Advertisment

ലോക്ക്ഡൗൺ അച്ചടി മേഖലക്ക് പരീക്ഷണ കാലമാണെന്ന് പറയാം. സാമ്പത്തിക നിലയിലും ദൈനംദിന നടത്തിപ്പിലും ദിനപത്രങ്ങൾ മൃതപ്രായത്തിലാണ്. എല്ലാ നിലയ്ക്കും പിന്തുണ കിട്ടാതെ അച്ചടിമേഖലക്ക് ഇനി കുതിക്കാൻ കഴിയില്ല; കോവിഡ് കാലത്ത് നിലച്ചുപോകുന്ന അച്ചടി പത്രങ്ങൾ...

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

-സമദ് കല്ലടിക്കോട്

അച്ചടി മാധ്യമ രംഗം ശക്തമായ വെല്ലുവിളികളുടെ ലോകത്താണ്. അനുദിനം വികാസം നേടുന്ന ഡിജിറ്റൽ ശൃംഖലയാണ് ഇതിന്റെ പ്രധാന കാരണമെന്ന് പറയാം. അച്ചടിയില്‍ നിന്ന് ഓണ്‍ലൈനിലേക്കുള്ള ചുവടുമാറ്റത്തിന് സാക്ഷ്യംവഹിക്കുകയാണ് വാര്‍ത്തകളുടെ ലോകം.

എവിടെയും മാറ്റം ചിന്തിക്കുന്ന മലയാളി സമൂഹം ഓൺലൈനിലേക്കുള്ള മാറ്റം ഏറ്റെടുത്തിരിക്കുന്നു‌. ദൈനംദിനം ഉടലെടുക്കുന്ന ആപ്ലിക്കേഷനുകൾ,ആധുനിക ആശയ വിനിമയ സങ്കേതങ്ങൾ, അയയ്‌ക്കുന്ന ഓരോ സന്ദേശവും ലോകത്തെവിടെയുമുള്ള  കർത്താക്കളിലേക്ക് എത്തുന്ന അതിവേഗത, ആളുകളുടെ മുൻ‌ഗണനകളിലും ആവശ്യങ്ങളിലും മാറ്റങ്ങൾ‌ സൃഷ്ടിക്കാൻ‌ കഴിയുന്ന മനോഭാവങ്ങൾ‌,ഇതെല്ലാം വിപണിയും മനുഷ്യ മനസ്സും കീഴ്‌പ്പെടുത്തി കൊണ്ടിരിക്കുന്ന വേളയിലാണ് ഇരുട്ടടിയായി കോവിഡ് കടന്നു വരുന്നത്.

അതോടെ വൈറസ് വ്യാപനം തടുക്കുന്ന അനേക പ്രവൃത്തികളിൽ ഒന്നായി അച്ചടിപത്രങ്ങളെയും തൊടാതായി.എല്ലാറ്റിനും ബദലായി സോഷ്യൽ മീഡിയ നിലകൊണ്ടു.

ടെലിവിഷൻ പ്രചരിച്ചപ്പോഴും പത്രങ്ങളുടെ പ്രസക്തി ഇത്രയധികം കുറഞ്ഞിരുന്നില്ല.

എന്നാൽ സോഷ്യൽമീഡിയ ശക്തി പ്രാപിച്ചതോടെ പല പ്രസിദ്ധീകരണവും പൂട്ടിക്കെട്ടി. ചിലത് എഡിഷനുകൾ കുറച്ചു. ചിലർ സമ്പൂർണ്ണ ഓൺലൈൻ മാത്രമായി. ചില പത്രങ്ങൾ പേജുകളുടെ എണ്ണം കുറച്ചു. വാർത്തകൾ നേരത്തെ അറിയാനും നേരിൽ കാണാനും, വിസ്തരിച്ചൊന്നും വായിക്കാൻ മെനക്കിടാതെ കാര്യങ്ങൾ വേഗത്തിൽ അറിയാൻ നവ മാധ്യമങ്ങൾ മതിയായതായി.

പത്രങ്ങൾ ശ്രദ്ധിക്കാത്ത വാർത്തകളും പരസ്യങ്ങളും സോഷ്യൽ മീഡിയ വഴി ശ്രദ്ധ കിട്ടുന്നു.

സുതാര്യത ഈ ഡിജിറ്റൽ കാലത്തിന്റെ സവിശേഷതയാണ്. നവ മാധ്യമങ്ങളെ വളരെ ലാഘവത്തോടെ കണ്ടിരുന്ന മുഖ്യധാര പത്രങ്ങൾ ഇവക്ക് വളരെ പ്രാധാന്യം നൽകുന്നുവെന്ന് മാത്രമല്ല,രണ്ടും സമാന്തരമായി കൊണ്ടു പോകുന്നുവെന്നതാണ് വാസ്തവം.

സോഷ്യൽ മീഡിയ പരമ്പരാഗത മാധ്യമങ്ങൾക്ക് ഉയർത്തുന്ന ഭീഷണി ചെറുതല്ല. ഫേസ്ബുക്കും വാട്സ്ആപും സാധാരണക്കാർക്ക് നൽകുന്ന സാധ്യതകൾ വമ്പിച്ചതാണ്. ഓൺലൈനിലുള്ള ആരെയും പെട്ടന്ന് പ്രതികരണ ശേഷിയുള്ളവനാക്കി മാറ്റുന്നു. ലോകത്ത് ആറിൽ രണ്ടുപേർ ഓൺലൈനിലുണ്ടെന്ന വസ്തുത കൂടി പരിഗണിക്കുമ്പോൾ ഇതിന്റെ അധീശത്വം സങ്കൽപ്പിക്കുന്നതിലും അപ്പുറമാണ്.

ഫേസ്ബുക്ക് തുറന്നാൽ നമ്മോട് ആദ്യം പറയുന്നത് നിങ്ങളുടെ മനസ്സിലുള്ളത് വ്യക്തമാക്കൂ എന്നാണ്. ഇപ്പോൾ എവിടെയും എന്തു മാറ്റത്തിനും സർക്കാരുകൾ ആദ്യം ഉപയോഗിക്കുന്നത് ഇന്റർനെറ്റാണ്.

വാർത്തകൾ ഉത്ഭവിക്കുന്ന മാത്രയിൽ തന്നെ അതിന്റെ പ്രസരണം ആരംഭിക്കുന്നു.

ഏതു വിപ്ലവാത്മക മാറ്റവും സംഭവിക്കാനിടയുള്ളതിനാൽ അധികാരികൾ ആദ്യം നിശ്ചലമാക്കുന്നതും ഇന്റെർനെറ്റാണ്.

ഒരു പത്തു വർഷം മുമ്പുള്ള സോഷ്യൽ മീഡിയ സാക്ഷരതയല്ല, ഇന്നുള്ളത്. ഫേസ്ബുക്കും വാട്സ്ആപും ഉപയോഗിക്കാത്തവരായി ഇന്ന് എത്രപേരുണ്ടാകും? സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്ന് കരുതിയ മാധ്യമ സ്ഥാപനങ്ങൾക്കെല്ലാം ഇന്ന് നിലപാട് മാറ്റേണ്ടതായി വന്നിട്ടുണ്ട്.

ഓൺലൈനിൽ വരുന്നതെല്ലാം വ്യാജമായിരിക്കുമെന്ന കാഴ്ചപ്പാടും മാറി. എല്ലാ മീഡിയയും,

കിട്ടുന്ന ഓരോ വാർത്തയും ആദ്യം പോസ്റ്റുന്നത് ഓൺലൈനിലാണ്. വാർത്തകളെ അത്രയേറെ ജനജീയമാക്കുന്നത് ഓൺലൈനാണ്‌. വാർത്തകൾ നൽകുമ്പോൾ വായനക്കാരുടെ താല്പര്യവും പ്രതികരണവും ഉടൻ അറിയാൻ കഴിയുന്നുവന്നതാണ് ഓൺലൈനിൽ ബന്ധിക്കപ്പെട്ട മുഴുവൻ മാധ്യമങ്ങളുടെയും മെച്ചം.

വായനക്കാർ നൽകുന്ന ഷെയറുകളുടെയും ലൈക്കുകളുടെയും പ്രവാഹമാണ് ചില വാർത്തകൾക്ക് വലിയ തോതിൽ റീച്ച് ഉണ്ടാക്കുന്നത്. പ്രതികരണത്തിന്റെ ലോകം വിശാലമാണ്. പ്രിന്റ് മാധ്യമത്തിന്റെ സ്ഥല പരിമിതി ഓൺലൈനിൽ ഒരു പരിമിതിയല്ല എന്നതും ശ്രദ്ധേയമാണ്.

ഫോർവേഡ് വഴി ഇത് കടന്നുപോകാത്ത ഒരിടവുമില്ല. മലയാളികൾ നവ മാധ്യമത്തിൽ ഇത്രയേറെ വ്യഹരിക്കുന്നത് കൊണ്ടു തന്നെ പത്രങ്ങൾ കണ്ണുംനട്ട് കാത്തിരിക്കുന്നതും സോഷ്യൽ മീഡിയയെ ആണ്. ചിലതെല്ലാം ഓൺലൈനിൽ വൈറലായ ശേഷം മാത്രം അവയെ നിരൂപിക്കാനുള്ള അവസരമേ മാധ്യമങ്ങൾക്ക് കിട്ടുന്നുള്ളൂ.

ഇന്നും നമ്മെ ഓരോദിവസവും ഉണർത്തുന്നത് സോഷ്യൽ മീഡിയയിലെ വൈറലുകളാണ്. ഓൺലൈനിലെ അനന്ത സാധ്യതകൾ മാധ്യമങ്ങൾ പൂർണ്ണമായും വിനിയോഗിക്കാനുള്ള മത്സരത്തിലാണ്. വെല്ലുവിളികളുടെ നൂറ് കാര്യങ്ങൾക്കിടയിലാണ് കോവിഡും ലോക്ക്ഡൗണും കടന്നു വരുന്നത്.ഇത് പത്രങ്ങളെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്.

ലോക്ക്ഡൗൺ ആയത് കൊണ്ട് കുറച്ചു നാളത്തേക്ക് പത്രം വേണ്ട എന്ന് ഏജന്റിനോട് പറയുന്നവർ പിന്നീട് എന്നേക്കുമായി പത്രം ഉപേക്ഷിക്കുന്നവരായി മാറുകയാണ്. അറിയേണ്ടതെല്ലാം മൊബൈലിൽ കിട്ടുമ്പോൾ ഇനി എന്തിനാ പത്രമെന്ന് വീട്ടുകാർ തിരിച്ച് ചോദിക്കുന്നു.

മാത്രമോ പുതിയ തലമുറ പ്രഭാത പത്രവായന ഉപേക്ഷിച്ച മട്ടാണ്. വാർത്ത അറിയാൻ താല്പര്യമുള്ളവരെല്ലാം ഓൺലൈൻ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. വാർത്തകളുടെ സംസ്ക്കാരവും ആകെ മാറി. ഓരോ പൗരനും ഇന്ന് ഓരോ പത്രപ്രവർത്തകരാണ്.

മണ്ണിനെയും ചുറ്റുപാടിനെയും സ്നേഹിക്കുന്ന മനുഷ്യരാണ് വാർത്തകളിലെ കേന്ദ്രബിന്ദു. പത്രങ്ങൾ അവഗണിക്കുന്ന വാർത്തകളിലൂടെ സോഷ്യൽമീഡിയ മേൽക്കൈ നേടി ഒരു പ്രചോദനാത്മക മാധ്യമ രീതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

തികച്ചുംസാധാരണക്കാരായ മനുഷ്യരെ തമ്മിലടിപ്പിക്കുന്ന അവരെ പരസ്പരം സംശയാലുക്കളാക്കുന്ന കിട്ടിയതെല്ലാം മുൻപിൻ നോക്കാതെ പ്രചരിപ്പിക്കുന്ന ദോഷകരമായ ഒരു രീതി സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്നു എന്ന കാര്യം നിഷേധിക്കാനാവില്ല.

പക്ഷേ ഓൺലൈൻ ഓരോ വ്യക്തിക്കു മുമ്പിലും തുറന്നിട്ട അനന്തമായ അവസരങ്ങൾ ആർക്ക് നിഷേധിക്കാൻ പറ്റും? വ്യത്യസ്തതകളാൽ സമ്പന്നമാണ് സോഷ്യൽ മീഡിയ. ഏറ്റുമുട്ടലുകളുടെ വേദിയായി സോഷ്യൽ മീഡിയ മാറുന്നുണ്ടെങ്കിലും ധാരാളം നന്മയുടെ പരസ്പര സഹകരണത്തിന്റെ പങ്കിടലിന്റെ ഇടമായും സമൂഹ മാധ്യമങ്ങൾ മാറിയിട്ടുണ്ട് എന്നത് നേരാണ്.

എന്തായിരിക്കണം സോഷ്യൽ മീഡിയയിലെ ഇടപെടൽ എന്നോ, എന്തായിരിക്കരുത് എന്നോ ആരും ആരെയും നിഷ്കർഷിക്കുന്നില്ല. അറിവിനെയും എഴുത്തിനെയും നിലപാടിനെയും

സാമൂഹിക സമ്പർക്ക മാധ്യമങ്ങൾ ഉചിതമായി സ്വാധീനിച്ചു കൊണ്ടിരിക്കുന്നു.

മഹാമാരിയുടെ ഈ പ്രതിസന്ധി കാലത്ത് ഇന്റ്ർനെറ്റ് കൂടി ലോക്കായെങ്കിൽ ജീവിതം എത്ര വിരസമായിരിക്കും. അടച്ചുപൂട്ടൽ വലിയ തോതിൽ വല്ലായ്മ അനുഭവപ്പെട്ടിട്ടില്ലെങ്കിൽ അത്

ഇന്റർനെറ്റിന്റെ കൂട്ടിരിപ്പ് തന്നെയാണ്.

സമൂഹത്തിന്റെ ചലനങ്ങളെ പൂർണ്ണ അർത്ഥത്തിൽ ഉൾക്കൊണ്ടു പോകുന്ന ഇത്തരം സംവിധാനങ്ങൾ ജീവിതവുമായി ഇഴചേർന്ന് നിൽക്കുമ്പോൾ അച്ചടി മാധ്യമങ്ങൾ അപ്രത്യക്ഷമാകാനേ സാധ്യതയുള്ളൂ.

യഥാർത്ഥത്തിൽ അച്ചടി മാധ്യമം ഒന്നുമായും പോരാടുന്നില്ല. ജന ജീവിതത്തിൽ പത്രങ്ങളുടെ സ്വാധീനശക്തി ഇല്ലാതായിപോകുന്ന, നവസാങ്കേതിക മുന്നേറ്റമാണ് മാറ്റത്തിനുകാരണം. മാറ്റങ്ങൾ ഉൾക്കൊള്ളുന്നതെ അതിജീവിക്കുകയുള്ളൂ.കാരണം മാറ്റം പ്രകൃതി നിയമമാണ്.

voices
Advertisment