Advertisment

ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് അനാദരവ്: പ്രതിഷേധം ശക്തമാകുന്നു; ചില വര്‍ഗീയ വാദികള്‍ കാണിച്ച ക്രൂരത മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമെന്ന് മുഖ്യമന്ത്രി

New Update

കൊച്ചി: ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. മൃതദേഹത്തോട് അയിത്തം കല്‍പ്പിച്ച ക്ഷേത്രഭാരവാഹികളുടെ നിലപാടിനെതിരായ മാധ്യമവാര്‍ത്തകള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തതോടെയാണ് പ്രതിഷേധം ശക്തമായത്.

Advertisment

സമീപത്തെ എറണാകുളത്തപ്പന്‍ ക്ഷേത്രത്തിന് അശുദ്ധി സംഭവിക്കും എന്ന കാരണം ചൂണ്ടികാട്ടിയാണ് എറണാകുളം ലളിത കലാ അക്കാദമിക്ക് മുന്നില്‍ ചിത്രകാരന്‍ അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കാന്‍ ക്ഷേത്രഭാരവാഹികള്‍ അനുവദിക്കാതിരുന്നത്. വാര്‍ഡ് കൌണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമായിരുന്നു.

publive-image

ദളിത് ചിത്രകാരനായതുകൊണ്ട് മാത്രമാണ് അശാന്തന് മരണശേഷവും അവഗണന നേരിടേണ്ടി വന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. അതേസമയം സംഭവത്തിലുള്‍പ്പെട്ട കൗണ്‍സിലറെ സംരക്ഷിക്കുന്ന നിലപാടാണ് കൊച്ചി മേയര്‍ക്കുള്ളതെന്ന ആക്ഷേപവും ശക്തമാണ്. സംഭവത്തില്‍ ഇരുപത് പേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.

കലാകാരനും പിന്നോക്ക വിഭാഗത്തില്‍പ്പെട്ടതുമായ അശാന്തന്‍ എന്ന ചിത്രകാരന്റെ മൃതദേഹത്തോട് ചില വര്‍ഗീയ വാദികള്‍ കാണിച്ച ക്രൂരത മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എറണാകുളം ദര്‍ബാര്‍ ഹാളിലെ ആര്‍ട് ഗ്യാലറിയില്‍ പൊതുദര്‍ശനത്തിന് വെക്കുന്നത് തൊട്ടടുത്ത ക്ഷേത്രം അശുദ്ധമാക്കുമെന്ന പ്രചാരണം നടത്തി മൃതദേഹത്തെ അപമാനിക്കുകയായിരുന്നു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വമായ വര്‍ഗീയ പ്രചാരണവും സംഘടിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ക്കശ നടപടി കൈക്കൊള്ളും. ഇത്തരം കാടന്‍ മനസ്ഥിതിക്കാരെ സമൂഹം ഒറ്റപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Advertisment