കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് ; കേരളത്തില്‍ നിന്നും ടോം വടക്കന് പിന്നാലെ ബിജെപിയിലെത്തിയത് ഹരിയാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അരവിന്ദ് കുമാര്‍ ശര്‍മ്മ ; പാര്‍ട്ടി വിട്ടത് രണ്ട് തവണ എംപിയായ നേതാവ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, March 15, 2019

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക്. അവസാനമായി ബിജെപിയിലെത്തിയത് ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ അരവിന്ദ് കുമാര്‍ ശര്‍മ്മയാണ്.

കാര്‍നല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ തെരഞ്ഞടുക്കപ്പെട്ട എംപിയാണ് അരവിന്ദ് കുമാര്‍ ശര്‍മ. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ ബിജെപി പ്രവേശം.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ വക്താവും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായി ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയപ്പോള്‍ മാധ്യമവിഭാഗം രൂപീകരിക്കാന്‍ മുന്നില്‍നിന്നതു ടോം വടക്കനായിരുന്നു. പുല്‍വാമ ആക്രമണത്തിലെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചാണ് നടപടി.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടിലിന്റെ മകന്‍ സുജയ് വിഖെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.  മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെയും മുതിര്‍ന്ന ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിലാണ് സുജയ് വിഖെ പാട്ടില്‍ ബിജെപിയില്‍ ചേര്‍ന്നത്. അഹമ്മദ് നഗര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ആകാത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

×