ഒരു പകർച്ചവ്യാധി വന്നാൽ അതിന്റെ മുഴുവൻ ഉത്തരവാദിത്വവും രാജ്യം ഭരിക്കുന്ന സർക്കാരിന് മാത്രമാണ്. സംസ്ഥാന സർക്കാരിന് ഒരു ബാധ്യതയുമില്ല. എങ്കിൽപ്പിന്നെ സംസഥാന ഭരണം എന്തിനാണ് ? കേന്ദ്രം നേരിട്ട് ഭരിച്ചാൽ മതിയല്ലോ; കോവിഡ് വാക്സിനിൽ രാഷ്ട്രീയം കലർത്തുന്നതാര് ?

സത്യം ഡെസ്ക്
Monday, April 26, 2021

-തിരുമേനി

മനുഷ്യരാശി ഒന്നാകെ ഒരു ദൂരന്തമുഖത്ത് നിൽക്കുമ്പോൾ ഭരണാധികാരികൾ അനുവർത്തിക്കുന്ന നിലപാടുകൾ വളരെ നിർണായകമാണ്. ശ്വാസം കിട്ടാതെ പിടഞ്ഞ് വീണ് മരിക്കുന്ന രോഗികളുടെ ശവക്കൂനകളിൽ കയറി നിന്നു കൊണ്ടാണ് ഓരോരുത്തരും തരം താണ രാഷ്ട്രീയം പറയുന്നത്.

കേരളത്തിൽ സഖാക്കൾക്ക് ഒരു നിയമമേയുള്ളു. അതവർ പറയുന്നതാണ്. കോവിഡ് നിർമ്മാർജ്ജനത്തിൽ ലോകത്ത് ഏറ്റവും അനുകരണീയമായ പ്രവർത്തനത്തിന് നേതൃത്വം നൽകി എന്നവകാശപ്പെടുന്ന ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർ എവിടെയാണ്? അന്ന് പറഞ്ഞത് എന്താണ്?

ഇന്ത്യയിലെ മറ്റെല്ലാ സംസഥാനത്തേക്കാളും മെച്ചപ്പെട്ട സംവിധാനം കേരളത്തിലാണ് എന്നായിരുന്നു. എന്നാൽ അതിൽ സത്യത്തിന്റെ ഒരംശം പോലുമില്ലായിരുന്നു എന്ന് പിന്നീട് തിരിച്ചറിഞ്ഞില്ലേ. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയപ്പോൾ രോഗികളും കൂടി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ കേരളം മുമ്പിലായി. ആരെയൊക്കെയോ തോൽപിച്ച് മുമ്പിൽക്കയറാൻ വെമ്പൽ കൊള്ളുന്ന ഒരു ഭരണകൂടം. അതിനായി ഒരുക്കിയ പി.ആർ പശ്ചാത്തലം.

കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും പഞ്ചാബിലും എ.ഐ.എ.ഡി.എം.കെ ഭരിക്കുന്ന തമിഴ് നാട്ടിലും ഭരണകൂടം നിശബ്ദമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ ഇവിടെ അത് ആഘോഷമാക്കി വിജയമാക്കാനായിരുന്നു ഭരണകൂടം ശ്രമിച്ചത്.

വാക്സിനേഷൻ തുടങ്ങിയ സമയത്ത് തന്നെ പിണറായി വിജയൻ പ്രഖ്യാപിച്ചു, കേരളത്തിൽ വാക്സിനേഷൻ പൂർണമായും സൗജന്യമായിരിക്കും എന്ന്. അപ്പോഴെല്ലാം കേന്ദ്ര സർക്കാർ ആനുപാതികമായി കേരളത്തിന് വാക്സിൻ നൽകിക്കൊണ്ടിരിക്കുകയായിരുന്നു.

അപ്രതീക്ഷിതമായി കോവിഡിന്റെ രണ്ടാം തരംഗമുണ്ടാവുകയും കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തപ്പോൾ കേന്ദ്ര സർക്കാർ കൂടുതൽ സമ്മർദ്ദത്തിലായി.

ഇന്ത്യയിൽ വാക്സിൻ നിർമ്മിക്കുന്നത് രണ്ട് ലാബറട്ടറികളിലാണ്. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ കൊവി ഷീൽഡും ഭാരത് ബയോടെക്കിൽ കൊവാക്സിനും. മറ്റ് പല രാജ്യങ്ങളും ഇവയുടെ നിർമ്മാണത്തിന് വേണ്ടി പണം മുടക്കിയിട്ടുണ്ട്. ഉണ്ടാക്കുന്ന നിശ്ചിത ശതമാനം അവർക്ക് നൽകും എന്നതാണ് കരാർ.

വാക്സിൻ നിർമ്മാണത്തിന് വേണ്ട ചില അസംസ്കൃത വസ്തുക്കൾ അമേരിക്കയാണ് തരുന്നത്. രണ്ടാം തരംഗം ഉണ്ടായപ്പോൾ വാക്സിനേഷന്റെ തോത് വർദ്ധിപ്പിക്കേണ്ടിവന്നു. എന്നാൽ വിദേശ രാജ്യങ്ങളുമായുള്ള കരാർ പാലിക്കുകയും വേണം. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് വാക്സിൻ പുറം രാജ്യങ്ങൾക്ക് നൽകുന്നത് ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ഇങ്ങിനെയുള്ള ഒരു സന്നിഗ്ദ്ധ സാഹചര്യത്തിലാണ് പിണറായി വിജയന്റേയും കുട്ടി സഖാക്കളുടേയും കേന്ദ്രത്തിന് നേരെയുള്ള ആക്രോശം. വാക്സിൻ കേന്ദ്രം സൗജന്യമായി നൽകണം എന്ന്.

കേന്ദ്രം പല പദ്ധതികൾക്കായി നൽകിയ പണത്തിന്റെ കണക്ക് കൊടുക്കാൻ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും കൊടുത്തിട്ടില്ല. അതെല്ലാം വകമാറ്റി ചിലവാക്കി. കൂടാതെ പ്രധാനമന്ത്രി ആവാസ് യോജനയിലെ പണം എടുത്ത് കേന്ദ്രത്തിന്റെ പേര് പോലും പറയാതെ ലൈഫ് മിഷൻ പദ്ധതി എന്ന പേരിൽ സംസ്ഥാന പദ്ധതിയാക്കി മാറ്റി.

കോവിഡ് കാലയളവിൽ കേന്ദ്രം നൽകിയ സൗജന്യമായി നൽകിയ ഭക്ഷ്യധാന്യങ്ങൾ എടുത്ത് സംസ്ഥാന സർക്കാരിന്റെ കിറ്റായി നൽകി വോട്ട് പിടിക്കാൻ നോക്കി. സൗജന്യമായി വാക്സിൻ എല്ലാവർക്കും നൽകുമെന്ന് വീമ്പിളക്കിയ പിണറായി വിജയൻ ഇപ്പോൾ കേന്ദ്രം സൗജന്യമായിത്തരണമെന്ന് ആവശ്യപ്പെടുകയാണ്.

ആരോഗ്യം സംസ്ഥാന കാര്യമാണെന്നും അതിൽ തങ്ങൾ ഒന്നാമതാണെന്നും വീമ്പിളക്കിയ പിണറായിയും ഐസക്കും എന്താണ് ഒളിച്ചോടുന്നത് ? ആവശ്യത്തിന് ഓക്സിജൻ പോലും ആശുപത്രികൾക്ക് നൽകാൻ കഴിയാത്ത മറ്റൊരു ഭരണാധികാരിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ.

ഇവരെല്ലാം വായ തുറക്കുന്നത് കേന്ദ്രത്തെ കുറ്റപ്പെടുത്താൻ മാത്രമാണ്. അതായത് ഒരു പകർച്ചവ്യാധി വന്നാൽ അതിന്റെ മുഴുവൻ ഉത്തരവാദിത്വവും രാജ്യം ഭരിക്കുന്ന സർക്കാരിന് മാത്രമാണ്. സംസ്ഥാന സർക്കാരിന് ഒരു ബാധ്യതയുമില്ല. എങ്കിൽപ്പിന്നെ സംസഥാന ഭരണം എന്തിനാണ് ? കേന്ദ്രം നേരിട്ട് ഭരിച്ചാൽ മതിയല്ലോ.

പക്വതയില്ലാത്ത ഭരണാധികാരികൾ മാത്രമേ ഇത്തരത്തിൽ തരം താണ രാഷ്ട്രീയം ഇക്കാര്യത്തിൽ പറയുകയുള്ളു. കോവിഡിന്റെ രണ്ടാം വരവ് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. ഒരുമിച്ച് നിന്ന് ഒരു വിപത്തിനെ നേരിടേണ്ട ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ തരം താണ രാഷ്ട്രീയം പറയുന്നത് കേരളത്തിലെ സഖാക്കൾ മാത്രമാണ്.

×