Advertisment

കോവിഡിനെ തുരത്തുക എന്ന ലക്ഷ്യം പവിത്രമായിരിക്കുമ്പോഴും, പ്രത്യക്ഷമായ വിവേചനം കാണിക്കരുത് ! മനസ്സിലാക്കി കളിച്ചാൽ മതി - ലേഖനം

New Update

publive-image

Advertisment

-സമദ് കല്ലടിക്കോട്

കോവിഡ് നിയന്ത്രണങ്ങൾ പരമാവധി കർശനമാക്കണമെന്ന കാര്യത്തിൽ ആർക്കും രണ്ടു പക്ഷമില്ല. എന്നാൽ മാസ്ക് ഇല്ലാതെ, അകലം പാലിക്കാതെ നിരവധി പേർ ഒന്നിച്ചു നിന്ന് മദ്യം വാങ്ങുന്ന ബാറുകൾ രോഗവ്യാപന കേന്ദ്രമാവില്ല, അന്താരാഷ്‌ട്ര കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ കോവിഡ് വ്യാപനത്തിന്റെ മൊത്തവ്യാപാരികൾ ആണെന്ന കേരള ഗവണ്മെന്റിന്റെ നിലപാട് വിചിത്രവും ഭീകരവുമാണ്.

അടച്ചുപൂട്ടലിന്റെയും രോഗപ്രതിരോധ നടപടികളുടെയും കാര്യത്തിൽ മനുഷ്യന്റെ സാമാന്യബുദ്ധിയെ പരിഹസിക്കുന്ന കോവിഡ് നയം കേരള സർക്കാർ പുറപ്പെടുവിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി.

ആജ്ഞാപിക്കുമ്പോൾ അടയ്ക്കാനും തുറക്കാനും പറ്റുന്ന ഒരു ഓട്ടോമാറ്റിക് യന്ത്ര സംവിധാനമായി കേരളത്തിലെ വ്യാപാരികൾ ചങ്കൂറ്റമില്ലാത്തവരായി മാറരുതെന്നാണ് ഇക്കാര്യത്തിൽ പറയാനുള്ളത്.

ഇടതുപക്ഷ സർക്കാർ, അതിന്റെ കഴിഞ്ഞ ഭരണ കാലയളവിൽ നേടിയെടുത്ത വിശ്വാസ്യതക്കു മേൽ വീഴ്‌ത്തുന്ന കരിനിഴലാണ് വ്യാപാരികളോട് കാണിക്കുന്ന ക്രൂരമായ നിലപാട്. ഓർക്കാപ്പുറത്തു കിട്ടിയ വിജയം അഹങ്കാരമായി കൊണ്ടു നടക്കുന്ന സമീപനം ആര് സ്വീകരിച്ചാലും അവർ തിരിച്ചടി നേരിടേണ്ടി വരും.

നാടിന്റെ സമ്പദ്ഘടനയുടെ നെടും തൂണുകളാണ് വ്യാപാരികൾ. ജനങ്ങളെയും വ്യാപാരികളെയും ഒരുപോലെ ദ്രോഹിക്കുന്ന നടപടിയാണ് കടകൾ അടച്ചിടുക എന്നത്. സംസ്ഥാനത്ത് നിലവില്‍ തുടരുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) മാധ്യമങ്ങൾക്ക് നൽകിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരിക്കുന്നു.

വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് തിരക്കു കുറയ്ക്കുകയാണ് വേണ്ടതെന്നും ഐ.എം.എ. ആവശ്യപ്പെടുന്നുണ്ട്. കോവിഡ് മഹാമാരിയും അനുബന്ധമായ ജാഗ്രതയും അടുത്തൊന്നും അവസാനിക്കില്ല. സാമൂഹിക അകലം പാലിക്കുന്നതിലും സൂക്ഷ്മത പുലർത്തുന്നതിലും

ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണവും നിയന്ത്രണങ്ങളും ആണ് വേണ്ടത്.

എത്രകാലം ഈ കടകൾ അടച്ചിടും? എത്രകാലം തുറക്കാത്ത ഷട്ടറുകൾക്ക് വാടക നൽകി വീട്ടിലിരിക്കും? ജീവിതദുരിതം സഹിക്കാനാവാതെ ആയപ്പോഴാണ് വ്യാപാരികൾ തെരുവിലിറങ്ങിയത്. വ്യാപാരികളുടെ സമരമോ ശബ്ദമോ തെറ്റെന്ന് പറയാനാവുമോ. മദ്യവിൽപ്പനയിലെ ലാഭം മാത്രമാണ് സർക്കാരിന്റെ ഉദ്ദേശ്യമെന്ന് സർക്കാരിന്റെ

അശാസ്ത്രീയ നടപടികളിലൂടെ വ്യക്തമായിരിക്കുന്നു.

'മനസ്സിലാക്കി കളിച്ചാൽ മതി' എന്ന ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരിയുടെ പ്രതികരണം വ്യാപാരികളോടും സമൂഹത്തോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണെന്ന് പറയാതെ വയ്യ. ആശ്വസിപ്പിക്കേണ്ട ഭരണകൂടം കഴുത്തിന് കുത്തിപിടിക്കുകയാണോ വേണ്ടത്?

ആഴ്ചയില്‍ ചില ദിവസങ്ങളില്‍ ചില നേരങ്ങളിൽ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്പോള്‍ തിക്കും തിരക്കും ക്രമാതീതമായി വര്‍ധിക്കുമെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്?

കടകളും ബാങ്കുകളും ഓഫിസുകളും എല്ലാ ദിവസവും തുറക്കുമ്പോൾ തന്നെ, തിരക്ക് ഒഴിവാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. കോവിഡ് നിയന്ത്രണത്തിന്റെ പേരിലുള്ള അശാസ്ത്രീയ നടപടികൾ പുനഃപരിശോധിക്കണം. ലോക്ഡൗണ്‍ നയം ശാസ്ത്രീയമായി പുനരാവിഷ്‌കരിക്കണം. ബോധവത്കരണം ശക്തമാക്കണം. കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ വിശ്വസ്തതയോടെയും മനഃസാക്ഷിയെ മുന്‍നിര്‍ത്തിയും മാത്രമായിരിക്കണം അച്ചടക്ക ശിക്ഷാനടപടികൾ.

കടകൾ തുറന്ന് തന്നെ ഈ ദുരന്തം നേരിടാൻ എന്തെല്ലാം വഴിയെന്ന് വിദഗ്ദ്ധരുടെ ഉപദേശം തേടണം. ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ തലത്തിലുള്ള ജനങ്ങള്‍ക്കും നീതി ചെയ്യുമെന്ന് സഗൗരവം പ്രതിജ്ഞ ചെയ്തവരാണല്ലോ നിങ്ങൾ ഭരണാധികാരികൾ.

കോവിഡിനെ തുരത്തുക എന്ന ലക്ഷ്യം എത്ര പവിത്രമായിരിക്കുമ്പോഴും നിങ്ങൾ പ്രത്യക്ഷമായ

സാമൂഹിക വിവേചനം കാണിക്കരുത്. സമകാലീന സാഹചര്യത്തിൽ രോഗത്തെ കീഴ്‌പ്പെടുത്താനുള്ള പോരാട്ടം നമുക്ക് ഒന്നിച്ച് നിർവഹിക്കാം.

പക്ഷേ അത് വ്യാപാരികളെ മാത്രം ബലികൊടുത്താവരുത്. താങ്കൾ സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്ന ആളായിട്ടല്ല, ജനപക്ഷത്തു നില്‍ക്കുന്ന ജനകീയനായ മുഖ്യമന്ത്രിയായി കാണാൻ

ഞങ്ങൾ സാധാരണക്കാർ നന്നായി ആഗ്രഹിക്കുന്നുണ്ട്.

voices
Advertisment