Advertisment

അമ്പത്തിയാറ് വര്‍ഷത്തെ ചരിത്രത്തിന് മാറ്റം കുറിച്ച് ജിന്‍സന് സ്വര്‍ണം; ചിത്രയ്ക്ക് വെങ്കലം; ഏഷ്യന്‍ ഗെയിംസില്‍ മലയാളിത്തിളക്കം; മെഡല്‍പട്ടികയില്‍ ഇന്ത്യ ഏട്ടാംസ്ഥാനത്ത്

New Update

ഏഷ്യന്‍ ഗെയിംസില്‍ കേരളത്തിന്റെ മുദ്ര തെളിഞ്ഞു. അമ്പത്തിയാറ് വര്‍ഷത്തെ ചരിത്രത്തിന് മാറ്റം കുറിച്ച് പുരുഷ വിഭാഗം 1,500 മീറ്ററില്‍ ജിന്‍സന്‍ ജോണ്‍സണ്‍ എന്ന കോഴിക്കോട് ചക്കിട്ടപാറക്കാരനിലൂടെ ഇന്ത്യ സ്വര്‍ണത്തില്‍ മുത്തമിട്ടു. 3 മിനിറ്റ് 44.72 സെക്കന്‍ഡിലാണ് ജിന്‍സന്‍ ഫിനിഷ് ചെയ്തത്. വനിതകളുടെ 4X400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിനായി ബാറ്റണ്‍ പിടിച്ച് കണ്ണൂര്‍ കാങ്കോല്‍ സ്വദേശിനി വി.കെ.വിസ്മയയും ഏഷ്യന്‍ ഗെയിംസില്‍ കേരളത്തിന്റെ അഭിമാനമായി. വനിതകളുടെ 1,500 മീറ്ററില്‍ വെങ്കലം നേടി കേരളത്തിന്റെ സ്വന്തം പി.യു.ചിത്രയും ട്രാക്കിലെ താരമായി.

Advertisment

publive-image

പുരുഷ റിലേ ടീമില്‍ അംഗമായി വൈ.മുഹമ്മദ് അനസും പി.കുഞ്ഞുമുഹമ്മദും വെള്ളിയില്‍ മുത്തമിട്ടതോടെ ഏഷ്യയുടെ ട്രാക്കില്‍ കേരളത്തിന്റെ ദിവസം.

വനിതാ ഡിസ്‌കസ് ത്രോയില്‍ വെങ്കലം നേടി സീമ പുനിയ തുടര്‍ച്ചയായ രണ്ടാം തവണയും ഏഷ്യന്‍ ഗെയിംസ് മെഡലില്‍ മുത്തമിട്ടു. ഇന്ത്യയ്ക്ക് ഇന്നലെ മറ്റിനങ്ങളില്‍ മെഡലുകളില്ല. പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യയെ മലേഷ്യ ഞെട്ടിച്ചു. ഇനി പോരാട്ടം വെങ്കലത്തിന്. ഏഷ്യന്‍ ഗെയിംസ് 12 ദിവസം പിന്നിടുമ്പോള്‍ മലയാളിക്കരുത്തില്‍ 13 സ്വര്‍ണവും 21 വെള്ളിയും 25 വെങ്കലവുമായി ഇന്ത്യ എട്ടാം സ്ഥാനത്ത്. ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ചൈനയും (112 സ്വര്‍ണം) ജപ്പാനും (59) ദക്ഷിണ കൊറിയയും (39) തന്നെ.

1,500ലും 800ലും മെഡല്‍ നേടിയ ജിന്‍സന്‍ 56 വര്‍ഷത്തിനുശേഷം ഈ രണ്ടിനങ്ങളിലും ഒരൊറ്റ ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന പേരും സമ്പാദിച്ചു. 1962ല്‍ ജക്കാര്‍ത്ത വേദിയായ ഏഷ്യന്‍ ഗെയിംസില്‍ അമൃത്പാലാണ് അവസാനമായി ഈ നേട്ടം സ്വന്തമാക്കിയത് (1,500ല്‍ വെള്ളി, 800ല്‍ വെങ്കലം).

publive-image

സുവര്‍ണ റിലേ

വനിതകളുടെ 4X400 മീറ്റര്‍ റിലേയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഇന്ത്യ സ്വര്‍ണം നേടുന്നത്. മലയാളിതാരം വി.കെ.വിസ്മയയും ഹിമ ദാസ്, എം.ആര്‍.പൂവമ്മ, സരിത ഗെയ്ക്ക്‌വാദ് എന്നിവരും ഉള്‍പ്പെടെ ടീം മൂന്നു മിനിറ്റ് 28.72 സെക്കന്‍ഡിലാണു സ്വര്‍ണം ഓടിയെടുത്തത്. ചങ്ങനാശേരി അസംപ്ഷന്‍ കോളജില്‍ പിജി വിദ്യാര്‍ഥിനിയാണു കണ്ണൂരുകാരി വിസ്മയ. ബഹ്‌റൈന്‍ രണ്ടാമതെത്തി (3:30.61).

വെള്ളിയില്‍ പുരുഷ ടീം

മലയാളികളായ വൈ.മുഹമ്മദ് അനസ്, പി.കുഞ്ഞുമുഹമ്മദ് എന്നിവരും തമിഴ്‌നാട്ടുകാരായ ആരോക്യ രാജീവ്, ധരുണ്‍ അയ്യസാമി എന്നിവരും ഉള്‍പ്പെട്ട പുരുഷ 4X400 മീറ്റര്‍ റിലേ ടീം ഏഷ്യന്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ ബഹ്‌റൈനു (3:00.56) പിന്നില്‍ രണ്ടാമതായി (3:01.85).

അനസിന് മൂന്ന് വെള്ളി

പുരുഷ റിലേ ടീമിനൊപ്പം രണ്ടാം സ്ഥാനം നേടിയതോടെ മലയാളിതാരം അനസിന് ഏഷ്യന്‍ ഗെയിംസില്‍ മൂന്നു മെഡലുകളായി. മൂന്നും വെള്ളി. 400 മീറ്റര്‍, 4X400 മിക്‌സ്ഡ് റിലേ, 4X400 മീറ്റര്‍ പുരുഷ റിലേ എന്നിവയിലാണു താരത്തിന്റെ മെഡല്‍ നേട്ടം.

വിവ അത്‌ലറ്റിക്‌സ്

ഇന്ത്യയ്ക്കു പുറത്തു നടന്ന ഏഷ്യന്‍ ഗെയിംസുകളെടുത്താല്‍ അത്!ലറ്റിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടമാണു ജക്കാര്‍ത്തയിലേത്. ഇത്തവണ അത്‌ലറ്റിക്‌സില്‍നിന്ന് ഇന്ത്യ നേടിയത് ഏഴു സ്വര്‍ണവും പത്തു വെള്ളിയും രണ്ടു വെങ്കലവും. ആകെ 19 മെഡലുകള്‍. 2002ല്‍ ബുസാനിലും ഏഴു സ്വര്‍ണം നേടിയെങ്കിലും അന്ന് ആറു വെള്ളിയേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ തവണ ഇഞ്ചോണില്‍ രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും എട്ടു വെങ്കലവുമുള്‍പ്പെടെ 13 മെഡലുകളാണു രാജ്യം നേടിയത്.

അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം 1951ലെ ആദ്യ ഏഷ്യന്‍ ഗെയിംസിലായിരുന്നു. പത്തു സ്വര്‍ണവും 12 വീതം വെള്ളിയും വെങ്കലവും. രണ്ടാമത്തേത് 1982ല്‍. അന്ന് 21 മെഡല്‍ നേടി. ഈ രണ്ടു ഗെയിംസുകള്‍ക്കും വേദിയായത് ഇന്ത്യയാണ്.

Advertisment