Advertisment

ദൈവനിന്ദയുടെ പേരിൽ വർഷങ്ങളോളം പാക്കിസ്ഥാൻ ജയിലിൽക്കഴിഞ്ഞ ക്രിസ്ത്യൻ വനിത ആസിയാബീവി ഒടുവിൽ പാക്കിസ്ഥാൻ വിട്ടു കാനഡയിലെത്തി

New Update

publive-image

Advertisment

ദൈവനിന്ദയുടെ പേരിൽ വർഷങ്ങളോളം പാക്കിസ്ഥാൻ ജയിലിൽക്കഴിഞ്ഞ ക്രിസ്ത്യൻ വനിത ആസിയാബീവി 12 മണിക്കൂർ മുൻപ് രാജ്യം വിട്ടു കാനഡയിൽ എത്തിച്ചേർന്നു. അവരുടെ രണ്ടു പെൺമക്കളും ഭർത്താവും നേരത്തേതന്നെ കാനഡയിൽ എത്തിയിരുന്നു.

2009 ജൂൺ 14 നു വയലിൽ ജോലിചെയ്തുകൊണ്ടിരിക്കെ പൊതുകിണറ്റിൽനിന്ന് വെള്ളം കുടിച്ചതിനെത്തുടർന്ന് അയൽക്കാരായ സ്ത്രീകളുമായുണ്ടായ വഴക്കിൽ പ്രവാചകൻ മുഹമ്മദ് നബിയെ ആസിയാബീവി ആക്ഷേപിച്ചു എന്ന ആരോപണത്തിന്റെ പേരിൽ അവരെ അറസ്റ്റ് ചെയ്യുകയും കീഴ്ക്കോടതി ദൈവനിന്ദ നടത്തിയെന്ന കുറ്റത്തിന് 2010 ൽ വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ നവംബറിൽ പാക്കിസ്ഥാൻ സുപ്രീം കോടതി അവരെ കുറ്റവിമുക്തയാക്കുകയായിരുന്നു. ഇതേത്തുടർന്ന് രാജ്യമെമ്പാടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുകയും ആസിയാബീവിയുടെയും കുടുംബത്തിന്റെയും സുരക്ഷ പാക്കിസ്ഥാൻ രഹസ്യാന്വേഷണവിഭാഗം ഏറ്റെടുക്കുകയും അവരെ രഹസ്യതാവളത്തിൽ പാർപ്പിച്ചിരിക്കുകയുമായിരുന്നു.

publive-image

പാക്കിസ്ഥാനിൽ ഇനി ജീവിതം സാദ്ധ്യമല്ലെന്ന അവസ്ഥയിൽ അവർ യൂറോപ്പിലെ പല രാജ്യങ്ങളിലും അഭയത്തിനായി അപേക്ഷിച്ചിരുന്നു.

ഒടുവിൽ കാനഡ അവർക്കും കുടുംബത്തിനും അഭയം നൽകാൻ തീരുമാനിച്ചതിനെത്തുടർന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെ അവർ ഇന്നലെ ( 07/05/19) രാത്രി പാക്കിസ്ഥാൻ വിടുകയായിരുന്നു. ആസിയാബീവിയുടെ വക്കീൽ സൈഫ് ഉൾ മുലൂക്ക് ആണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ജയിൽമോചിതയായശേഷമുള്ള അജ്ഞാതകേന്ദ്രത്തിലെ താമസക്കാലത്ത് അവർ ഒരു പുസ്തകം എഴുതുകയുണ്ടായി. അതിൽ അന്ന് വയലിൽനടന്ന സംഭവങ്ങൾ വിസ്തൃതമായി വിവരിച്ചിട്ടുണ്ട്.

kanappurangal
Advertisment