Advertisment

കുഞ്ഞു ജനിച്ചാൽ ഉപേക്ഷിക്കാമെന്ന ധാരണയിൽ ഒരുമിച്ചു; പ്രസവശേഷം നവജാതശിശുവിനെ ഉപേക്ഷിച്ച ദമ്പതികൾ അറസ്റ്റിൽ

New Update

ഇടുക്കി: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. ഞായറാഴ്ച രാവിലെ 11.30നു ഇടുക്കി വെള്ളിയാമറ്റം പന്നിമറ്റത്തുള്ള ഇമ്മാനുവേൽ ചിൽഡ്രൻസ് ഹോമിന്റെ വരാന്തയിലാണു പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം അയർക്കുന്നം മേത്തുരുത്തിൽ അമൽകുമാർ (31), ഭാര്യ അപർണ (26) എന്നിവരെയാണു കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ;

കുടുംബവഴക്കിനെത്തുടർന്ന് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇവർക്കു രണ്ടു വയസ്സുള്ള മറ്റൊരു കുട്ടിയുണ്ട്. കുഞ്ഞു ജനിച്ചാൽ ഉപേക്ഷിക്കാമെന്ന ധാരണയിൽ ഇവർ വീണ്ടും ഒരുമിച്ചു. ഇതിനിടെ യുവതി ഗർഭിണിയായി. ഞായറാഴ്ച പുലർച്ചെ അപർണയ്ക്കു പ്രസവ വേദനയുണ്ടായി.

സുഹൃത്തിന്റെ വാഹനമെടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി വാഹനത്തിൽ തന്നെ അപർണ പ്രസവിച്ചു. തുടർന്നു പന്നിമറ്റത്തെ അനാഥാലയത്തിനു മുന്നിലെത്തിയ ഇവർ കുട്ടിയെ വരാന്തയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. നെല്ലാപ്പാറയിലെത്തി വണ്ടിയിലെ രക്തം കഴുകിക്കളഞ്ഞു വസ്ത്രം മാറി വീട്ടിലേക്കു മടങ്ങുകയും ചെയ്തു.

ഞായറാഴ്ച കുട്ടിയെ കണ്ടെത്തിയതോടെ സിസിടിവിയിൽ നിന്ന് ഇതുവഴി കടന്നുപോയ വാഹനങ്ങളെക്കുറിച്ച് അന്വേഷിച്ചു. ഞായറാഴ്ച രാത്രി കാഞ്ഞാർ പൊലീസ് കോട്ടയത്തെത്തി വാഹന ഉടമയെ കണ്ടെത്തി. അമൽകുമാറിനെയും അപർണയെയും രാത്രി കസ്റ്റഡിയിലെടുത്തു. അപർണയെ പൊലീസ് നിരീക്ഷണത്തിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമൽകുമാറിനെ കോടതിയിൽ ഹാജരാക്കി. കാഞ്ഞാർ എസ്‌ഐ പി.ടി.ബിജോയി, ഇസ്മായിൽ, എഎസ്‌ഐ ഉബൈസ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാജഹാൻ, അശ്വതി, കെ.കെ.ബിജു, ജോയി, അനസ്, ബിജു ജോർജ് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.

new born baby
Advertisment