Advertisment

സ്വര്‍ണക്കടത്ത് കേസില്‍ കേരളം ഞെട്ടുന്ന പല വിവരങ്ങളും അധികം വൈകാതെ പുറത്തുവരും. സ്വപ്‌ന സുരേഷ് വിയര്‍ക്കും ഈ ഉദ്യോഗസ്ഥന് മുമ്പില്‍... മുടക്കോഴി മല കയറിയ എഎസ്പി ഷൗക്കത്തലി.

author-image
admin
Updated On
New Update

വമ്പന്‍ സ്രാവുകള്‍ കുടുങ്ങും സ്വര്‍ണക്കടത്ത് കേസില്‍ കേരളം ഞെട്ടുന്ന പല വിവരങ്ങളും അധികം വൈകാതെ പുറത്തുവരും. ഏറ്റെടുക്കുന്ന ചുമതല ഭംഗിയായി നിര്‍വഹിച്ച് ഫയല്‍ തിരിച്ചേല്‍പ്പിക്കുന്ന ഓഫീസര്‍ ഷൗക്കത്തലിയാണ് എന്‍ഐഎ സംഘത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ടിപി വധക്കേസില്‍ സിപിഎം നേതാക്കളെ വിറപ്പിച്ച, ആരുടെ മുന്നിലും മുട്ടുമടക്കാത്ത ഓഫീസര്‍.

Advertisment

publive-image

ഇദ്ദേഹമാണ് സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, റമീസ് ഉള്‍പ്പെടെയുള്ള ഇതുവരെ വലയിലായ പ്രതികളെ ചോദ്യം ചെയ്യാന്‍ ചുമതലപ്പെട്ടിരിക്കുന്നത്. എന്‍ഐഎ അഡീഷണല്‍ എസ്പി ഷൗക്കത്തലി ദൗത്യം ഏറ്റെടുത്തതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിലും ആശങ്ക പരന്നിട്ടുണ്ട്. മുടക്കോഴി മലയില്‍ രാത്രി ഓപറേഷന് ധൈര്യപ്പെട്ട ഓഫീസറാണ് ഇദ്ദേഹം.

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തതോടെ ഇടപാടുകാരിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ഉന്നത ഉദ്യോഗസ്ഥരിലും ആശങ്ക ഇരട്ടിയായിട്ടുണ്ട്. അന്വേഷണ ചുമതലയുള്ള എന്‍ഐഎ ഡിവൈഎസ്പി സി രാധാകൃഷ്ണ പിള്ള പ്രമാദമായ പല കേസുകള്‍ക്കും തുമ്പുണ്ടാക്കിയ വ്യക്തിയാണ്. അതിനേക്കാള്‍ ശക്തനാണ് മേല്‍നോട്ടം വഹിക്കുന്ന എഎസ്പി ഷൗക്കത്തലി.

എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച് 24 മണിക്കൂറിനകമാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളെ ബെംഗളൂരുവില്‍ നിന്ന് പൊക്കിയത്. ഇവര്‍ക്ക് കേരളത്തില്‍ നിന്ന് എങ്ങനെ ബെംഗളൂരുവിലെത്താന്‍ കഴിഞ്ഞു, ആരെല്ലാം സഹായിച്ചുവെന്ന വിവരങ്ങള്‍ അധികം വൈകാതെ പുറത്തുവരും.

സ്വര്‍ണക്കടത്ത് കേസിന് എന്‍ഐഎ നല്‍കുന്ന പ്രാധാന്യം കേസ് അന്വേഷണത്തിന്റെ വേഗതയില്‍ നിന്ന് വ്യക്തമാണ്. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ പ്രധാനികള്‍ വലിയിലായി. ഇനി ഇവര്‍ക്ക് പിന്നിലുള്ള വന്‍ സ്രാവുകളെയാണ് പിടികൂടാനുള്ളത്.

സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, റമീസ് ഉള്‍പ്പെടെയുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ വിവരങ്ങള്‍ ഓരോന്നായി പുറത്തുവരുമെന്ന് എന്‍ഐഎ കരുതുന്നു. ചോദ്യം ചെയ്യാന്‍ നേതൃത്വം നല്‍കുന്നത് എഎസ്പി ഷൗക്കത്തലിയാണ്. ഇദ്ദേഹം മേല്‍നോട്ടം വഹിക്കുന്നതില്‍ രാഷ്ട്രീയ-ഉന്നത ഉദ്യോഗസ്ഥക്ക് അസ്വസ്ഥയുണ്ട്.

യാതൊരു സമ്മര്‍ദ്ദങ്ങള്‍ക്ക് മുമ്പിലും വഴങ്ങാത്ത ഓഫീസറാണ് ഷൗക്കത്തലി. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഇദ്ദേഹത്തിന്റെ ഇടപെടലുകള്‍ നേരത്തെ ചര്‍ച്ചയായതാണ്. കൊടി സുനിയടക്കമുള്ള ക്രിമിനല്‍ സംഘത്തെ മുടക്കോഴി മല കയറി അര്‍ധരാത്രി പിടികൂടിയത് ഷൗക്കത്തലിയും സംഘവുമായിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ വേളയിലാണ് ഷൗക്കത്തലി എന്‍ഐഎയിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയത്. ഇദ്ദേഹം ഏറ്റെടുത്ത കേസുകളില്‍ പ്രതികള്‍ എത്ര ഉന്നതരായാലും രക്ഷപ്പെടില്ലെന്ന് സേനയിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു.

പ്രതിസന്ധി കൂടുതലുള്ള കേസുകള്‍ ആരെ ഏല്‍പ്പിക്കുമെന്ന് ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം ഉയര്‍ന്നുവരുന്ന പേരാണ് ഷൗക്കത്തലിയുടേത്. ടിപി കേസില്‍ സിപിഎം നേതാവ് പി മോഹനനെ അറസ്റ്റ് ചെയ്യാന്‍ എല്ലാ ഉദ്യോഗസ്ഥരും മടിച്ചപ്പോള്‍ അതിന് തയ്യാറായത് ഷൗക്കത്തലിയായിരുന്നു.

ടിപി കേസില്‍ പോലീസ് നടത്തുന്ന ഓരോ ഇടപെടലുകളും ചോരുന്ന സാഹചര്യമുണ്ടായി. പ്രതികളെ പിടികൂടുന്നത് വൈകുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് എഐജി അനൂപ് കുരുവിളയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചത്.

മുടക്കോഴി മലയില്‍ കൊടി സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു. എന്നാല്‍ എങ്ങനെ അങ്ങോട്ടെത്താന്‍ സാധിക്കും. എങ്ങനെ ശ്രമിച്ചാലും വിവരം ചോരും. പ്രതികള്‍ രക്ഷപ്പെടും. എല്ലാ പഴുതുകളും അടച്ചുവേണം നീങ്ങാന്‍. ദൗത്യം ആര് ഏറ്റെടുക്കും.

ഈ സമയത്താണ് ദൗത്യം ഷൗക്കത്തലി ഏറ്റെടുക്കുന്നത്. അര്‍ധരാത്രി നടന്ന ആ ഓപറേഷന്‍ കേരള പോലീസിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ള എല്ലാവഴികളിലും പോലീസ് സാന്നിധ്യം ഉറപ്പാക്കി. വാഹന പരിശോധനയുടെ പേരിലാണ് പോലീസ് നിലയുറപ്പിച്ചത്.

ഡിവൈഎസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഓഫീസര്‍മാര്‍ ചെങ്കല്‍ തൊഴിലാളികളുടെ വേഷത്തില്‍ ടിപ്പര്‍ ലോറിയില്‍ പുലര്‍ച്ചെ എത്തി. പെരിങ്ങാനത്ത് എത്തിയ സംഘം പിന്നീട് നടന്നാണ് മല കയറിയത്. മൂന്ന് ഭാഗത്തു നിന്നും ഓഫീസര്‍മാര്‍ പുലര്‍ച്ചെ നാലിന് കൊടി സുനിയും സംഘവും ഒളിഞ്ഞിരിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ പ്രതികള്‍ ഉറക്കത്തിലായിരുന്നു.

ബലപ്രയോഗത്തിലൂടെ പ്രതികളെ പിടികൂടിയത് ടിപി വധക്കേസില്‍ നിര്‍ണായകമായ നീക്കമായിരുന്നു. ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ തന്നെയാണ് സ്വര്‍ണക്കടത്ത് കേസ് പ്രതികളെയും ചോദ്യം ചെയ്യുന്നത്. അധികം വൈകാതെ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ വലയിലാകുമെന്ന് പ്രതീക്ഷിക്കാം.

Advertisment