കൊച്ചിയില്‍ ഡിസിസിക്ക് മുന്നില്‍ റീത്തും ശവപ്പെട്ടിയും വെച്ചവര്‍ അറസ്റ്റില്‍; പിടിയിലായത് മൂന്ന് കെഎസ്‌യു സംസ്ഥാന നേതാക്കള്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, June 13, 2018

കൊച്ചിയില്‍ ഡിസിസിക്ക് മുന്നില്‍ റീത്തും ശവപ്പെട്ടിയും വെച്ചവര്‍ അറസ്റ്റില്‍. മൂന്ന് കെഎസ്‌യു സംസ്ഥാന നേതാക്കളാണ് അറസ്റ്റിലായത്. അനൂപ് ഇട്ടന്‍, ഷബീര്‍ മുട്ടം തുടങ്ങിയ നേതാക്കളാണ് പിടിയിലായത്. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെയായിരുന്നു ഇവരുടെ പ്രതിഷേധം.

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്കിയതിനെതിരെയായിരുന്നു എറണാകുളം ഡി.സി.സി ഓഫിസിനു മുന്നില്‍ റീത്തും ശവപ്പെട്ടിയും വച്ച് പ്രതിഷേധം നടത്തിയത്. ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പേരിലാണ് റീത്തും ശവപ്പെട്ടിയും വെച്ചത്. ശവപ്പെട്ടിക്ക് സമീപം കരിങ്കൊടിയും വെച്ചിരുന്നു.

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയെ ഒറ്റുകൊടുത്ത യൂദാസുമാരാണെന്നും പ്രവര്‍ത്തകരുടെ മനസ്സില്‍ നിങ്ങള്‍ മരിച്ചുവെന്നും എഴുതി പോസ്റ്ററും ഡിസിസി ഓഫീസിന് മുന്നില്‍ വെച്ചിരുന്നു. സംഭവം അറിഞ്ഞ് ഡിസിസി നേതൃത്വം ശവപ്പെട്ടിയും റീത്തും പോസ്റ്ററും എടുത്തുമാറ്റുകയായിരുന്നു. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ ജില്ലയിലെ നേതാക്കള്‍ ഉള്‍പ്പെടെ പരസ്യമായി രംഗത്തെത്തിയിരുന്നു.

×