Advertisment

അരുത് , അഹങ്കരിക്കരുത് !

author-image
admin
Updated On
New Update

-ഹസ്സൻ തിക്കോടി-

Advertisment

publive-image

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിര താമസമാക്കിയശേഷം ഞാൻ പങ്കെടുക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. (പ്രവാസികൾക്ക് വോട്ടവകാശമില്ലാത്തതിനാൽ എനിക്ക് നഷ്ടപ്പെട്ടത് നാലു പതിറ്റാണ്ടുകാലത്തെ വോട്ടുകളാണ്) . വലതു മുന്നണിയുടെ ആദ്യ പകുതി മുതലുള്ള ഭരണത്തിന്റെ ഗുണ-ദോഷങ്ങൾ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

അതു കൊണ്ടുതന്നെ ഇരു മുന്നണികളുടെയും ഭരണത്തിലെ നേരും നെറിയും, ഇരുട്ടും വെളിച്ചവും, ശെരിയും തെറ്റും, ഗുണവും ദോഷവും, കളവും ചതിയും, അഴിമതിയും സത്യസന്ധതയും നേരിൽ മനസ്സിലാക്കാനും അനുഭവിക്കാനും എനിക്ക് കഴിഞ്ഞു. പക്ഷെ, ഈ തെരഞ്ഞെടുപ്പ് ഏറെ ശ്രദ്ധേയമാണെന്നു ഞാൻ മനസ്സിലാക്കുന്നു. രാജ്യത്ത് വളർന്നു വരുന്ന വർഗീയ ഫാഷിസ്റ്റ് ശക്തികളുടെ കടന്നുകയറ്റമാണ് ഈ തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നത്. വർഗീയ മുക്ത കേരളം എന്റെ ഒരു സ്വപ്നമാണ്.

കഴിഞ്ഞ ലോകസഭാ തെരെഞ്ഞുടുപ്പിലും ഞാൻ പങ്കാളിയായിരുന്നു. രണ്ടാമൂഴത്തിനായി കച്ചകെട്ടിറങ്ങിയ ബി.ജെ.പി. സർക്കാരിനെ മുട്ടുകുത്തിക്കാൻ എന്തുകൊണ്ടോ ആറ് ദശാബ്ദക്കാലം ഇന്ത്യ താലോലിച്ചു വളർത്തിയ കോൺഗ്രസ്സിനാവാതെ പോയത് ബഹുഭൂരിപക്ഷം ജനങ്ങൾക്കും താങ്ങാനാവാത്ത സങ്കടമായിരുന്നു. ജനങ്ങളുടെ ക്ഷേമവും സുരക്ഷയും കണക്കിലെടുക്കാതെ ഒരു പ്രസ്ഥാനം സ്വാർത്ഥമോഹത്താൽ പല പല കഷ്ണങ്ങളിലായിതീരുമ്പോൾ എവിടെയും സംഭവിക്കുന്നത് മാത്രമേ ഇവിടെയും നടന്നിട്ടുള്ളൂ എന്ന് സമാധാനിക്കാം. ഇത്രയൊക്കെ ആയിട്ടും ആ അവസ്ഥക്ക് മാറ്റം വന്നിട്ടില്ലെന്ന് കാണുമ്പോൾ ഇന്ത്യ ഫാഷിസ്റ്റ് ശക്തികളുടെ കൈകളിൽ തന്നെ തുടരാനുള്ള സാധ്യത ഏറിവരുകയാണ്.

കാരണം ക്രിയാത്മകമായ ഒരു പ്രതിപക്ഷമാവാൻ പോലും കോൺഗ്രസ്സിനാവാതെ പോയത് ആ പാർട്ടിയിലെ അന്തഛിർദ്ര മല്ലെങ്കിൽ മറ്റെന്താണ്. പ്രതീക്ഷയുടെ അവസാന കിരണങ്ങള്‍ പോലും നഷ്ടമായേക്കാവുന്ന തോന്നലുണ്ടാവും വിധത്തിലാണ് അവരിൽ ചിലരുടെ വർത്തമാന ചെയ്തികൾ.

publive-image

ഉറപ്പാണ് എൽ.ഡി.എഫ്:

കേരളത്തിൽ രണ്ടാം മുഴം കാത്തിരിക്കുന്ന ഇടതുപക്ഷ സർക്കാരിന് “ഉറപ്പാണ്” എന്ന കാപ്ഷ്യൻ കണ്ടുപിടിച്ച ശില്പിയെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. ഭരണ തുടർച്ച ഇപ്പോൾ തന്നെ “ഉറപ്പിച്ച” മട്ടിലാണ് ഇടതു മുന്നണിയുടെ പ്രചാരണം. അവർക്കു പറയാൻ അവകാശ വാദങ്ങൾ ഏറെയുണ്ടെങ്കിലും, മറുഭാഗത്ത് എടുത്തു പറയാനായി ഒന്നുമില്ലാത്ത അവസ്ഥക്കുമപ്പുറം ശിഥിലമായ പാർട്ടികളെ ഒരു കുടക്കീഴിൽ അണിനിരത്താനുള്ള ബന്ധപ്പാടുകൾ ഒരുവശത്തു നടക്കുമ്പോൾ പൊട്ടിത്തെറിയും പരസ്പരം പഴിചാരലും മറുവശത്തു അമ്മാനമാടുന്നു.

മുഖ്യ ശത്രു ആരെന്ന് തിരിച്ചറിയാനാവാതെ നട്ടം തിരിയുമ്പോൾ അതിന്റെ എല്ലാ നേട്ടങ്ങളും ചെന്നെത്തുക എൽ.ഡി.എഫിനായിരിക്കുമെന്നത് മറച്ചുപിടിക്കനാവില്ല. എന്നാൽ ഇരു കൂട്ടരും വളർച്ചയുടെ വിത്തുകൾ പാകുന്നത് ബി.ജെ.പി. യുടെ പാടത്തിലാണെന്ന പരമ സത്യം മനഃപൂർവം മറക്കുന്നു.

കോൺഗ്രസ്സിൽ ദേശീയ തലത്തിൽ ചില ഉരുൾപൊട്ടലുകൾ തുടങ്ങിക്കഴിഞ്ഞു. ഗുലാം നബി ആസാദതടക്കം ചില മുതിർന്ന നേതാക്കൾ അരുചികരമായ നീക്കം ആരംഭിചിരിക്കുന്നു. ബിജെപിയെ മറികടക്കാൻ കോൺഗ്രസ്സിനാവില്ല എന്ന തോന്നലിൽ അവർ മറ്റു വഴികൾ തേടുകയാണ്. കോൺഗ്രസ്സില്ലാത്ത ഒരു ബദൽ മൂന്നാം മുന്നണിയുടെ ബീജം ഏതോ ഗർഭാശയത്തിൽ വളർന്നു വലുതാവുന്നുണ്ട്. കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കാനുള്ള സാദ്ധ്യതകൾ രാക്ഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല.

publive-image

ഇടതു പക്ഷം തിരുത്തണം:

രണ്ടാംമൂഴം കിട്ടിയപ്പോൾ മോദി സർക്കാർ എങ്ങനെ അഹങ്കരിച്ചെന്നു നമുക്കറിയാം. ലോക സഭയിലും രാജ്യ സഭയിലും അവരുടേതായ ഭൂരിപക്ഷം ഉറപ്പിച്ചതോടെ സകല മേഖലകളും അവരുടെ കൈപിടിയിൽ ഒതുങ്ങി. നോട്ടു നിരോധം മുതൽ ബാബരി മസ്ജിദ് വിധി വരെ പലതും നമ്മോടു പറഞ്ഞു തന്നത് മറ്റൊന്നായിരുന്നില്ല. കോവിഡ് എന്ന മഹാമാരി വന്നില്ലായിരുന്നെങ്കിൽ പൗരത്വ ഭേദഗതി നിയമം പോലും നമ്മുടെ മേൽ അടിച്ചേൽപ്പിക്കുമായിരുന്നു. എതിർപ്പിന്റെ മറുശബ്‍ദം ഉണ്ടാവാതിരിക്കാൻ അവർക്കധികം പണിപ്പെടേണ്ടി വന്നില്ല. കാരണം ക്രിയാത്മകമായ പ്രതിപക്ഷത്തിന്റെ അഭാവവും, യോജിപ്പില്ലായ്മയും മറുവശത്ത് കൂടുതൽ ശക്തി പകർന്നു. അതു കൊണ്ടുതന്നെ തെറ്റുകൾ ചൂണ്ടികാണിക്കാൻ ശകത്മായ പ്രതിപക്ഷവും തെറ്റുകൾ തിരുത്താൻ സന്മസ്സുള്ള ഭരണപക്ഷവും ഇവിടെ അനിവാര്യമാണ്.

അഹങ്കാരത്തിന്റെ അളവുകോൽ:

രണ്ടാംമൂഴത്തിലെക്കു ഒരു പക്ഷെ കയറിയിരുന്നാൽ തീർച്ചയായും സ്വാഭാവികമായ അഹങ്കാരം ഏതൊരു ഭരണാധികാരിയിലും ഉണ്ടാവും. പക്ഷെ കേരളത്തിൽ അത് സംഭവിക്കാൻ പാടില്ല. അധികാരം ഭരണാധികാരികൾക്ക് ഒരു ലഹരിയാണ്.

ആ ലഹരിയുടെ മത്തിൽ അവർ സ്വയം എല്ലാം മറക്കും. അധികാരത്തിന്റെ ദണ്ഡുപയോഗിച്ചു സകലതും തച്ചുടക്കാമെന്ന ധിക്കാരം അവരിൽ അവരറിയാതെ വന്നു ചേരും. സ്വയം നില മറക്കുന്ന, വന്ന വഴികളിലേക്ക് എത്തിനോക്കാൻ മടിക്കുന്ന ഒരു തരം ഉന്മാദാവസ്ഥയിലാണ് ഇങ്ങനെയുള്ളവർ എത്തിച്ചേരുക. അപ്പോൾ തന്നെക്കാൾ വലിയവരായി ആരുമില്ലെന്ന്‌ അഹംഭാവത്താൽ അവർ കഴിയും. അവിടെ വിവേകം വിനഷ്ടമാകും. തോന്നുന്നതെല്ലാം ചെയ്തു കൂട്ടും.

ചരിത്രത്തിന്റെ താളുകളിൽ നാം കണ്ട ഏകാധിപതികളും സ്വേച്ഛാധിപതികളും സഞ്ചരിച്ച വഴികൾ അതായിരുന്നു. ഫിർഔനും നംറൂതും പിന്നെ ഹിറ്റ്ലറും മുസ്സോളിനിയും അലക്‌സാണ്ടറും പോയ വഴികൾ അതായിരുന്നു. എന്തിനധികം ദൂരം പോവണം.

ലോകത്തിലെ ഏറ്റവും പുരാതനമായ ജനാതിപത്യ രാജ്യമായ അമേരിക്കയിൽ ജനാധിപത്യത്തിന്റെ ഏകാധിപതിയായി മാറിയ ഡൊണാൾഡ് ട്രംപ്പിന്റെ അധികാരമോഹവും ഏകാധിപത്യ പ്രവണതയും അദ്ദേഹത്തെ നശിപ്പിച്ച സംഭവം ഈ കാലഘട്ടത്തിൽ വായിച്ചെടുക്കേണ്ടതാണ്. ഇവർക്കൊക്കെ ചരിത്രം കുറച്ചു സമയവും സാവകാശവും നൽകിയിരിക്കാം, പക്ഷെ അവരുടെ പര്യവസാനം കനത്ത പരാജയമായിരുന്നു. സ്വയം നാശമായിരിന്നു ഇവരുടെയൊക്കെ ജീവിതം. ഒരു ജനതയുടെ, നാഗരികതയുടെ അന്ത്യമായിരിക്കും. കണ്ണീരിലും രക്തത്തിലും വന്നു ചേരുന്ന ദയനീയ പര്യവസാനം.

നമുക്കിത് വേണമോ എന്ന് രണ്ടാമൂഴക്കാർ ചീന്തിക്കണം. അഥവാ തുടർ ഭരണം കൊതിക്കുന്ന വോട്ടർമാർ ചിന്തിക്കണം. ഇവരുടെ അഹന്ത മാറ്റിയെടുത്തില്ലെങ്കിൽ മറ്റൊരു അഞ്ചുവർഷം കൂടി നമ്മൾ സഹിച്ചേ മതിയാവൂ.

വാളയാർ കേസിലും, പാലത്തായി കേസിലും സംഭവിച്ചത് ഇനിയുമൊരു ഭരണത്തിലും ആവർത്തിക്കരുത് . നിസ്സഹായരായ ആ അമ്മമാരേ നേരിൽ പോയി സമാശ്വസിപ്പിക്കാൻ ഇന്നു വോട്ടു തേടി നടക്കുന്നവർക്കാവാതെ പോയ ദുഃഖം മാലോകർ മറക്കാൻ സമയമായിട്ടില്ല. വീണ്ടു വിചാരം ഏതൊരു ഭരണാധികാരിയിലും ഉണ്ടാവേണ്ട അടിസ്ഥാന ഘടകമാണ്. മാർക്കട മുഷ്ടികൊണ്ട് ഒന്നും നേടാനാവില്ല.

കഴിഞ്ഞ ഭരണത്തിലെ ശെരിയും തെറ്റും മനസ്സിലാക്കി അവ തിരുത്തിയാവണം പുതിയ കസേരയിൽ ഇരിക്കേണ്ടത്. പുതിയ കുപ്പികളിലെ പഴയ വീഞ്ഞ് നുകരുന്നത് ആപത്തായിരിക്കും. അഹന്തയും, പിടി വാശിയും കൈവെടിയണം. “കടക്കു പുറത്തു” എന്ന പ്രയോഗങ്ങള്‍ കേരളം താലോലിക്കുന്ന സാംസ്കാരിക മഹത്വത്തിന്നപ്പുറമാണെന്ന ധാരണ നേതാക്കന്മാരിലുണ്ടാവണം. അത്തരം നിലവാരമില്ലാത്ത അവസ്ഥകൾ ഒഴിവാക്കി എല്ലാ വിഭാഗക്കാരെയും ഒരുമിച്ചു കൊണ്ടു പോവാനുള്ള ബുദ്ധി പരമായ ഭരണ തുടർച്ചയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

കഴിഞ്ഞ കാലത്തേ ഭരണം തികച്ചും സുതാര്യവും, മേന്മയുള്ളതുമാണെന്ന ധാരണ എല്ലാവർക്കുമില്ല. പോരായ്യ്മകൾ ഏറെ വന്നിട്ടുണ്ട്. അതെല്ലാം സ്വമേധയാ പരിഹരിച്ചു കൊണ്ടു ലോകത്തിനു തന്നെ മാതൃകയായി ഭരിക്കുന്ന വരെയാണ് ജനങ്ങൾ കൊതിക്കുന്നത്. കേരളം കാലങ്ങളായി കാത്തുസൂക്ഷിച്ച മത സൗഹാർദ്രവും പരസ്പര വിശ്വാസവും സ്നേഹവും സമാധാനവും നമുക്ക് നഷ്ടപ്പെട്ടു കൂടാ. ഇന്ന് കൊണ്ടുവന്ന വികസനത്തിനപ്പുറം സുസ്ഥിര വികസനത്തിന്റെ കാഴ്ചപ്പാടുകൾ ഭരണാധികാരികൾക്കുണ്ടാവണം.

publive-image

പകരംവീട്ടലും പ്രതികാരവും:

അമേരിക്കയിലെ ഭരണ സംവിധാന ത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ അത് നമുക്ക് മനസ്സിലാക്കിത്തരുന്ന വസ്തുത പരസ്പര വിശ്വാസത്തിന്റെയും സ്നേഹാദരവിന്റെതുമാണ്. ശക്തമായ ഒരു പ്രതിപക്ഷം എക്കാലത്തും അവിടെയുണ്ടായിട്ടുണ്ട്. ഭരിക്കുന്നത് ഡെമോക്രട്റ്റായാലും, റിപ്പബ്ലിക്കാരായാലും ഇറങ്ങിപ്പോയവരോട് പ്രതികാരവാഞ്ചയോടെ പെരുമാറുക ജനാതിപത്യത്തിനു ഭൂഷണമല്ല.

രാജ്യത്തിന്റെ മൊത്തമായ വികസനവും ഒരുമയുമാണ് ഭരണീയർ ആഗ്രഹിക്കുന്നത്. പരസ്പര ബഹുമാനം ഉറപ്പിച്ചു കൊണ്ടു അഹങ്കാരത്തിന്റെ കണിക പോലുമില്ലാതെ ഭരണ സാരഥികൾ താങ്കൾക്ക് ജനങ്ങൾ നൽകിയ സാമാജികത്വം സമയ ബന്ധിതമായി നിറവേറ്റാൻ കർമ്മരംഗതിറങ്ങുകയാണ് അവിടങ്ങളിൽ ചെയ്യുന്നത്. ബുദ്ധിയും വിവേകവുമുള്ള ഉദ്യോഗസ്ഥ നിരയാണ് അതിന്നാവശ്യം.

ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്തു ഇല്ലാതെ പോയതും അതായിരുന്നു. അതുകൊണ്ടാണല്ലോ ജോ ബൈഡൻ അധികാരമേറ്റയുടൻ അൻപതിലധികം ബുദ്ധിശാലികളായ ഇന്ത്യൻ വംശജരെ വൈറ്റ്ഹൗസിൽ നിയമിച്ചത്. സ്വജന പക്ഷപാതമോ വർണ വിവേചനമോ കൂടാതെ എങ്ങനെ ഭരണം നിറവേറ്റാം എന്നതിന് ഉത്തമോദാരണമാണ് ഇന്നത്തെ ബൈഡൻ അഡ്മിനിസ്ട്രേഷൻ.

ഇത്തരം മാതൃകകൾ ഇവിടെയും പരീക്ഷിക്കാവുന്നതാണ്. ഭരണത്തിലേറിയാൽ പ്രതിബന്ധത ജനങ്ങളോടാണ് വേണ്ടത്, പാർട്ടിയോടല്ല എന്ന തിരിച്ചറിവ് ഭരണ സാരഥികൾക്കുണ്ടാവണം. സ്വജനപക്ഷപാതം പാടെ വെടിയണം.

ഉദ്യോഗസ്ഥവൃന്ദരുടെ അഴിഞ്ഞാട്ടത്തിന് ഇടനൽകാതെ അവരെ നിയന്ത്രിക്കാനുള്ള കരുത്തും കയറും ഭരണീയരുടെ കൈയ്യിലുണ്ടാവണം. ചെലവ് ചുരുക്കി ഭരിക്കുക എന്ന ആശയത്തിന് മുൻഗണന കൊടുക്കുക. നിലവിൽ കേരളത്തിന്റെ കടം രണ്ടുകോടി തൊണ്ണൂറ്റിയേഴു ലക്ഷമാണ്. തുടർഭരണം നേടുന്നതോടെ അടുത്ത ഭരണത്തിന്റെ അവസാനത്തിലെത്തുമ്പോഴേക്കും കേരളത്തിന്റെ കടം നാലു ലക്ഷം കൊടിയിലേക്കെത്തിച്ചേരും. എന്നുവെച്ചാൽ ജനിച്ചു വീഴുന്ന കുഞ്ഞുപോലും കടക്കാരനാവുകയാണ്. അറുപതിനായിരം രൂപ ആയിരിക്കും ഓരോ കേരളീയന്റേയും ശരാശരി കടം.

ഈ അവസ്ഥക്ക് മാറ്റം വരുത്തണമെങ്കിൽ അനാവശ്യമായ ധൂർത്തും, വൃഥാ ചെലവുകളും അടിയന്തിരമായി ഇല്ലാതാക്കണം. മുപ്പതോ നാൽപതോ ശിങ്കിടിമാരെ ഓരോ മന്ത്രിയുടെ ചുറ്റിലും എന്നത് പകതിയിലേക്കെത്തിക്കുക. പബ്ലിക് റിലേഷന്റെ പരസ്യ തുക പകുതിയാക്കുക. പെട്ടിക്കടകൾ പോലും ഉൽഘാടനം ചെയ്യുന്ന മന്ത്രിമാരുടെ പരിപാടികൾ വെട്ടിച്ചുരുക്കി സധാ ഭരണത്തിൽ ശ്രദ്ധ ചെലുത്തുക.

ഭരണത്തിലിരിക്കുമ്പോൾ പാർട്ടിയെ വളർത്തുക എന്നതിന് പകരം നാടിനെയും നാട്ടുകാരെയും പോറ്റാനും അവരുടെ നിത്യമായ പ്രശനങ്ങളിൽ ഇടപെടാനും കഴിയുക. നാടിന്റെ നന്മക്കും ക്ഷേമത്തിനും ഊന്നൽ നൽകുക. പരസ്പര വിധ്വെഷവും വൈരവും മറന്നു നാടിന്റെ പൊതു നന്മക്കായി ഭരണീയരുടെ ഊർജവും സമയവും ചെലവഴിക്കുക. ചെറുതും വലുതുമായ ഗൂഢാലോചനകൾക്ക് പകരം മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന പദ്ധതികൾക്ക് രൂപം നൽകുക. അതായിരിക്കട്ടെ രണ്ടാമൂഴത്തിലെ “ഉറപ്പുകൾ”.

Advertisment