Advertisment

ഇന്ന് ക്രിസ്‌റ്റോഫ് കീസ്‌ലോവ്‌സ്‌ക്കിയുടെ എണ്‍പതാം ജന്മദിനം; കൊല്ലാന്‍ അധികാരമുള്ളതാര്‍ക്ക് ? - ലേഖനം

New Update

-ജി.പി രാമചന്ദ്രന്‍

Advertisment

publive-image

സംസ്‌ക്കാരത്തിന്റെയും പരിഷ്‌ക്കാരത്തിന്റെയും സാമൂഹ്യ ദൗത്യങ്ങള്‍ പരാജയപ്പെട്ടതിന്റെ സ്ഥലരാശിയാണ് പോളിഷ് മാസ്റ്ററായ ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്‌കിയുടെ ചിത്രങ്ങളില്‍ തുടരെ തുടരെ പ്രത്യക്ഷപ്പെടുന്ന ബഹുനില ഭവന സമുച്ചയങ്ങള്‍.

ജനങ്ങള്‍ തമ്മില്‍ അര്‍ത്ഥപൂര്‍ണമായ ഒരു ബന്ധവും നിലനില്‍ക്കുന്നില്ല; മൃതപ്രായമായ ഒരു ഭൂമിക; എന്തെങ്കിലും കലാവിഷ്‌ക്കാരരൂപത്തിന് പ്രസക്തിയുണ്ടോയെന്നറിയില്ല - മനുഷ്യരെ ഒരുമിപ്പിക്കുന്നതിനു പകരം വേര്‍പെടുത്തി ശിഥിലീകരിക്കുന്നതിനു വേണ്ടിയാണ് രാഷ്ട്രീയ-സാമൂഹിക-നിയമ-മത സംവിധാനങ്ങള്‍ പ്രയോജനപ്പെടുന്നത്.

എല്ലാവരും ഒറ്റപ്പെട്ടവരായിത്തീര്‍ന്ന പോളണ്ടിന്റെയും യൂറോപ്പിന്റെയും അവസ്ഥകളാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഏകാന്തതയെ മറി കടക്കാന്‍ പ്രണയത്തിനാണോ അതോ കൊലപാതകത്തിനാണോ സാധിക്കുക എന്ന ചോദ്യവും കീസ്‌ലോവ്‌സ്‌കി സ്വയം ചോദിക്കുന്നു.

പോളിഷ് ടെലിവിഷനു വേണ്ടി പത്തു പ്രമാണങ്ങളെ ആസ്പദമാക്കി പൂര്‍ത്തീകരിച്ച ഡെക്കലോഗ് എന്ന സീരീസില്‍ നിന്ന് കരാര്‍ പ്രകാരം രണ്ടെണ്ണം തെരഞ്ഞെടുത്ത് ഫീച്ചര്‍ സിനിമയാക്കി പരിവര്‍ത്തിപ്പിക്കുകയായിരുന്നു.

അതില്‍ ഒന്നായ ഡെക്കലോഗ് അഞ്ചാം ഭാഗമാണ് കൊലപാതകത്തെക്കുറിച്ച് ഒരു ഹ്രസ്വചിത്രം (എ ഷോര്‍ട്ട് ഫിലിം എബൗട്ട് കില്ലിംഗ്/1988/84 മിനുറ്റ്) എന്ന പേരില്‍ ലോകത്തെമ്പാടുമുള്ള ചലച്ചിത്രാസ്വാദകരെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കിയ പ്രസിദ്ധ സിനിമ.

തീര്‍ത്തും അശുഭാപ്തിവിശ്വാസത്തെ പുനര്‍ജനിപ്പിക്കുന്ന ആഖ്യാനമാണ് ഈ ചിത്രത്തിന്റേത്. എല്ലാ ശുഭപ്രതീക്ഷകളും അസ്ഥാനത്താകുന്ന നമ്മുടേതു പോലുള്ള ഒരു കാലത്തും ഇത്തരം നിരാശാനിര്‍മിതികള്‍ നമ്മുടെ ആന്തരിക ചോദനകളെ കീറി മുറിക്കാനായി ഓര്‍മയില്‍ നിന്ന് പുറത്തു വന്നുകൊണ്ടേ ഇരിക്കും.

വ്‌ലാദിമിര്‍ റെക്കോവ്‌സ്‌കി എന്ന് പേരുള്ള ഒരു ടാക്‌സി ഡ്രൈവറെ അതി നിഷ്ഠൂരമായി യാസെക്ക് ലാസര്‍ എന്ന ഒരു യുവാവ് കൊലപ്പെടുത്തുന്നു. ലാസര്‍ നാട്ടുമ്പുറത്തു നിന്ന് അടുത്ത കാലത്ത് വാഴ്‌സയിലെത്തിയ ആളാണ്. അപരിചിതരുടെ ദൗര്‍ഭാഗ്യങ്ങളെ വര്‍ദ്ധിപ്പിച്ച് അതില്‍ കൗതുകം കാണുന്ന ഒരു മനോവിഭ്രമക്കാരനാണയാള്‍ എന്നും പറയാം.

ലാസറിനു വേണ്ടി കോടതിയില്‍ ഹാജരാവാന്‍, പരിക്ഷ കഴിഞ്ഞ് അടുത്തിടെ പുറത്തുവന്ന, പിയോത്തര്‍ ബാലിക്കി എന്ന വക്കീല്‍ നിയോഗിക്കപ്പെടുന്നു. മാനുഷികതയും നിയമത്തിന്റെ കാര്‍ക്കശ്യവും തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ പെട്ട് ഇയാളുടെ ദൈനം ദിന ജീവിതം തന്നെ ഒരു പരീക്ഷയായിത്തീരുന്നു.

നിയമങ്ങളും നീതിസംഹിതകളും വളരെ കൃത്യവും വ്യക്തവുമാണ്. പക്ഷെ, സാഹചര്യങ്ങളും സാഹചര്യത്തെളിവുകളും അപ്രകാരമല്ല.അതില്‍ ഒന്നും വേണ്ടത്ര വ്യക്തമല്ല. കൃത്യവുമല്ല. അയാളുടെ വാദങ്ങള്‍ പരാജയപ്പെടുന്നു. കൊലപാതകിയെ ഭരണകൂടം തൂക്കിക്കൊല്ലുന്നു. പുതുവക്കീല്‍ അതിന് സാക്ഷിയാകുകയും ചെയ്യുന്നു.

പോളണ്ടില്‍ ഔദ്യോഗികമായി വധശിക്ഷ നിര്‍ത്തലാക്കിയ വര്‍ഷത്തില്‍ തന്നെയാണ് എ ഷോര്‍ട്ട് ഫിലിം എബൗട്ട് കില്ലിംഗ് പുറത്തു വന്നത്. തൊട്ടു മുമ്പത്തെ വര്‍ഷം ആറു പേരെ തൂക്കിലേറ്റിയിരുന്നുവെങ്കില്‍ 1988ല്‍ ഒരേ ഒരാളെ മാത്രമാണ് തൂക്കിക്കൊന്നത്.

വര്‍ഗ വിഭജിത സമൂഹത്തില്‍, അടിസ്ഥാന വര്‍ഗത്തില്‍ പെട്ടവരാണ് എപ്പോഴും വധശിക്ഷക്ക് വിധിക്കപ്പെടാറുള്ളത്. ഇവിടെയും അതു തെന്നയാണ് സംഭവിക്കുന്നത്. അവരുടെ പ്രത്യാശാരാഹിത്യവും വ്യാജപ്രതീക്ഷകളുമെല്ലാം ചിത്രത്തില്‍ വിശദീകരിക്കുന്നില്ലെങ്കിലും വ്യക്തമാണ്.

നിയമം നീതിപൂര്‍ണമായോ വിപരീതമായോ പ്രവര്‍ത്തിക്കുന്നതിന് നാമെല്ലാം ദൃക്‌സാക്ഷികളാകുന്നു. നിയമത്തിന് മനുഷ്യരെ രക്ഷിക്കാനും ഇല്ലാതാക്കാനും സാധിക്കുമെന്ന് ചുരുക്കം. കൊലയാളിയെന്നതു പോലെ ആരാച്ചാറും കാത്തിരിക്കുകയാണ്; എല്ലാ തയ്യാറെടുപ്പുകളോടും കൂടെ.

ഇരയെ കാത്ത് വ്യവസ്ഥയും കാത്തിരിക്കുകയാണെന്നു പറയാം. ഇരയാക്കപ്പെടാനായി ചിലര്‍ ഈ ലോകത്തുണ്ടോ എന്നും ചിലരില്‍ ജന്മനാ തന്നെയോ ജീവിതഗതിവിഗതികള്‍ മൂലമോ കുറ്റവാസന ഒളിഞ്ഞോ തെളിഞ്ഞോ പ്രത്യക്ഷമാകുന്നുണ്ടോ എന്നുമുള്ള വളരെ സാധാരണമെന്നു തോന്നുന്ന ചോദ്യങ്ങള്‍ മുഴക്കത്തോടെ കീസ്‌ലോവ്‌സ്‌ക്കി ചോദിക്കുന്നുണ്ട്.

നിയമത്തിന്റെയും നീതിന്യായത്തിന്റെയും കീഴ്‌വഴക്കങ്ങളുടെയും തലനാരിഴ കീറി പരിശോധിക്കുമ്പോഴും നമുക്ക് മനസ്സിലാകാത്ത കാര്യം തന്നെയാണ് പുതുവക്കീലായ ബാലിക്കിയെയും കുഴക്കുന്നത്.

ആധുനിക നിയമ-നീതിന്യായ വ്യവസ്ഥകള്‍ നടപ്പിലാക്കിത്തുടങ്ങിയതിനു ശേഷം, ആരിലെങ്കിലും സ്വഭാവപരിവര്‍ത്തനം ഉണ്ടായതായി പറയാന്‍ കഴിയില്ല എന്നതു തന്നെയാണ് ആ കാര്യം. അതായത്, ശിക്ഷ നടപ്പിലാക്കുന്നതു കൊണ്ട്, സമുദായത്തിന് ലഭ്യമാവുന്ന ആള്‍ക്കൂട്ടോന്മാദത്തിലപ്പുറം ഒന്നും സംഭവിക്കുന്നില്ല എന്നര്‍ത്ഥം.

voices
Advertisment