Advertisment

ജൂലൈ 1 ഡോക്ടേഴ്‌സ് ഡേ: മിടിപ്പുകൾക്കപ്പുറം... ഹാജി ഡോക്ടറെക്കുറിച്ചുള്ള ഓര്‍മകളില്‍ ഡോക്ടേഴ്‌സ് ദിനം - ലേഖനം

New Update

-മൂസ എഴക്കാട്

Advertisment

ഒരു ഡോക്ടേഴ്‌സ് ദിനം കൂടി കടന്നുവരുമ്പോള്‍ ഉന്നത പദവിയിലിരിക്കുമ്പോഴും സമുദായത്തിന്റെ വിദ്യാഭ്യാസപരവും ആത്മീയപരവുമായ മേഖലകളില്‍ വളര്‍ച്ച സ്വപ്‌നം കാണുകയും അതിനുവേണ്ടി പ്രയത്‌നിക്കുകയും ചെയ്ത ഡോ. അഹമദ്കുട്ടി എന്ന ഹാജിഡോക്ടറെ ഓര്‍ക്കാതിരിക്കാനാവില്ല.

publive-image

വിയോഗത്തിനുശേഷവും അദ്ദേഹത്തിന്റെ സേവനങ്ങളെ ആദരവുകളോടെ ഓര്‍ക്കുന്ന വലിയൊരു ജനവിഭാഗം മലബാറിലുണ്ടെന്നതും സാന്ദര്‍ഭികമായി ഓര്‍ക്കുന്നു.

മലപ്പുറം ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ വെട്ടത്തൂരിലെ ഉള്‍നാടന്‍ ഗ്രാമമായ കാപ്പില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ എട്ടാം ബാച്ചില്‍ പഠിച്ചു എംബിബിഎസ് പൂര്‍ത്തിയാക്കി ഇന്ത്യന്‍ സൈന്യത്തില്‍ ഒരു ദശാബ്ദത്തോളം സേവനം അനുഷ്ഠിച്ച ശേഷം നാടിന്റെ ആവശ്യം കണ്ടറിഞ്ഞു ഗ്രാമീണ സേവനവുമായി മേലാറ്റൂരിലേക്ക് മടങ്ങിയെത്തി ജനകീയ ഡോക്ടറായി മാറിയ ഡോക്ടര്‍ അഹമ്മദ് കുട്ടി ഹാജി ജീവിതം നീക്കിവെച്ചത് സമൂഹത്തിനും സമുദായത്തിനും തുല്യമായായിരുന്നു.

കാപ്പിലെ കര്‍ഷക കുടുംബത്തില്‍ പുത്തന്‍കോട്ട് ഒറവിങ്ങല്‍ അലവി ഹാജിയുടെയും ഫാത്തിമയുടെയും രണ്ടാമത്തെ മകന്‍ ആയി ജനിച്ച അഹമ്മദ്കുട്ടി ചെറിയ ക്‌ളാസുകളില്‍ തന്നെ മിടുക്കനായിരുന്നു. കാപ്പിലും വെട്ടത്തൂരുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കിലോമീറ്ററുകള്‍ നടന്ന് മേലാറ്റൂര്‍ ആര്‍എംഎച്ച്എസില്‍ നിന്നാണ് പൂര്‍ത്തിയാക്കിയത്.

ഉയര്‍ന്ന മാര്‍ക്കോടെ എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയ ശേഷം ഫാറൂഖ് കോളജില്‍ പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സും തുടര്‍ന്ന് ബി.എസ്.സി ഡിഗ്രിയും പൂര്‍ത്തിയാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എട്ടാം ബാച്ചില്‍ അഡ്മിഷന്‍ നേടിയ ശേഷം മികച്ച രീതിയില്‍ പഠനം പൂര്‍ത്തിയാക്കുകയും സൈനിക സേവനത്തിനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഇന്ത്യയിലെ ഏറ്റവും തണുപ്പേറിയതും കാഠിന്യമേറിയതുമായ ഒരു പ്രദേശമായ ലഡാക്കിലെ രണ്ടര വര്‍ഷം ഉള്‍പ്പെടെ ഒരു ദശാബ്ദത്തോളം നീണ്ട സൈനിക സേവനത്തിന് ശേഷം നാട്ടില്‍ തന്റെ സേവനം ആവശ്യമുണ്ടെന്ന തിരിച്ചറിവില്‍ അദ്ദേഹം നാട്ടില്‍ എത്തുകയായിരുന്നു.

നഗര പ്രദേശങ്ങളില്‍ ഒട്ടേറെ അവസരങ്ങള്‍ ഉണ്ടായിട്ടും ജന്മനാടിനടുത്ത് തറവാട്ട് വകയായി ലഭിച്ച സ്ഥലത്തു താമസിച്ചു ഗ്രാമീണ സേവനം ലക്ഷ്യമാക്കി ആതുര സേവനം അദ്ദേഹം തുടര്‍ന്നു. രോഗികളുടെ അസുഖ വിവരങ്ങളും പ്രയാസങ്ങളും കേള്‍ക്കുവാനും, രോഗ കാരണങ്ങളും മരുന്നു കഴിക്കേണ്ട വിധവും ആഹാര രീതികളും ഉള്‍പ്പെടെ രോഗികളെ വിശദമായി പറഞ്ഞു മനസിലാക്കുവാനുമുള്ള ഒരു മനസ് അദ്ദേഹത്തിന്റെ പ്രത്യേകതയാ യിരുന്നു.

വിശ്വസനീയമായ ബ്രാന്‍ഡുകളുടെ മരുന്നുകള്‍ മാത്രം കുറിക്കുന്നതും അദ്ദേഹത്തിന്റെ ഒരു സവിശേഷത ആയിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ള രോഗികളെ വീട്ടില്‍ ചെന്ന് പരിശോധിക്കുവാന്‍ സദാ സന്നദ്ധനായിരുന്ന ഡോക്ടര്‍. രാത്രി ഏത് സമയത്തും രോഗികള്‍ വന്നാല്‍ പരിശോധിക്കാതെ തിരിച്ചയക്കാറില്ല.

അസുഖം മൂലം ബുദ്ധിമുട്ടുമ്പോള്‍ രാത്രി ഏതു സമയവും ധൈര്യപൂര്‍വം സമീപിക്കാവുന്ന ഒരു അത്താണിയായിരുന്നു ഡോക്ടര്‍. ഒരു ആഡംബര ജീവിതം നയിക്കുവാനുള്ള ഏല്ലാ ഭൗതിക സാഹചര്യങ്ങളുമുണ്ടായിട്ടും അനുവര്‍ത്തിച്ചു വന്നിരുന്ന വിനയവും ലാളിത്യവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു.

അതോടൊപ്പം ജീവകാരുണ്യപരവും മതപരവുമായ കാര്യങ്ങളില്‍ അതീവ തല്പരനായിരുന്നു. സമസ്തയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രത്യേക താല്പര്യം ഉണ്ടായിരുന്ന ഡോക്ടര്‍ സ്വന്തം മഹല്ലിലും സമീപ മഹല്ലുകളിലും ഉള്‍പ്പെടെ ഒട്ടേറെ സ്ഥാപങ്ങള്‍ക്ക് സഹായം നല്‍കാന്‍ സമ്പത്തിന്റെ വലിയ ഒരു ഭാഗം അദ്ദേഹം നീക്കി വെച്ചു.

എംബിബിഎസ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന മകന്‍ ഉമറുൽ ഫാറൂഖിന്റെ മരണം അദ്ദേഹത്തെ ഏറെ തളര്‍ത്തിയെങ്കിലും ആ സംഭവം വിധിയായി കരുതി ദീനി കാര്യങ്ങളില്‍ കൂടുതല്‍ സജീവമായി. 2019 ഓഗസ്റ്റ് 12 ന് വലിയപെരുന്നാള്‍ ദിവസം മരണപ്പെട്ട ഡോക്ടര്‍ അഹമ്മദ്കുട്ടി ഹാജിയെ നാട്ട്കാര്‍ ഇന്നും സ്‌നേഹത്തോടും അതിലേറെ ബഹുമാനത്തോടും ഓര്‍ക്കുന്നു.

ഭാര്യ റിട്ട സിവില്‍ ഗൈനെക്കോളജിസ്റ്റായ ഡോ. സുഹറ വീട്ടില്‍ ഇപ്പോഴും ചികിത്സ തുടരുന്നു. മകന്‍ ഡോ. ഫസല്‍ റഹ്മാനും മരുമകള്‍ ഡോ. നസ്രീന്‍ ഫസലും ആതുര സേവനമേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുന്നു.

voices
Advertisment