Advertisment

ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെ പ്രോത്സാഹിപ്പിക്കും? കോവിഡ് തോൽക്കട്ടെ കുട്ടികൾ ജയിക്കട്ടെ - ലേഖനം

New Update

publive-image

Advertisment

-സമദ് കല്ലടിക്കോട്

എസ്എസ്എല്‍സി പരീക്ഷ സര്‍ക്കാര്‍ റദ്ദാക്കണം എന്ന ആവശ്യം പല കോണുകളിൽ നിന്നും

ഉയർന്ന ഘട്ടത്തിലാണ് ഏതൊരു രോഗപരീക്ഷണത്തെയും സധൈര്യം നേരിട്ട് പരീക്ഷ നടത്തിയത്. അതിനാൽ ഇക്കുറി കുട്ടികളുടെ ജയവും പരീക്ഷ മൂല്യ നിർണ്ണയവും

കൃത്യവും സത്യസന്ധവുമായാണ് നടന്നത് എന്ന് പറയാന്‍ കഴിയില്ല.

അതാരുടെയും കുറ്റംകൊണ്ടല്ല. കുട്ടിയുമായി നേരിട്ട് അല്ലാത്ത ദൈനംദിനമായ അക്കാദമിക ഇടപെടലിലൂടെ അധ്യാപകർ സ്വരുക്കൂട്ടിയെടുത്ത മാനസിക ശക്തിയെ തളർത്താത്ത ഒരു നിലപാടാണ് സർക്കാർ കൈക്കൊണ്ടതെന്ന് പറയുന്നതാണ് ശരി.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ എഴുതുന്ന ഒരു പൊതുപരീക്ഷ ഇത്തരമൊരു

സാഹചര്യത്തിലും നടത്തി വിജയം കൊയ്ത വിദ്യഭ്യാസ വകുപ്പ് അനുമോദനം അർഹിക്കുന്നു.

പൊതുവിദ്യാലയങ്ങളോട് പ്രതിജ്ഞാബദ്ധതയുള്ള ഒരു സര്‍ക്കാര്‍ ഇക്കാര്യത്തിലുള്ള നിലപാട് സൂക്ഷ്മവും വ്യക്തവുമായി നടപ്പാക്കി.

ലക്ഷകണക്കിന് കുട്ടികളാണ് അവരുടെ ഭാവിയെ തന്നെ നിര്‍ണ്ണയിക്കാവുന്ന ഒരു പരീക്ഷയിലൂടെ ഭീതിതമായ ഒരു സാഹചര്യത്തിലും കടന്നു പോയത്. പല കുട്ടികളും കോവിഡിന്റെ പിടിയിലോ അല്ലെങ്കില്‍ സമ്പര്‍ക്കം മൂലം ക്വാറന്റൈനിലോ ആയിരുന്നു.

പി.പി.ഇ കിറ്റ്‌ ധരിച്ച് പരീക്ഷ എഴുതിയ കോവിഡ് ബാധിതര്‍, മറ്റുള്ളവരെ കാണാതെ സ്കൂളിന്റെ ഏതോ മൂലയില്‍ ഇരുന്ന് പരീക്ഷ എഴുതിയ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍, പരീക്ഷാ സെന്ററില്‍ എത്തിച്ചേരാന്‍ തിങ്ങിനിറഞ്ഞ പൊതുവാഹനങ്ങളില്‍ ഭയചകിതരായി യാത്രചെയ്തവർ, പരീക്ഷാഹാളില്‍ രോഗഭീതിയില്‍ പരസ്പരം അടുക്കാന്‍ പോലുമാകാതെ ധർമ സങ്കടത്തിലായ കുട്ടികളും അധ്യാപകരും.

ശരിക്കും പരീക്ഷാ നടത്തിപ്പ് അതീവ ഗുരുതരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോയത്. എന്തിനാണ് കുട്ടികൾ ഈ ഭയാനകമായ സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്നത്?

ഈ ചോദ്യം എല്ലാവരും ചോദിച്ചതുമാണ്. ഉപരി പഠനം ഉറപ്പിക്കാന്‍, അവര്‍ ആഗ്രഹിക്കുന്ന കോഴ്സുകളില്‍ പ്രവേശനം നേടണമെങ്കില്‍ മികച്ച മേഖലയിൽ എത്തണമെങ്കിൽ ഇത് കൂടിയേ കഴിയൂ. അതിനുവേണ്ടി മാത്രമാണ് എന്തും സംഭവിക്കാവുന്ന ഒരു സാഹചര്യത്തെ ഭയപ്പെടാതെ ലക്ഷകണക്കിന് കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും ഈ പരീക്ഷണത്തെ സധൈര്യം നേരിട്ടത്.

കോവിഡ് ഭീതി മാത്രമായിരുന്നില്ല, ഇപ്രാവശ്യത്തെ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്നവര്‍ അഭിമുഖീകരിച്ച പ്രതിസന്ധി. നല്ല രീതിയിൽ പഠനവിഷയങ്ങള്‍ സ്വായത്തമാക്കാന്‍ പോലും കഴിയാത്തവരുമായിരുന്നു അവര്‍.

ഓൺലൈൻ ക്ലാസുകള്‍ ആയിരുന്നു അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്. നെറ്റും സ്മാര്‍ട്ട് ഫോണുകളും ഇല്ലാത്ത കുട്ടികള്‍ക്ക് മറ്റൊരു പിന്തുണയും ലഭിച്ചില്ല. പരീക്ഷയോട് തൊട്ടടുത്ത് നടന്ന റിവിഷന്‍ ക്ലാസുകള്‍ വിശദമായ പഠനത്തിനുള്ള അവസരം നല്‍കിയിട്ടില്ല.

പരീക്ഷയെ പലവിധത്തില്‍ പരിഷ്കരിച്ചും പരീക്ഷാ ഭീതിയകറ്റാന്‍ പലമാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിച്ചും ആണ് ഈ കടുത്ത സമ്മര്‍ദ്ദത്തെ താങ്ങാന്‍ അവരെ നമ്മള്‍ ഒരു വിധത്തില്‍ പ്രാപ്തരാക്കിയത്. മറ്റുവഴികള്‍ ഇല്ലായിരുന്നു.

പാഠഭാഗങ്ങള്‍ ശരിയായി വിനിമയം ചെയ്തിട്ടുപോലുമില്ലാത്ത ഒരു സന്ദര്‍ഭത്തില്‍ ഒരു പൊതുപരീക്ഷയെ, അവര്‍ അഭിമുഖീകരിച്ച ആർജ്ജവത്തെ ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെയാണ് നാം പ്രോത്സാഹിപ്പിക്കുക.

രക്ഷിതാക്കളും പൊതുസമൂഹവും സാഹചര്യം മനസ്സിലാക്കി ഈ വിജയക്കുതിപ്പിൽ പ്രതിഷേധങ്ങള്‍ ഒഴിവാക്കിയതും അതുകൊണ്ടാവാം. എന്നാൽ വിജയശതമാനം ഉയര്‍ന്നത് ഈ സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും അക്കാദമിക് നേട്ടമായി ഒരിക്കലും കണക്കാക്കരുത്.

വിജയശതമാനത്തില്‍ ഉണ്ടായ വര്‍ധനവ് ഒരു പ്രതിസന്ധി കാലത്തെ ഉദാരത ആയേ കണക്കാക്കാവൂ. മൂല്യ നിര്‍ണയം ഉദാരമാക്കിയും, ഓരോ ചോദ്യത്തിനും അധിക മാര്‍ക്കുകള്‍ നല്‍കിയുമാണ് നമ്മള്‍ ഇത് കൈവരിച്ചിക്കുന്നത്.

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അവഗണിക്കപ്പെടാൻ ഈ പരീക്ഷാ നടപടി ഒരിക്കലും കാരണമാവരുത്. പഠിക്കാതെയും പാസാകാം എന്ന ധാരണ ഉണ്ടായാൽ അറിവിന്റെ മഹത്വം കുറയും. കുത്തിയിരുന്ന് പഠിക്കേണ്ടതില്ലെന്നും പഠിച്ചില്ലെങ്കിലും ജയിപ്പിച്ച് വിടുമെന്ന ചിന്ത പരത്താൻ ഈ ഉദാരത സഹായകമാകരുത്.

രാജ്യത്തിനകത്തും പുറത്തും മാനിക്കപ്പെടുന്ന മലയാളികളുടെ അധിക യോഗ്യതയും പഠന കാര്യക്ഷമതയും എക്കാലത്തും നില നിർത്തേണ്ടതായുണ്ട്. ആഗോളതലത്തില്‍ തന്നെ സ്വീകാര്യമായ നമ്മുടെ വിദ്യാഭ്യാസ നയത്തിൽ വെള്ളം ചേർക്കരുത്. കഴിഞ്ഞ കാലങ്ങളിലേതു പോലെ വിജയശതമാനം ഉയർത്തേണ്ടത് ഗുണപരമായ അധ്യയനത്തിലൂടെ തന്നെയാവണം. എളുപ്പവഴിയിലൂടെ ഈ നേട്ടം കൈവരിക്കുന്നത് നാം നമ്മെ തന്നെ വഞ്ചിക്കുന്നതിനു തുല്യമാണ്.

മഹാമാരിമൂലം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന ഒന്നാണ് വിദ്യാഭ്യാസ മേഖല. ഇന്ന് നടന്നുവരുന്ന ഓൺലൈൻ ക്ലാസുകൾ സ്കൂൾ വിദ്യാഭ്യാസത്തിന് ഒരിക്കലും ബദൽ സംവിധാനമല്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതമായി അടഞ്ഞുകിടക്കുകയാണ്. ഓരോ കുട്ടിക്കും ഓൺലൈൻ ഡിജിറ്റൽ സാമഗ്രികൾ നൽകി അവരെ പ്രാപ്തരാക്കുന്നതോടൊപ്പം 'ബാക് റ്റു സ്‌കൂൾ' എന്ന ആശയം വീണ്ടും പ്രസക്തമാവുകയാണ്.

രണ്ടായാലും കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഏറ്റവും നിര്‍ണ്ണായകമായ ഈ പരീക്ഷയിൽ കഠിനമായ വൈതരണികള്‍ താണ്ടിയ ഒരു കാലമായി ചരിത്രം എന്നും ഓർമിക്കും.

ജീവഹാനിവരെ സംഭവിച്ചേക്കാവുന്ന ഒരു സാഹചര്യത്തെ സർക്കാർ ആവശ്യപ്പെട്ടതുകൊണ്ടുമാത്രം സധൈര്യം നേരിട്ട നിഷ്കളങ്കരായ കുട്ടികളോടും, സർക്കാരിൽ വിശ്വാസമര്‍പ്പിച്ച് കുട്ടികൾക്കൊപ്പം ചേര്‍ന്നുനിന്ന രക്ഷകാര്‍ത്താക്കളോടും ഈ വേളയിൽ നന്ദി പ്രകാശിപ്പിക്കാം.

voices
Advertisment