തൊഴിലവകാശത്തോടൊപ്പം തൊഴിലിനു വേണ്ടിയും പോരാടേണ്ടി വരുന്ന തൊഴിലാളികള്‍; കണ്ണീരൊപ്പാം… കൈകോർക്കാം…

സമദ് കല്ലടിക്കോട്
Saturday, May 1, 2021

-കെ.എൻ കുട്ടി കടമ്പഴിപ്പുറം

ചരിത്രത്തിലെ ഏറ്റവും പ്രത്യേകതകളുള്ള മെയ്ദിനമാണ് ഇക്കൊല്ലവും തൊഴിലാളികൾ നേരിടുന്നത്. കോവിഡ് കാരണം തീവ്രമാക്കപ്പെട്ട സാമ്പത്തിക പ്രതിസന്ധി തൊഴിൽ നഷ്ടത്തിൻ്റെ വെല്ലുവിളിയാണ് കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും സൃഷ്ടിച്ചിരിക്കുന്നത്.

എട്ടു മണിക്കൂർ തൊഴിലവകാശം നേടിയതിൻ്റെ വാർഷിക ദിനത്തിൽ, എങ്ങനെ തൊഴിലെടുത്ത് ജീവിക്കുമെന്ന വെല്ലുവിളിയാണ് തൊഴിലാളി വർഗ്ഗത്തിനു മുമ്പിൽ ഉയർന്നിരിക്കുന്നത്. അതു കൊണ്ട് തന്നെ തൊഴിലവകാശങ്ങളുടെ മേലുള്ള കൈയേറ്റങ്ങൾക്ക് മുന്നിൽ അവർ നിസ്സഹായരാണ്.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വ്യവസ്ഥയായ അമേരിക്കയിലെ തൊഴിൽ നഷ്ടത്തെ കുറിച്ച് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. മറ്റ് വികസിത സമ്പദ് വ്യവസ്ഥകളിലെ അവസ്ഥയും വ്യത്യസ്തമല്ല.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തൊഴിലവകാശങ്ങൾക്കു മേലുള്ള കൈയ്യേറ്റങ്ങളെ ചെറുക്കാൻ പോലും പറ്റാത്ത സാഹചര്യമാണ് തൊഴിലാളികൾക്ക് മുമ്പിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

അസംഘടിത മേഖലയിൽ മാത്രമല്ല, ജീവനക്കാരുടെ അവകാശങ്ങൾക്കു പോലും തടയിടുന്ന അവസ്ഥയിലേക്കാണ് പോകുന്നത് (കഴിഞ്ഞ വർഷം കേന്ദ്രം ഡിഎ മരവിപ്പിച്ചത് ഇതിൻ്റെ ഭാഗമായാണ്). വിവിധ കമ്പനികൾ ജീവനക്കാരെ ലേ ഓഫ് ചെയ്യുകയും ശമ്പളം വെട്ടിക്കുറക്കുന്നതും നാം കണ്ടു. സാമ്പത്തിക പ്രതിസന്ധി മൂലം അതിലേറെ സ്ഥാപനങ്ങൾ ഇന്ന് അടച്ചുപൂട്ടൽ ഭീഷണിയിലുമാണ്.

കഴിഞ്ഞ നൂറ്റാണ്ടിലെ അവസാനത്തിൽ ഉണ്ടായ സാമ്പത്തിക മാന്ദ്യത്തിനു സമാനമായ അവസ്ഥയിലേക്കാണ് ലോകം പൊയ്ക്കൊണ്ടിരിക്കുന്നത് എന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. അസംഘടിതമേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങൾ ഇല്ലാത്തത് നമ്മുടെ രാജ്യത്ത് കോവിഡ് കാലം സൃഷ്ടിക്കപ്പെടുന്ന പ്രശ്നങ്ങൾ വലുതാണ്.

2008 ൽ പാസാക്കിയ അൺ ഓർഗനൈസിഡ് വർക്കേഴ്സ് സോഷ്യൽ സെക്യൂരിറ്റ് അനുസരിച്ച് അസംഘടിതമേഖലയിലെ റജിസ്ട്രേഷൻ നടത്താൻ നമുക്ക് കഴിഞ്ഞില്ല.അങ്ങനെ കഴിഞ്ഞിരുന്നുവെങ്കിൽ തൊഴിലാളികൾക്കിടയിലെ ദുരിതാശ്വാസ പ്രവർത്തനം കൂടുതൽ ശാസ്ത്രീയമായി നടക്കുമായിരുന്നു.

പതിനായിരക്കണക്കിന് അന്തർ സംസ്ഥാന തൊഴിലാളികളല്ലേ തൊഴിൽ സംരക്ഷണവും സുരക്ഷിതത്വവുമില്ലാതെ ദുരിതമനുഭവിച്ചുകൊണ്ടേയിരിക്കുന്നത് ! ലോകത്തെമ്പാടുമായി ഇത്തരം മേഖലയിൽ 200 കോടിയോളം പേർ ജോലി ചെയ്യുന്നതായാണ് കണക്ക്.

കോവിഡ് എന്ന മഹാമാരിയെ ലോക തൊഴിലാളി വർഗം തൊഴിൽപരമായ രോഗമായിട്ടാണ് വിശേഷിപ്പിക്കുന്നത്. അതംഗീകരിച്ച് ലോകത്തെമ്പാടുമുള്ള പൊതു ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യവും അവർ മുന്നോട്ട് വക്കുന്നു. പ്രവാസികളുടെ മടക്കവും രണ്ടാം വ്യാപനവും ഇന്ത്യയെ കണ്ണുനീരണിയിപ്പിക്കുന്ന കാഴ്ചയാണ് ചുറ്റും.

തൊഴിലവകാശത്തോടൊപ്പം തൊഴിലിനു വേണ്ടിയും പോരാടേണ്ടി വരുന്ന തൊഴിലാളികളുടെ ഈ ദിനവും പ്രതിസന്ധികളുടെ കടന്നുപോവുകയാണെങ്കിലും ഈ ദിനവും കടന്നു പോകും.
നമ്മുടെ സംസ്ഥാനത്ത് അതിനുള്ള സാധ്യതകൾ ഏറെയാണ്.

×