Advertisment

ഈ കൊച്ചു കേരളത്തിൽ പാറകൾ ഇല്ല, പുഴകളിൽ മണലില്ല, കുന്നുകളിൽ മണ്ണില്ല, നികത്താൻ പാടങ്ങളില്ല, ഇത്ര മഴ പെയ്തിട്ടും കിണറുകളിൽ വെള്ളവുമില്ല. ഈ അവസ്ഥയിൽ ക്വാറികള്‍ക്ക് തീർച്ചയായും നിയന്ത്രണമേർപ്പെടുത്തിയ പറ്റൂ... ഇനി നമ്മൾ സൃഷ്ടിക്കേണ്ടത് പുതിയ കേരളമാണ് - ലേഖനം

New Update

-അരുൺ തഥാഗത്

Advertisment

publive-image

കാട്ടിൽ ഉരുൾപൊട്ടലും പ്രളയവും ഉണ്ടാകുന്നില്ലേ? ക്വാറികകളില്ലാത്ത കാട്ടിൽ പോലും ഈ മഴയത്ത് പ്രളയം ഉണ്ടായല്ലോ, പിന്നെന്തിനാണ് അനധികൃത നിർമാണങ്ങളും ക്വാറികളും നിയന്ത്രിക്കണമെന്ന് നിങ്ങൾ പറയുന്നത്? അതുകൊണ്ട് തന്നെയാണ് പറയുന്നത് ക്വാറികളും മണ്ണെടുപ്പും നിയന്ത്രിക്കണമെന്ന്. അതെ, പശ്ചിമഘട്ടം ദുർബ്ബല പ്രദേശമാണെന്ന് വേറെ തെളിവെന്തിന്ന്?

തലങ്ങും വിലങ്ങും ക്വാറികൾ കൂടിയായപ്പോൾ പ്രളയവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വളരെക്കൂടുന്നു. കാരണം ഒരു പാറ നീക്കുമ്പോൾ അതിനു ചുറ്റുമുള്ള മണ്ണിളകി മണ്ണിടിച്ചിലിനും, മണ്ണിൽ വെള്ളം പിടിച്ചു നിർത്താതെ പിടിച്ചു നിൽക്കാതെ മണ്ണൊലിപ്പിനും വെള്ളപ്പൊക്കത്തിനും ഇടയാക്കി.

ക്വാറിയിൽ നടക്കുന്ന ഓരോ സ്ഫോടനങ്ങളും കുലുക്കങ്ങളും അനുരണനങ്ങളും ഇതിൻറെ സാധ്യത വർധിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഇടിഞ്ഞു വീഴാറായ കെട്ടിടം ചെറിയ കുലുക്കത്തിൽ മറിയുന്നത് പോലെ.

അതൊഴിവാക്കാൻ രണ്ടേ രണ്ട് കാര്യമേ ചെയ്യാനാകൂ.

1) കെട്ടിടം ശക്തമാക്കുക.

2) കെട്ടിടത്തെ ബാധിക്കുന്ന കുലുക്കങ്ങൾ ഒഴിവാക്കുക.അല്ലെങ്കിൽ കെട്ടിടത്തെ ഉപേക്ഷിച്ച് ഒഴിഞ്ഞ് പോരുക.പശ്ചിമഘട്ടത്തെ ശക്തമാക്കിയാലേ ഇനിയവിടെ അതുണ്ടാകൂ,

അതുണ്ടെങ്കിലേ നമുക്ക് പച്ചക്കറിയും വായുവും വെള്ളവും ശുദ്ധവായുവും മുതൽ മഴയും എന്തിനേറെ നമ്മുടെ പാടശേഖരങ്ങളുടെ ഫലഭൂയിഷ്ഠിയും നിലനിൽക്കൂ.

പശ്ചിമഘട്ടത്തെ ഇനിയും ശക്തമാക്കിയില്ലെങ്കിലും ഇനിയും നശിപ്പിക്കല്ലേ!

അപ്പോൾ നിങ്ങൾ പറയുന്നത് പശ്ചിമഘട്ട നിവാസികൾക്ക് മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണോ?

നോക്കൂ, പശ്ചിമഘട്ട മല്ലാത്തയിടങ്ങളിൽ നിലവിൽത്തന്നെ അത്യാവശ്യം നിയന്ത്രണങ്ങൾ വന്നു കഴിഞ്ഞു (നിയമം നടപ്പിലാക്കപ്പെടുന്നില്ല എന്നത് വേറെ കാര്യം). തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം പാടങ്ങൾ നികത്താനാവില്ല, നിർമ്മാണങ്ങൾ നടക്കില്ല, തീരദേശ സംരക്ഷണ നിയമപ്രകാരം കടലോരത്തും ശക്തമായ നിർമ്മാണ നിയന്ത്രണങ്ങളുണ്ട്.

അത് പോലെ പശ്ചിമഘട്ടത്തിലും ചില നിയന്ത്രണങ്ങൾ വരുന്നു എന്ന് മാത്രം (ഇതൊക്കെ പാവപ്പെട്ടവന് മാത്രമാണ് ബാധകം എന്ന സ്ഥിരം പരിപാടി ഇനി നടക്കില്ല, ഇനി എവിടെ പാടം നികത്തിയാലും പുഴയും കടൽത്തീരവും ഏത് മുതലാളി കയ്യേറിയാലും കേരളത്തിന്റെ പുത്തൻ സൈന്യം മത്സ്യത്തൊഴിലാളികളും യുവാക്കളും നേരിടും. ഇനിയും എന്ത് തോന്ന്യാസവും പോക്രിത്തരവും ഇവിടെ നടക്കില്ല).

അപ്പോൾ നിങ്ങൾ പറയുന്നത് ക്വാറികളും ഒന്നും വേണ്ട എന്നാണോ അങ്ങനെയാണെങ്കിൽ ഈ നാട്ടിലെ വീടുകളും വികസനപ്രവർത്തനങ്ങൾക്കും ആവശ്യമായ കരിങ്കല്ലും മറ്റും മെറ്റീരിയലുകളും എവിടെ നിന്ന് കിട്ടും ?

വികസനം വേണ്ട എന്നോ ആളുകൾക്ക് വീടുകൾ വേണ്ട എന്ന് ഒരു പരിസ്ഥിതി പ്രവർത്തകരും ഒരു പ്രകൃതിസ്നേഹികളും ഒരാളും പറയുന്നില്ല. നിലവിൽ അടച്ചു പൂട്ടപ്പെട്ട 12 ലക്ഷത്തോളം വീടുകളാണ് കൊച്ചുകേരളത്തിൽ മാത്രം ഉള്ളത്. ഭവന രഹിതരുടെ എണ്ണം പത്തു ലക്ഷമോ മറ്റോ മാത്രം.

എറണാകുളത്തും കോഴിക്കോടും കേരളത്തിലെ എല്ലാ നഗരങ്ങളിലും പിന്നെ മൂന്നാറിലും വയനാട്ടിലും കൂടാതെ ബാംഗ്ലൂരിലും എല്ലാം ഒരേ വ്യക്തിക്ക് തന്നെ വീടുകളും സ്ഥലങ്ങളും ഉള്ള ആയിരങ്ങളെ കാണാം,

അവരോ വിദേശത്ത് ജോലി ചെയ്യുകയും ആയിരിക്കും. ഈ വീടുകൾ നിർമ്മിക്കാനായി എടുത്ത് പ്രകൃതിവിഭവങ്ങൾ എന്നത് തികച്ചും അനാവശ്യമായി ധൂർത്തടിക്കപ്പെട്ടിരിക്കുകയാണ്. അതുപോലെ നിലവിൽ ഉള്ള ഓരോ വീടുകളും നോക്കുക രണ്ടോ നാലോ പേർക്ക് വേണ്ടിയാണ് 2000 മുതൽ 30,000 സ്ക്വയർ ഫീറ്റ് വരെ ഉള്ള വീടുകൾ നിർമ്മിച്ചിരിക്കുന്നത്.

ഈ വീടുകളുടെ ഒന്നും പത്തിൽ ഒരംശം പോലും ഒരിക്കലും ഉപയോഗിക്കുന്നതേയില്ല. ബാക്കി ഭാഗങ്ങൾ അടച്ച് പൂട്ടി ഉപയോഗിക്കാതെ മാറ്റിയിരിക്കുന്നു. ഏറ്റവും കൂടുതൽ ക്വാറികളുള്ള പത്തനംതിട്ട മേഖലകളിലേക്ക് ചെന്നാൽ പടുകൂറ്റൻ വീടുകൾ ധാരാളമായി ആളില്ലാതെ കിടക്കുന്നതും അഥവാ ആളുണ്ടെങ്കിൽ അത് പ്രായമായ അപ്പൂപ്പനോ അമ്മച്ചിയോ മാത്രമായിരിക്കും. വീടിൻറെ ഉടമസ്ഥർ യൂറോപ്യൻ രാജ്യങ്ങളിൽ ആയിരിക്കും .

പല വിദേശ രാജ്യങ്ങളിലും വീട് എന്നത് ആറുമാസത്തിലേറെ അടച്ചിടാൻ അനുവദനീയമല്ല, അങ്ങനെ വന്നാൽ അത് ഭവനരഹിതർക്ക് കൈമാറും. പണം നിങ്ങളുടേതാകാം, വിഭവങ്ങൾ സമൂഹത്തിന്റേതാണ്. കാരണം വിഭവങ്ങൾ അനിയന്ത്രിതമായി തീർന്നുകൊണ്ടിരിക്കുന്ന ഒന്നാണ്.

ഇനിയും ഈ കൊച്ചു കേരളത്തിൽ, പാറകൾ ഇല്ല, പുഴകളിൽ മണലില്ല, കുന്നുകളിൽ മണ്ണില്ല, നികത്താൻ പാടങ്ങളില്ല, ഇത്ര മഴ പെയ്തിട്ടും കിണറുകളിൽ വെള്ളവുമില്ല. ഈ അവസ്ഥയിൽ തീർച്ചയായും നിയന്ത്രണമേർപ്പെടുത്തിയ പറ്റൂ,

ഇതിനർത്ഥം എല്ലാം ക്വാറികളും അടച്ചുപൂട്ടണമെന്നല്ല

ഏതോ ഗുണ്ടാ മുതലാളിക്ക് ആരെയൊക്കെയോ സ്വാധീനിച്ചോ ബിനാമിയായോ എങ്ങനെയോ ഒപ്പിച്ച ലൈസൻസ് വച്ച് ഗുണ്ടകളെക്കൊണ്ട് മറ്റുള്ളവരെയെല്ലാം അടിച്ചൊതുക്കി തോന്നുംപടി നടത്താവുന്ന ഒന്നായി ഇനിയും ക്വാറികൾ അനുവദിക്കണോ?

ഒരുലക്ഷത്തിലേറെ ടിപ്പറുകൾ തലങ്ങും വിലങ്ങും ചീറിപ്പായുന്ന കേരളത്തിൽ ഇനിയും അത് അനുവദിക്കാനാകുമോ? ഇത്രയും കാലവും ഇവരുടെ ഗുണ്ടായിസത്തിൽ ഭയന്ന് ആളുകൾ ജീവിച്ചു. നേരെ മറിച്ച് അവരായിരുന്നില്ലേ ഭയന്ന് ജീവിക്കേണ്ടിയിരുന്നത്. ഇനിയും സഹിക്കാൻ നമ്മൾ നിന്ന് കൊടുക്കണോ? ഇനിയും ഗുണ്ടായിസവുമായി വന്നാൽ നമ്മൾ അവരെ കൈകാര്യം ചെയ്യണ്ടേ ?

വികസിത രാജ്യങ്ങളിലേതുപോലെ പാറ മണ്ണ് മണൽ വെള്ളം പുഴകൾ എന്നിവ പൂർണമായും സർക്കാർ നിയന്ത്രണത്തിൽ ആക്കണം. സ്വകാര്യഗുണ്ടാ മുതലാളിക്ക് ക്വാറി ലൈസൻസ് നൽകുന്ന ഇടപാട് നിർത്തി അത് ഗ്രാമസഭകളുടെ പൂർണ്ണ നിയന്ത്രണത്തിൻ കീഴിൽ പഞ്ചായത്തിനെ ഏൽപ്പിക്കുക .

ഒരു പ്രദേശത്തെ ക്വാറികളുടെ ദുരന്തം അനുഭവിക്കേണ്ടിവരുന്നത് പ്രദേശവാസികൾക്ക് ആയതിനാൽ ഗ്രാമസഭയുടെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കണം ഓരോ ലോഡുകളും. അപ്പോൾ പഞ്ചായത്തിൻറെ സാമ്പത്തികം വർദ്ധിക്കും. നാട്ടിലെ ഓരോ വ്യക്തിക്കും ഉത്തരവാദിത്വത്തോടെ ഇടപെടാൻ സാധിക്കും. ഗ്രാമസഭകളിൽ ഗ്രാമത്തിലെ മുഴുവൻ ആളുകളും അംഗങ്ങളായതിനാൽ സ്ത്രീകൾക്കും കുട്ടികൾക്കും യുവാക്കൾക്കും തീരുമാനങ്ങളിൽ പ്രാതിനിധ്യം ലഭിക്കും. പഞ്ചായത്തിൻറെ, നാടിൻ്റെ വരുമാനം വർദ്ധിക്കും. നാടിന്റെ വരുമാനം വർദ്ധിക്കും, അല്ലാതെ ഒരു ഗുണ്ടാ മുതലാളിക്ക് മാത്രമായിരിക്കില്ല.

ഇനിയുള്ള ഓരോ വീടു നിർമാണത്തിനും ഒരംഗത്തിന് ഇത്ര മണ്ണ് മണൽ ഇത്ര പാറ എന്ന നിലയിൽ മാത്രമേ നൽകാവൂ. അതായത് അവയ്ക്ക് നിശ്ചിത അളവ് പരിധി ഒരു വ്യക്തിക്ക് നിശ്ചയിക്കണം. കാരണം പണം നിങ്ങളുടേതാകാം, പക്ഷേ പ്രകൃതി വിഭവങ്ങൾ വിഭവങ്ങൾ പൊതു സമൂഹത്തിന്റേതാണ്.

അത് പുന: സൃഷ്ടിക്കാവുന്നതല്ല.  ഉപയോഗിക്കുന്തോറും തീർന്നു കൊണ്ടിരിക്കുന്നതാണ്. പുതുതായി നിർമ്മിക്കുന്ന ഓരോ ഫ്ലാറ്റുകളിലും ഷോപ്പിംഗ് കോംപ്ലക്സുകളിലും എല്ലാം ഈ നിയന്ത്രണം കൊണ്ടുവരണം.

കാരണം എറണാകുളത്ത് മിക്ക ഷോപ്പിംഗ് കോംപ്ലക്സുകളും മാളുകളും പരിശോധിച്ചാൽ കാണാം,

90ശതമാനവും ആളില്ലാ വീടുകൾ പോലെ തന്നെ വേക്കന്റ് ആയി കിടക്കുകയാണ്. നമ്മൾ പുനർ നിർമ്മിക്കേണ്ടത് പുതിയ കേരളത്തെ ആയിരിക്കണം. ഓരോ വെല്ലുവിളികളെയും അവസരങ്ങളായി കണ്ട് പുതിയ കേരളത്തെ. അതിനുള്ള കാറ്റലിസ്റ്റാകട്ടെ പ്രളയവും ഉരുൾ പൊട്ടലും വരൾച്ചയും. വെള്ളത്തോടും വെള്ളപ്പൊക്കത്തോടും ഉരുൾപൊട്ടലിനോടും യുദ്ധം ചെയ്തിട്ട് കാര്യമില്ല, അത് അംഗീകരിക്കുക അതുമായി താദാത്മ്യം പ്രാപിക്കുക, അതിനൊപ്പം നീങ്ങി അതിനെ അതിജീവിക്കാൻ ആവട്ടെ നമ്മുടെ പ്രയാണം.

അല്ലാതെ പാണ്ടി വണ്ടിക്ക് മുന്നിൽ മസിൽ പിടിച്ച് നിൽക്കുന്ന തവളയാകരുത് നമ്മൾ. വെറും രണ്ടു ദിവസത്തെ ഒരല്പം കൂടുതൽ മഴ മതിയായിരുന്നല്ലോ, കേരളം കെട്ടിപ്പൊക്കിയ എല്ലാ വികസനങ്ങളും സമ്പത്തും അഹങ്കാരങ്ങളും സങ്കല്പങ്ങളും എല്ലാം മണ്ണടിയാൻ. എന്നിട്ടും പഠിച്ചില്ലല്ലോ.

പുഴകൾ അതിന്റെ അതിരുകൾ തിരിച്ചു പിടിച്ചതാണ് പ്രളയമായി മാറിയത്. അഴുക്കുകളെല്ലാം ഒഴുക്കിക്കളഞ്ഞ് സ്വഛന്ദമായി ശാന്തമായി ഒഴുകി. കിണറുകളെല്ലാം റീച്ചാർജ് ചെയ്യപ്പെട്ടു.

പറമ്പുകളെല്ലാം ഫലഭൂയിഷ്ഠമായ എക്കലിനാൽ സമ്പുഷ്ടമാക്കപ്പെട്ടു. ഇനി നമ്മൾ സൃഷ്ടിക്കേണ്ടത് പുതിയ കേരളമാണ്.

ഒന്നാം പിണറായി സർക്കാരിൻ്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ ഏതാണ്ടെല്ലാം തന്നെ നടപ്പിലാക്കിയപ്പോൾ നടപ്പാക്കാതിരുന്ന എക വാഗ്ദാനം പാറ ഖനനം പൊതു മേഖലയിലാക്കും എന്നതായിരുന്നു. ഇത്തവണ അത് കൂടി പൂർത്തിയാക്കാനുള്ള അവസരമാണ്.

voices
Advertisment