ഒരു മഹാമാരി മനുഷ്യജീവിതത്തെ കശക്കിയെറിയുന്ന ഈ കഷ്ടകാലത്ത് അതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പലതും ഹൃദയശൂന്യമോ ? ജീവനും മരണവുമാണ് ഇവിടെ വിലപേശലിനു വിധേയമായ വ്യാപാരവസ്തുവായി മാറുന്നത്. ഇത് ചെയ്യുന്നതാവട്ടെ ഒരു ഭരണകൂടവും – എസ്.പി നമ്പൂതിരി എഴുതുന്നു

എസ് പി നമ്പൂതിരി
Tuesday, April 27, 2021

-എസ്.പി നമ്പൂതിരി

കേന്ദ്ര ഗവണ്‍മേന്‍റിന്‍റെ യുക്തിരഹിതമായ വാക്സിന്‍ നയം; കോവിഡ് ഗുരുതരാവസ്ഥ: കേരളം വാക്സിന്‍ വാങ്ങും – ഇടപെട്ട് സുപ്രീംകോടതി…

ഒരു മലയാളപത്രത്തിലെ ഒന്നാം പേജില്‍ മാന്യസ്ഥാനത്ത് നിറഞ്ഞുനിന്ന ബാനര്‍ തലക്കെട്ടുകളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. പത്രങ്ങള്‍ക്ക് പക്ഷപാതങ്ങള്‍ ഉണ്ടാവാമെങ്കിലും ഈ രണ്ട് വാര്‍ത്തകളേയും തമസ്കരിക്കാന്‍ ഒരു മാദ്ധ്യമത്തിനും കഴിഞ്ഞില്ല. താല്‍പര്യസംരക്ഷണാര്‍ത്ഥം അല്‍പം നിറം കലര്‍ത്താം. അതാണ് പരമാവധിചെയ്യാന്‍ കഴിയുന്നത്.

ലോകമാകെ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന അഭൂതപൂര്‍വ്വമായ ഒരു പകര്‍ച്ചവ്യാധിയെ നമ്മുടെ രാജ്യം എങ്ങിനെ നേരിടുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ലേഖനാദ്യം കൊടുത്തിരിക്കുന്ന ഈ പത്രതലക്കെട്ടുകളും വാര്‍ത്തകളും. സുപ്രീംകോടതിക്ക് ആരോഗ്യരക്ഷയെന്ന സര്‍ക്കാരിന്‍റെ ദൈനദിന – ഭരണ – വ്യവഹാരങ്ങളില്‍ ഇടപെടേണ്ടിവന്നിരിക്കുന്നു. കോവിഡ് പ്രതിരോധത്തിനുളള ഒരു ദേശീയപദ്ധതി തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കാന്‍ സമുന്നതനീതിപീഠം നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

വാസ്തവത്തില്‍, ഇത് കോടതി ഇടപെടേണ്ട കാര്യമല്ല പക്ഷേ, ഇടപെടേണ്ടിവന്നിരിക്കുന്നു. കാരണം, കേന്ദ്രഗവണ്‍മേന്‍റ് ജനങ്ങളുടെ ആരോഗ്യപരിപാലനമെന്ന പ്രാഥമികകര്‍ത്തവ്യത്തില്‍നിന്ന് പിന്തിരിയുകയാണെന്ന് കോടതിയും ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഭക്ഷണവും,പാര്‍പ്പിടവും മറ്റും പോലെ സര്‍ക്കാരിന് സംരക്ഷണബാദ്ധ്യതയുളള ഒരു പ്രാഥമികാവശ്യമാണ് ആരോഗ്യരക്ഷയും.

എന്നാല്‍ ഇവിടെയെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഈ പകര്‍ച്ചവ്യാധിക്കുളള പ്രതിരോധകുത്തിവയ്പ് കണ്ടുപിടിച്ചതിന് ശേഷമുളള സ്ഥിതിഗതികള്‍ നമുക്കൊന്ന് പരിശോധിച്ചുനോക്കാം. എത്രപേര്‍ക്ക് കുത്തിവയ്പ് നല്‍കേണ്ടിവരും? (സര്‍ക്കാരിന്‍റെ പക്കല്‍ വ്യക്തമായ കണക്കുണ്ടല്ലോ)ഇന്ത്യയേക്കാള്‍ ചെറിയ ദരിദ്രരാഷ്ട്രങ്ങള്‍പോലും സൗജന്യമായി ചികിത്സ നല്കിവരുന്നു. അപ്പോള്‍ ഇന്ത്യയേപ്പോലുളള ഒരു മൂന്നാംലോകരാഷ്ട്രനേതാവിന് ആ ചുമതലയില്‍ നിന്ന് ഒഴിയാനാവില്ലെന്ന് വ്യക്തം. ഇതിനാവശ്യമായ വാക്സിന്‍ നമ്മുടെ പൊതുമേഖലസ്ഥാപനങ്ങള്‍ക്ക് നിര്‍മ്മിക്കാന്‍ കഴിയുമോ? കഴിയില്ലെങ്കില്‍ സ്വകാര്യമേഖലയില്‍ ആരേയേല്‍പിക്കണം? അവര്‍ക്കും കഴിയില്ലെങ്കില്‍ വിദേശരാജ്യങ്ങളെ സമീപിക്കണം.

ഇത്തരം കാര്യങ്ങളെക്കുറിച്ച് യുക്തിയുക്തമായ അന്വേഷണങ്ങളോ,പഠനങ്ങളോ നടത്താന്‍ സര്‍ക്കാര്‍ ത്യ്യാറായില്ല. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ട്. 1. ഹാഫ്കിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, 2. സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്കസൗളി, 3. പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൂനൂര്‍, 4.ബി.സി.ജി വാക്സിന്‍ ലാബോറട്ടറി ഗിണ്ടി, 5. ചെങ്കല്‍പേട്ടയിലുളള എച്ച്.സി.എല്‍. ഇന്‍റഗ്രേറ്റഡ് വാക്സിന്‍ കോംപ്ലക്സ് – ഇവയെല്ലാം വാക്സിന്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുളള വലിയസംവിധാനങ്ങളാണ്. അതില്‍ ചെങ്കല്‍പേട്ടയിലെ സ്ഥാപനത്തിന്‍റെ കാര്യം ഒരു വി.കെ.എന്‍. ഫലിതത്തിന് വകയുളളതാണ്. ഏതൊരു ഔഷധനിര്‍മ്മാണഫാക്ടറിക്കും നിയമപരമായി ബാദ്ധ്യതയുളള ജി.എം.പി. ലൈസന്‍സ് അവര്‍ പുതുക്കുകപോലും ചെയ്തിട്ടില്ല.

(ഇതെഴുതുന്നയാള്‍ ജി.എം.പി. ലൈസന്‍സുളള ഒരു ആയുര്‍വേദഫാക്ടറിയുടെ ഉടമയാണ്) ഇപ്പോള്‍ സര്‍ക്കാര്‍ ആലോചിക്കുന്നത് നൂറേക്കര്‍ സ്ഥലവും അതനുസരിച്ചുളള എല്ലാ ആധുനികസംവിധാനവുമുളള ഈ ഫാക്ടറി സമുച്ചയം വാടകക്ക് കൊടുക്കാനാണ്. ഇക്കാര്യത്തില്‍ ഇപ്പോള്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന്‍റെ വിലയേറിയ സമ്പാദ്യമാണ് ഇവിടെ കൈമാറാന്‍ പോകുന്നത്.

ഏതെങ്കിലും നല്ല കമ്പനികള്‍ ഇത് സ്വന്തമാക്കിയെന്നും നല്ല നിലയില്‍ നടത്തിയെന്നും വരാം. അപ്പോള്‍ അതൊരു മാതൃകയാക്കികൊണ്ട് മറ്റ് സമാനസ്ഥാപനങ്ങളും സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കും. ഇതിന് കേന്ദ്രഭരണകക്ഷിയുടെ വക്താക്കള്‍ക്ക് ഒരു ന്യായീകരണമുണ്ട്:
‘വ്യവസായവും,വാണിജ്യവും ഒന്നും സര്‍ക്കാരിന്‍റെ പണിയല്ല.അതിനുളള സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുകമാത്രമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സര്‍ക്കാര്‍ നടത്തുമ്പോള്‍ നഷ്ടത്തിലാവുന്ന സ്ഥാപനങ്ങള്‍ തന്നെ സ്വകാര്യമേഖലയിലാവുമ്പോള്‍ ലാഭത്തിലാവും. സര്‍ക്കാരിന് പലതരം നികുതിയിനങ്ങളിലായി ന്യായമായ വരുമാനവും കിട്ടും.’

ഇത് സ്വകാര്യവത്കരണത്തിന്‍റെ മുദ്രാവാക്യമാണ് – മോഹനസുന്ദരവാഗ്ദാനം. ഈ വാഗ്ദാനം അത്ര നിഷ്കളങ്കമോ നിരുപദ്രവമോ അല്ല. വിമാനത്താവളങ്ങളുടെ നടത്തിപ്പില്‍ അഭിമാനകരമായ റിക്കോര്‍ഡുളള കേരളത്തിന്‍റെ അവകാശവാദങ്ങളെ അവഗണിച്ചുകൊണ്ട് ഒരു സ്വകാര്യവ്യവസായിക്ക് തിരുവനന്തപുരം വിമാനത്താവളം വിട്ടുകൊടുത്തില്ലേ? കേരളത്തിന്‍റെ മൂന്നൂറ്റി അറുപത്തിയേഴേക്കര്‍ സ്ഥലം ഉള്‍പ്പെടെയാണ് ഇങ്ങനെ കൈമറിഞ്ഞുപോകുന്നത്. ഈ മേഖലയിലും ഇതാണ് സംഭവിക്കാന്‍ പോകുന്നത്.

ഒരു മൊട്ടുസൂചിപോലും നിര്‍മ്മിച്ച് പരിചയമില്ലാത്ത ഒരു സ്വകാര്യവ്യവസായിയ്ക്കാണ് വിമാനം നിര്‍മ്മിക്കുന്നതിനുളള അനുവാദം കൊടുത്തിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയെ സ്വയംപര്യാപ്തമാക്കുന്നതിന് വേണ്ടി സ്ഥാപിതമായ ഹിന്ദുസ്ഥാന്‍ ഏറൊനോട്ടിക്സ് എന്ന സ്ഥാപനത്തെ മറികടന്നാണ് ഈ സ്വകാര്യമേഖലാപ്രീണനം.

ഒരു രാജാവ് തന്‍റെ മന്ത്രിയോട് ഒരു സംശയം ചോദിച്ച കഥ കേട്ടിട്ടുണ്ട്.
രാജാവ് : ‘നാം എന്തിനാണ് ഈ നികുതി പിരിക്കുന്നത്? നികുതി ജനങ്ങള്‍ക്കൊരു ബുദ്ധിമുട്ടാകാതെ നോക്കണം.’
മന്ത്രി : ‘ഉദ്യോഗസ്ഥന്‍മാര്‍ക്ക് ശമ്പളം കോടുക്കാന്‍ പണം വേണ്ടേ. അതിനാണ് നികുതികള്‍.’
രാജാവ് : ‘എന്തിനാണ് ഈ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കോടുക്കുന്നത്?’
മന്ത്രി : ‘നികുതിപിരിച്ചെടുക്കാന്‍.’

നികുതിപിരിക്കലും ശമ്പളം കൊടുക്കലും എന്ന പരിമിതവൃത്തത്തിലൊതുങ്ങുന്നതല്ല ആഗോളവത്കരണകാലത്തെ ഭരണാധികാരികളുടെ ലക്ഷ്യം.ആ രാജാവിനേപ്പോലെ അത്ര നിഷ്കളങ്കരല്ല ഇന്നത്തെ ഭരണാധികാരികള്‍.അവര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ട് – നമ്മുടെ പൊതുമേഖലയെ സ്വകാര്യമേഖലയുടെ സ്വൈരവിഹാരത്തിന് വിട്ടുകൊടുക്കുന്ന ഒരു രഹസ്യലക്ഷ്യം അവര്‍ക്കുണ്ടെന്ന് വ്യക്തം.

ഒരു മഹാമാരി മനുഷ്യജീവിതത്തെ കശക്കിയെറിയുന്ന ഈ കഷ്ടകാലത്ത് പ്രതിരോധകുത്തിവയ്പിന്‍റെ വിതരണത്തിലും,വിലനിര്‍ണ്ണയത്തിലും സര്‍ക്കാര്‍ സ്വീകരിച്ച ഹൃദയശൂന്യമായ നടപടികളാണ് സമുന്നത നീതിപീഠത്തിന്‍റെ ഇടപെടലിന് കാരണമായിത്തീര്‍ന്നത്.

പ്രതിരോധ കുത്തിവയ്പിനുളള വാക്സിന്‍ കേന്ദ്രഗവണ്‍മേന്‍റിന് ഇരുനൂറ്രൂപയ്ക്ക് നല്‍കുമ്പോള്‍ സംസ്ഥാനഗവണ്‍മേന്‍റിന് നാനൂറ്രൂപയ്ക്കും കഴിവുളളവര്‍ക്ക് കൊടുത്ത് കാശുവാങ്ങുന്നതിനുവേണ്ടി സ്വകാര്യകമ്പനികള്‍ക്ക് അറുനൂറ് രൂപയ്ക്കും കൊടുക്കുവാന്‍ സര്‍ക്കാര്‍ സമ്മതിച്ചിരിക്കുന്നു. ജീവനും മരണവുമാണ് ഇവിടെ വിലപേശലിനു വിധേയമായ വ്യാപാരവസ്തുവായി മാറുന്നത് – ഇത് ചെയ്യുന്നതാവട്ടെ ഒരു ഭരണകൂടവും.

സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പ് തിരുവിതാംകൂര്‍ എന്ന ഒരു നാട്ടുരാജ്യത്തിലെ പ്രജയായി ജീവിക്കാന്‍ ഭാഗ്യം ലഭിച്ച ഒരാളാണ് ഈ ലേഖകന്‍. അന്നുമുതല്‍ ഈ നാട്ടില്‍ വാക്സിനേഷന്‍ സൗജന്യമായിരുന്നു. വാക്സിനേഷന്‍ ഒരു വ്യക്തിയുടെ മാത്രം ഇഷ്ടാനിഷ്ടങ്ങളുടെയോ ഭാഗ്യനിര്‍ഭാഗ്യങ്ങളുടേയോ ഒരു പ്രശ്നമല്ല – സമൂഹത്തിന്‍റെ ആവശ്യമാണ്. അയാള്‍ നാളെ രോഗബാധിതനായാല്‍ അയാളെപ്പോലെ തന്നെ അയാളുള്‍പ്പെടുന്ന സമൂഹവും ദുരിതമനുഭവിക്കണം. സര്‍ക്കാര്‍ ചികിത്സാസൗകര്യങ്ങളും ഒരുക്കിക്കൊടുക്കണം. കാരണം, ഇതൊരു പകര്‍ച്ചവ്യാധിയാണെന്നതുതന്നെ.

ആരോഗ്യപരിപാലനം സര്‍ക്കാരിന്‍റെ കര്‍ത്തവ്യമാണ്. ചികിത്സയുടെ ഉത്തരവാദിത്വംവഹിക്കുന്നവരെന്നനിലയില്‍ സര്‍ക്കാരിനും ഇതില്‍ നിര്‍ണ്ണായകമായ പങ്കാളിത്തമുണ്ട്. ഇതൊക്കെ കണക്കിലെടുത്ത്,ഒരു സാമൂഹ്യോത്തരവാദിത്വം എന്ന നിലയിലാണ് സൗജന്യവാക്സിനേഷന്‍ നിലവില്‍ വന്നത്. ചില വിദേശരാജ്യങ്ങള്‍ വാക്സിനേഷന് ഇന്‍സെന്‍റീവ് എന്ന നിലയില്‍ പാരിതോഷികം പോലും കൊടുക്കുന്നുണ്ട്.

എന്‍റെ കുട്ടിക്കാലത്തെ ഒരനുഭവം ഓര്‍ത്തുപോകുന്നു. അന്ന് വാക്സിനേഷന് അച്ചുകുത്തെന്നാണ് ഭാഷാനാമം. കവിയെന്ന നിലയില്‍ അറിയെപ്പെട്ടിരുന്ന വൈദ്യന്‍ ശ്രീധരന്‍ നമ്പൂതിരി എഴുതിയ ഒരു കവിത അന്നീ നാട്ടിലെ ഗൃഹസദസ്സുകളിലും,തിരുവാതിരകളിയരങ്ങുകളിലും പ്രചാരം നേടിയിരുന്നു. സ്വന്തം മകളെ അല്‍പം പരിഹസിക്കുന്ന ഒരു നര്‍മ്മഭാവനയായിരുന്നു അത്. അതിലും ഈ അച്ചുകുത്ത് ഒരു കഥാപാത്രമായി കടന്നുവരുന്നുണ്ട്.
അതിലെ മൂന്ന് വരികള്‍ :

കൊച്ചങ്ങേലികുട്ടി നല്ല കച്ചമുണ്ടുടുക്കും
കൊച്ചുപെണ്ണിന്‍ വീട്ടില്‍ പോകാന്‍ കച്ചകെട്ടിനില്‍ക്കും
അച്ചുകുത്തുകാരെ കണ്ടാല്‍ മച്ചിന്‍പുറമേറും.

ഇങ്ങനെ നീണ്ടുപോകുന്നു ആ ഹാസ്യകവിത. ഇതിലെ നങ്ങേലികുട്ടി അടുത്തകാലത്ത് ഹെല്‍ത്ത് സര്‍വ്വീസില്‍നിന്ന് റിട്ടയര്‍ചെയ്ത ഡോ.എം.എസ്.എന്‍.അന്തര്‍ജ്ജനമാണ് – എന്‍റെ അനിയത്തിയും – കൊച്ചുപെണ്ണ് ഞങ്ങളുടെ പരിചാരികയും. ആരോഗ്യരക്ഷാനടപടികള്‍ ഇന്നത്തപ്പോലെ ജനകീയമായിട്ടില്ലാത്ത അക്കാലത്തുപോലും വാക്സിനേഷന്‍ സൗജന്യമാണെന്ന് മാത്രമല്ല, അതിനാശുപത്രിയില്‍ പോകേണ്ട കാര്യവുമില്ല. ഹെല്‍ത്ത്വര്‍ക്കര്‍ വീട്ടിലെത്തി വാക്സിന്‍ നല്‍കും. ഈ നാട്ടിലാണ് ആരോഗ്യം മൗലികാവകാശമായി അംഗീകരിച്ചിരിക്കുന്ന ഒരു സര്‍ക്കാര്‍ വാക്സിനേഷന് 200/ – 400/ – 600/ രൂപ നിശ്ചയിക്കുന്ന ഒരു വാക്സിനേഷന്‍ കാറ്റലോഗ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ ഉത്തരം പറയേണ്ട ഒരു പ്രധാനചോദ്യം അവശേഷിക്കുന്നു. ഇക്കഴിഞ്ഞ തവണത്തെ കേന്ദ്രബഡ്ജറ്റില്‍ മുപ്പത്തയ്യായിരം (35,000/)കോടി രൂപ സൗജന്യവാക്സിനേഷനുവേണ്ടി വകയിരുത്തിയിട്ടുണ്ടായിരുന്നു. ആ തുക എവിടെപ്പോയി?
ഈ പശ്ചാത്തലത്തിലാണ് കേരളാമുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനത്തെ കാണേണ്ടത്. അതിങ്ങനെ:

‘കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യവാക്സിനേഷന്‍ നല്‍കിയിരിക്കും.ഇത് നേരത്തെ പറഞ്ഞിട്ടുളളതാണ്. ഇടയ്ക്ക് വാക്കുമാറുന്ന ശീലം കേരളാസര്‍ക്കാരിനില്ല. ഫെഡറല്‍തത്ത്വമനുസരിച്ച് കേന്ദ്രസര്‍ക്കാരാണ് ഇതിന്‍റെ ചിലവുവഹിക്കേണ്ടത്. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം തന്നാലും ഇല്ലെങ്കിലും ഇവിടെയെല്ലാവര്‍ക്കും സൗജന്യവാക്സിനേഷന്‍ നല്‍കും.

അങ്ങിനെ വന്നാല്‍ ആയിരത്തിമുന്നൂറ് കോടി രൂപയുടെ അധികബാദ്ധ്യത കേരളം നേടിരേണ്ടിവരും. ഇന്നത്തെ സാമ്പത്തികസ്ഥിതിയുടെ പശ്ചാത്തലത്തില്‍ ഇതീനാടിന് താങ്ങാന്‍ കഴിയില്ല. പക്ഷേ, അതിന് മാര്‍ഗ്ഗം കണ്ടെത്തും – സൗജന്യവാക്സിനേഷന്‍ പദ്ധതി നടപ്പാക്കും.’

മുഖ്യമന്ത്രിയുടെ ഈ നിശ്ചയദാര്‍ഢ്യത്തിന് പെട്ടെന്നു തന്നെ പ്രതികരണങ്ങളുയര്‍ന്നുവന്നു. പ്രളയകാലത്തെ സാലറിചലഞ്ചുപോലെ ഒരു വാക്സിന്‍ചലഞ്ച് ആകൃതിപ്പെട്ടുവന്നു. സാലറിചലഞ്ച് സര്‍ക്കാര്‍ നിര്‍ദ്ദേശമായിരുന്നെങ്കില്‍ വാക്സിന്‍ ചലഞ്ച് ഒരു ജനതയുടെ സ്വയം സന്നദ്ധതാപ്രഖ്യാപനമായിരുന്നു.ഒരുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെത്താന്‍ ഒരു ദിവസം മാത്രമാണ് വേണ്ടിവന്നത്.

പ്രളയദുരന്തങ്ങളേയും,മഹാമാരിദുരിതങ്ങളേയും നേരിടേണ്ടിവന്ന ഒരു സാമ്പത്തിക പ്രതിസന്ധിയുടെ നടുക്കയത്തില്‍ നിന്നുകൊണ്ടാണ് മുഖ്യമന്ത്രി ഈ സൗജന്യപദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. വിഭവശേഷി മുഴുവന്‍ കേന്ദ്രം കയ്യടക്കുന്നു,ചിലവുകളത്രയും സംസ്ഥാനങ്ങളുടെ തലയിലും വച്ചുകൊടുക്കുന്നു ഇതാണോ ഫെഡറിലിസം വിഭാവനചെയ്യുന്നത്?

കേന്ദ്രഭരണകക്ഷിയും,അവര്‍ ഭരണം കയ്യാളുന്ന സംസ്ഥാനങ്ങളും ഇതില്‍ അസ്വസ്ഥരാകും ഇന്നല്ലെങ്കില്‍ നാളെ പൊതുജനങ്ങളും ഇത് തിരിച്ചറിയും. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ പൊട്ടിത്തെറിച്ചതുപോലെയാണ് പ്രധാനമന്ത്രിയോട് അപേക്ഷിച്ചത്.

‘……………. ഞങ്ങള്‍ക്ക് അല്‍പം പ്രാണവായൂ തരൂ.’

ഡല്‍ഹിയിലും മറ്റുത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രാണവായു ലഭിക്കാതെ രോഗികള്‍ മരിച്ചുകൊണ്ടിരിക്കുന്നു. അതേസമയം, ഈ കൊച്ചുകേരളത്തില്‍ ഓക്സിജന്‍ വിഷയത്തില്‍ സ്വയംപര്യാപ്തമാണ്. നാളെ മറ്റു സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ കൊടുക്കാന്‍ കഴിയുംവിധം കേരളമൊരു ഓക്സിജന്‍ മിച്ചസംസ്ഥാനമായി മാറുകയും ചെയ്യും. കാശുകൊടുത്ത് വാക്സിന്‍ വാങ്ങാന്‍ കേരളത്തെ ഉപദേശിക്കുന്ന കേന്ദ്രസഹമന്ത്രി വി.മുരളീധരനേപ്പോലുളളവര്‍ മനസ്സിലാക്കേണ്ട ഒരുജ്ജ്വലസത്യമുണ്ട്. ഇടതുപക്ഷഗവണ്മെന്‍റിന്‍റെ നിശ്ചയദാര്‍ഢ്യമാണ് ഈ ഓക്സിജന്‍ സ്വയംപര്യാപ്തതയ്ക്ക് കാരണം.

വാക്സിന്‍റെ കാര്യത്തില്‍ വലതുപക്ഷഗവണ്മെന്‍റിനും ഒരു നിശ്ചയദാര്‍ഢ്യമുണ്ട്. വാക്സിന്‍ നിര്‍മ്മാണവും,വിതരണവും സ്വകാര്യമേഖലയുടെ സ്വൈരവിഹാരത്തിന് വിട്ടുകൊടുക്കുക. അതാണവരുടെ നിശ്ചയദാര്‍ഢ്യം. ജനങ്ങളുടെ ജീവന്മരണപോരാട്ടം സ്വകാര്യമേഖലയ്ക്ക് കൊളളലാഭം കൊയ്തെടുക്കാനുളള സുവര്‍ണ്ണാവസരമായിത്തീരും. ഇതാണ് സര്‍ക്കാരിന്‍റെ സൗജന്യമെന്നനിലയില്‍ പരസ്യപ്പെടുത്തിയിട്ടുളള വാക്സിന്‍ വിതരണനയം.

ജനവികാരം ഒരഗ്നിയാണ്. അതെങ്ങിനെയൊക്കെ കത്തിപ്പടരുമെന്ന് പ്രവചിക്കാനാവില്ല.ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലും അന്നത്തെ കരിനിയമങ്ങളിലും വീര്‍പ്പുമുട്ടിയ ഒരു ഇന്ത്യന്‍ ജനതയില്‍നിന്ന് ഒരു ഭഗത്സിങ്ങും, ഒരു ചന്ദ്രശേഖര്‍ ആസാദും, ഒരു രാമപ്രസാദ് ബിസ്മിലും ഉയര്‍ന്നുവന്നു. അവര്‍ ലോക്സഭയുടെ സന്ദര്‍ശകഗ്യാലറിയില്‍ നിന്നുകൊണ്ട് താഴെ സമ്മേളിച്ചുകൊണ്ടിരുന്ന ലോക്സഭയിലേക്ക് ബോംബെറിഞ്ഞു. ഇത് ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരവിസ്മരീണിയസംഭവമായിത്തീര്‍ന്നു.

ഇന്ത്യയുടെ പൊതുമേഖലാസ്ഥാപനങ്ങളാകെ വിറ്റുതുലച്ചുകൊണ്ടും,ഇന്ധനവില പ്രതിദിനം വര്‍ദ്ധിപ്പിച്ചുകൊണ്ട് ജനങ്ങളെയാകെ ദുരിതത്തിലാഴ്ത്തിയും ഉദാരവത്കരണ – സ്വകാര്യവത്കരണ – ആഗോളവത്കരണനയങ്ങളുമായി മുന്നോട്ടുപോകുന്ന ഇന്ത്യന്‍ ഭരണകൂടം ഇങ്ങിനെയും ചില അപകടസാദ്ധ്യതകള്‍ ഉണ്ടെന്ന് ഓര്‍മ്മിക്കുന്നത് നന്ന്. അളമുട്ടിയാല്‍ ചേരയും കടിക്കും.

×