Advertisment

‘ആ മത്സരത്തിൽ ഭാഗ്യം സച്ചിനെ എത്രമാത്രം തുണച്ചെന്ന കാര്യം അദ്ദേഹത്തിനു തന്നെ അറിയാം. സച്ചിന്റെ കരിയറിൽ ഏറ്റവും കൂടുതൽ ‘സ്ക്രാച്ചുകൾ’ ഉള്ള ഇന്നിങ്സായിരുന്നു അത്!

New Update

ഇന്ത്യ കിരീടം ചൂടിയ 2011ലെ ലോകകപ്പിൽ പാക്കിസ്ഥാനെതിരായ സെമി പോരാട്ടം അതിജീവിച്ച് ഫൈനലിലേക്ക് മുന്നേറാൻ ഇന്ത്യയെ തുണച്ചത് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ അർധസെഞ്ചുറിയാണ്. ഇന്ത്യൻ നിരയിൽ മറ്റാർക്കും അർധസെഞ്ചുറി തൊടാൻ സാധിക്കാതെ പോയപ്പോൾ, സച്ചിൻ നേടിയത് 115 പന്തിൽ 85 റൺസ്.

Advertisment

publive-image

11 ഫോറുകൾ അകമ്പടി സേവിച്ച ഇന്നിങ്സ്. എന്നാൽ, സച്ചിന്റെ മികവിനേക്കാൾ ഭാഗ്യം കനിഞ്ഞനുഗ്രഹിച്ച ഇന്നിങ്സായിരുന്നു പാക്കിസ്ഥാനെതിരെ അദ്ദേഹം കളിച്ചതെന്ന് തുറന്നുപറയുകയാണ് അന്ന് ടീമിൽ അംഗമായിരുന്ന മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. ഇക്കാര്യം സച്ചിനുതന്നെ അറിയാവുന്നതാണെന്നും നെഹ്റ പറഞ്ഞു.

പാക്കിസ്ഥാനെതിരായ മത്സരത്തിൽ സച്ചിൻ നേടിയ അർധസെ‍ഞ്ചുറി, ഏറ്റവും കൂടുതൽ ‘സ്ക്രാച്ചു’കളുള്ള അർധസെഞ്ചുറിയെന്നാണ് നെഹ്റ വിശേഷിപ്പിച്ചത്. കാരണം, ഈ മത്സരത്തിൽ സച്ചിൻ നൽകിയ നാല് അവസരങ്ങളാണ് പാക്കിസ്ഥാൻ താരങ്ങൾ നഷ്ടപ്പെടുത്തിയത്. ഡിആർഎസിന്റെ കനിവിലും രണ്ടു തവണ രക്ഷപ്പെട്ടു. സ്കോർ 27ൽ നിൽക്കെ മിസ്ബ ഉൾ ഹഖ്, 45ൽ നിൽക്കെ യൂനിസ് ഖാൻ, 70ൽ നിൽക്കെ കമ്രാൻ അക്മൽ, 81ൽ നിൽക്കെ ഉമർ അക്മൽ എന്നിവരാണ് സച്ചിനെ കൈവിട്ടത്.

സച്ചിൻ രാജ്യാന്തര കരിയറിലെ 100–ാം സെഞ്ചുറി കുറിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും 85ൽ നിൽക്കെ സയീദ് അജ്മലിന്റെ പന്തിൽ ഷാഹിദ് അഫ്രീദിക്ക് ക്യാച്ച് നൽകി പുറത്തായി. ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്ത ഇന്ത്യ പാക്കിസ്ഥാനെ 49.5 ഓവറിൽ 231 റൺസിന് പുറത്താക്കി ഫൈനലിലേക്ക് മാർച്ച് ചെയ്തു. സച്ചിനായിരുന്നു കളിയിലെ കേമൻ. പിന്നീട് കലാശപ്പോരിൽ ശ്രീലങ്കയെ തകർത്ത് കിരീടവും ചൂടി.

‘ആ മത്സരത്തിൽ ഭാഗ്യം സച്ചിനെ എത്രമാത്രം തുണച്ചെന്ന കാര്യം അദ്ദേഹത്തിനു തന്നെ അറിയാം. സച്ചിന്റെ കരിയറിൽ ഏറ്റവും കൂടുതൽ ‘സ്ക്രാച്ചുകൾ’ ഉള്ള ഇന്നിങ്സായിരുന്നു അത്. സച്ചിൻ 40 റണ്‍സെടുക്കുന്ന മത്സരങ്ങളിൽപ്പോലും അതിൽ അംപയർമാരുടെ മോശം തീരുമാനമോ കൈവിട്ട ചില ക്യാച്ചുകളോ കാണും. പക്ഷേ, ഇത്രയധികം ഭാഗ്യം സച്ചിനെ തുണച്ച മറ്റൊരു മത്സരം കാണില്ല’ – ‘ഗ്രേറ്റസ്റ്റ് റൈവൽറി പോഡ്കാസ്റ്റി’ൽ നെഹ്റ ചൂണ്ടിക്കാട്ടി.

‘നോക്കൂ, ലോകകപ്പിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരമായാലും ഇന്ത്യ ഇംഗ്ലണ്ട് മത്സരമായാലും മറ്റേതു മത്സരമായാലും സമ്മർദ്ദമുണ്ട്. സെമിയിലേക്ക് മുന്നേറാൻ കഴിഞ്ഞത് നിങ്ങളൊരു നല്ല ടീമായതുകൊണ്ടാണെന്ന് തീർച്ച. പക്ഷേ, അപ്പോഴും സമ്മർദ്ദം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനം’ – നെഹ്റ ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് ലഭിച്ച തുടക്കമനുസരിച്ച് ടീം 340–350 റൺസ് സ്കോർ ചെയ്യുമെന്നായിരുന്നു പ്രതീക്ഷയെന്നും നെഹ്റ വെളിപ്പെടുത്തി. ഒടുവിൽ 261 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാനെ സഹീർ ഖാൻ, മുനാഫ് പട്ടേൽ, ഹർഭജൻ സിങ്, യുവരാജ് സിങ് എന്നിവർക്കൊപ്പം നെഹ്റയും ചേർന്ന് രണ്ടു വീതം വിക്കറ്റെടുത്താണ് പാക്കിസ്ഥാനെ 231 റൺസിൽ ഒതുക്കിയത്.

sports news sachin tendulkkar asish nehra
Advertisment