Advertisment

കരിപ്പൂരിലേത് വൻവിമാനദുരന്തമാണെന്ന് റിപ്പോർട്ട് ; മംഗലാപുരത്തെ ദുരന്തത്തിന് സമാനമായ അപകടം: കരിപ്പൂരിലേത് ടേബിൾടോപ്പ് വിമാനത്താവളം: അപകടത്തിൽപ്പെട്ടത് വന്ദേഭാരത് മിഷനിൽപ്പെട്ട വിമാനം

New Update

കോഴിക്കോട്: കരിപ്പൂരിലേത് വൻവിമാനദുരന്തമാണെന്ന് പ്രാഥമികവിവരം. മംഗലാപുരത്തെ ദുരന്തത്തിന് സമാനമായ അപകടമാണ് കരിപ്പൂരിലും ഉണ്ടായിരിക്കുന്നത്. മംഗലാപുരത്തേത് പോലെ ടേബിൾ ടോപ്പ് വിമാനത്താവളമാണ് കരിപ്പൂരിലുമുള്ളത്. കനത്ത മഴയായതിനാൽ റൺവേയിലേക്ക് കയറിയെന്ന് കരുതി പൈലറ്റ് മുന്നോട്ട് പോകവേ, റൺവേയിൽ നിന്ന് തെന്നിമാറി വിമാനം മതിലിൽ ഇടിച്ച് താഴേക്ക് മറിഞ്ഞ് രണ്ടായി പിളർന്നുവെന്നാണ് വിവരം.

Advertisment

publive-image

കനത്ത മഴയാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതിൽ 174 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പത്ത് കുട്ടികളും ഉണ്ടായിരുന്നു. 6 ക്രൂ അംഗങ്ങളുണ്ടായിരുന്നു എന്നും എയർ ഇന്ത്യ വ്യക്തമാക്കുന്നു. വന്ദേഭാരത് മിഷനിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. ക്യാപ്റ്റൻ ദീപക് വസന്ത് സാഥെ, ക്യാപ്റ്റൻ അഖിലേഷ് എന്നിവരാണ് വിമാനം ഓടിച്ചിരുന്നത് എന്നാണ് വിവരം. പൈലറ്റ് ദീപക് സാഥെയും മരിച്ചു. സഹപൈലറ്റ് അഖിലേഷിന് സാരമായ പരിക്കേറ്റുവെന്നും വിവരമുണ്ട്. പൈലറ്റിനെ പുറത്തെടുക്കുമ്പോൾ തന്നെ ബോധം ഇല്ലായിരുന്നു എന്ന് രക്ഷാപ്രവർത്തകർ പറയുന്നു.

ടേബിൾടോപ്പ് വിമാനത്താവളം - അഥവാ - രണ്ട് ഭാഗത്തും ആഴത്തിലുള്ള ഗർത്തങ്ങളുള്ള വിമാനത്താവളമാണ് കരിപ്പൂരിലേത് എന്നത് റൺവേയിൽ നിന്ന് തെന്നിമാറിയതിലെ ദുരന്തസാധ്യത കൂട്ടി. വളരെ വൈദഗ്ധ്യത്തോടെ വിമാനമിറക്കേണ്ട സ്ഥലമാണ് കരിപ്പൂർ വിമാനത്താവളം. രാത്രിയായതും പ്രതികൂല കാലാവസ്ഥയായതും ദുരന്തത്തിൻറെ വ്യാപ്തി കൂട്ടി.

 

മേശപ്പുറം പോലുള്ള റൺവേ ആണ് എന്നതിനാലാണ് ഇതിനെ ടേബിൾ ടോപ്പ് വിമാനത്താവളം എന്ന് പറയാൻ കാരണം. കുന്നിൻപരപ്പിൽ സ്ഥിതിചെയ്യുന്ന ഇത്തരം റൺവേകൾക്കും ചുറ്റും താഴ്ചയുള്ള സ്ഥലമായിരിക്കും. അൽപ്പം തെറ്റിയാൽ മേശപ്പുറത്തുനിന്നു വീഴുമ്പോലെ താഴേക്ക് പതിക്കും. ഒപ്റ്റിൽക്കൽ ഇല്ല്യൂഷന്റെ തീവ്രതയുണ്ടാവുമെന്നതിനാൽ വിമാനം നിലത്തിറങ്ങുന്ന സമയത്ത് പൈലറ്റിന്റെ ഭാഗത്തുനിന്നും തികഞ്ഞ ശ്രദ്ധ ആവശ്യമുണ്ട്. ഇന്ത്യയിൽ മംഗലാപുരം, കോഴിക്കോട്, മിസോറാമിലെ ലെങ്പൊയി എന്നിവിടങ്ങളിൽ മാത്രമാണ് ഇത്തരത്തിലുള്ള വിമാനത്താവളങ്ങളുള്ളത്.

Advertisment