്ചിരിക്കുന്നു യമനിലെ ശാശ്വത സമാധാനം.

യമനിലേക്കുള്ള ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി മാർട്ടിൻ ഗ്രിഫിത്ത്സ് കൊറോണാ വൈറസ് വ്യാപന ഭീഷണിയുടെ പശ്ചാത്തലതിൽ യമനിൽ വെടിനിർത്തലിന് ആഹ്വാനം നടത്തിയിരുന്നു. ഇതിന് യമനിലെ നിയമാനുസൃത സർക്കാർ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അറബ് സഖ്യസേനാ നേതൃത്വമാകട്ടെ, യമൻ സർക്കാർ എടുക്കുന്ന എന്ത് തീരുമാനവും അംഗീകരിക്കുമെന്ന് മാർച്ച് 25 ന് തന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് സഖ്യസേന ബുധനാഴ്ച നടത്തിയിരിക്കുന്ന വെടിനിർത്തൽ പ്രഖ്യാപനം.

ഐക്യരാഷ്ട്ര സഭാ സാരഥി നടത്തി കൊണ്ടിരിക്കുന്ന സമ്പൂർണ സമാധാന നീക്കത്തിന് സഹായകര മായ സാഹചര്യം സൃഷ്ടിക്കുക, കലാപത്തിൽ ദുരിതമനുഭവിക്കുന്ന യമൻ ജനതയ്ക്ക് ആശ്വാസം പകരുക, കൊറോണാ വ്യാപന ഭീഷണിയെ നേരിടുന്നതിനുള്ള പിന്തുണ തുടങ്ങിയ മഹത്തായ കാര്യങ്ങൾക്കായാണ് തങ്ങളുടെ വെടിനിർത്തൽ പ്രഖ്യാപനമെന്ന് കേണൽ മാലികി വിശദീകരിച്ചു. സഖ്യസേനയുടെ പ്രഖ്യാപനത്തിൽ ആഗോള തലത്തിലുള്ള വ്യാപകമായ പിന്തുണയും അനുമോദനവുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

Advertisment