Advertisment

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ; ആദ്യ ഫല സൂചനകൾ പുറത്ത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദേശീയ രാഷ്ട്രീയത്തിന്റെ തന്നെ ഗതി നിർണ്ണയിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുളള നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. രാവിലെ എട്ട് മണിക്കാണ് എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ആരംഭിക്കുക.

Advertisment

2019 ലെ പൊതുതിരഞ്ഞെടുപ്പിലെ സഖ്യങ്ങളെയും മുന്നണികളെയും രൂപീകരിക്കുന്നതിൽ നിർണ്ണായക സ്വാധീനം ഈ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിനുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 2019ലെ പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നാണ് ഈ പഞ്ച സംസ്ഥാന തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്.

publive-image

മധ്യപ്രദേശ്, രാജസ്ഥാൻ, തെലുങ്കാന, ഛത്തീസ്ഗഡ്, മിസ്സോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബി ജെ പി യാണ് ഭരണകക്ഷി. തെലുങ്കാനയിൽ പ്രാദേശിക കക്ഷിയായ തെലുങ്കാന രാഷ്ട്രീയ സമിതിയും (ടി ആർ എസ്) മിസ്സോറാമിൽ കോൺഗ്രസുമാണ് അധികാരത്തിലിരിക്കുന്നത്.

മധ്യപ്രദേശിൽ ആകെയുളള 230 സീറ്റിലും രാജസ്ഥാനിൽ 200 സീറ്റിലും ഛത്തീസ്‌ഗഡിൽ 90 സീറ്റിലും മിസോറാമിൽ 40 സീറ്റിലും തെലങ്കാനയിൽ 119 സീറ്റിലേക്കുമാണ് മത്സരം.

ഛത്തീസ്‌ഗഡിൽ മൂന്ന് സീറ്റിൽ കോൺഗ്രസും രണ്ട് സീറ്റിൽ ബിജെപിയും മുന്നേറുന്നുണ്ട്. രാജസ്ഥാനിൽ കോൺഗ്രസ് രണ്ട് സീറ്റിലും ബിജെപി ഒരു സീറ്റിലുമാണ് മുന്നേറുന്നത്.

തെലങ്കാനയിലും മധ്യപ്രദേശിലുമുളള ആദ്യ ഫല സൂചനകൾ പുറത്തുവരുന്നു. ടിആർഎസും കോൺഗ്രസും ഒരോ സീറ്റുകളിൽ ലീഡ് ചെയ്യുന്നു. മധ്യപ്രദേശിൽ കോൺഗ്രസ് രണ്ട് സീറ്റിലും ബിജെപി മൂന്ന് സീറ്റിലും മുന്നേറുന്നു.

മധ്യപ്രദേശിൽ നിലവിൽ 156 സീറ്റുകൾ ബി ജെ പിക്കാണ്. കോൺഗ്രസിന് 57 സീറ്റും മറ്റുളളവർക്ക് ഏഴ് സീറ്റുമാണ് ഉളളത്. ബി ജെ പിയുടെ ശിവരാജ് സിങ് ചൗഹാനാണ് മുഖ്യമന്ത്രി . ബി ജെ പിയുടെ തുടർ ഭരണം നിലനിൽക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. 2005 മുതൽ തുടർച്ചയായി മൂന്നാം തവണയാണ് ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയായത്. 2005ൽ ബാബുലാൽ ഗൗറിനെ മാറ്റിയാണ് ബി ജെ പി 2005ൽ ശിവരാജ് സിങ് ചൗഹാനെ മുഖ്യമന്ത്രിയാക്കുന്നത്. ഉമാഭാരതിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാണ് ബാബുലാൽ ഗൗറിനെ മുഖ്യമന്ത്രിയാക്കിയത്. 2003 ൽ ദിഗ്‌വിജയ് സിങ്ങിന്റെ നേതൃത്വത്തിലുളള കോൺഗ്രസ് സർക്കാരിനെ തോൽപ്പിച്ചാണ് ബിജെ പി അധികാരത്തിലെത്തിയത്. തുടർച്ചയായ പത്ത് വർഷത്തെ കോൺഗ്രസ് ഭരണത്തെ അധികാരത്തിൽ നിന്നും മാറ്റിയ ബിജെപി ഇപ്പോൾ അധികാരത്തിൽ പതിനഞ്ച് വർഷം പിന്നിട്ടു.

രാജസ്ഥാനിൽ ആകെയുളള 200 സീറ്റുകളിൽ 160 സീറ്റുകളാണ് ഭരണകക്ഷിയായ ബി ജെ പിയുടെ കൈവശമുളളത്. കോൺഗ്രസ്സിന് 25 സീറ്റും മറ്റുളളവർക്ക് 15 സീറ്റുമാണ് ഉളളത്. വസുന്ധരാ രാജ്യ സിന്ധ്യയാണ് നിലവിലെ ബി ജെ പി മുഖ്യമന്ത്രി. കോൺഗ്രസിന്റെ അശോക് ഗെലോട്ടിന്റെ നേതൃത്തിലുണ്ടായിരുന്ന കോൺഗ്രസ് ഭരണത്തിന് ശേഷമാണ് ബി ജെ പി വീണ്ടും ഇവിടെ അധികാരത്തിലെത്തിയത്.

ഛത്തീസ്ഗഡിൽ ആകെ 90 സീറ്റുകളാണുളളത്. ബിജെപിക്ക് 49 സീറ്റുകളും കോൺഗ്രസിന് 39 സീറ്റും മറ്റുളളവർക്ക് രണ്ട് സീറ്റുമാണുളളത്. ഇവിടെയും ബി ജെപിയുടെ തുടർഭരണമാണ്. ബി ജെ പിയുടെ രമൺ സിങ്ങാണ് ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി. മധ്യപ്രദേശിലെ പോലെ തന്നെ പതിനഞ്ച് വർഷത്തെ തുടർഭരണമാണ് ഇവിടെയും ബി ജെ പിയുടേത്. 2003 മുതൽ ബി ജെ പിയാണ് ഭരിക്കുന്നത്.

തെലുങ്കാനയിൽ ആകെ 119 സീറ്റുകളാണുളളത്. ഇതിൽ ടി ആർ എസ്സിന് 90 സീറ്റാണ് ലഭിച്ചത്. കോൺഗ്രസിന് 13 സീറ്റും ബി ജെപിക്ക് അഞ്ച് സീറ്റുമാണ് ഉളളത്. ഇവിടുത്തെ ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ടി ആർ എസ് അധികാരത്തിൽ വരുകയായിരുന്നു. തെലുങ്കാന സംസ്ഥാനത്തിന് വേണ്ടി സമരം ചെയ്ത ടി ആർ എസ്സിന്റെ കെ. ചന്ദ്രശേഖര റാവു ആണ് സംസ്ഥാനത്തിലെ ആദ്യ മുഖ്യമന്ത്രി.

മിസോറമിൽ ആകെയുളള 40 സീറ്റുകളിൽ 29 സീറ്റകൾ കോൺഗ്രസിനാണ്. പ്രാദേശിക കക്ഷിയയായ മിസോ നാഷണൽ ഫ്രണ്ട് ( എം എൻ എഫ്) ആറ് സീറ്റുണ്ട്. മറ്റുളളവർക്ക് അഞ്ച് സീറ്റുണ്ട്. മിസോറാമിൽ കോൺഗ്രസ്സിന്റെ തുടർഭരണമാണ്. പത്ത് വർഷമായി കോൺഗ്രസ് ആണ് മിസോറാം ഭരിക്കുന്നത്. അതിന് മുമ്പ് എം എൻ എഫ് ആണ് മിസോറാമിൽ അധികാരത്തിലുണ്ടായിരുന്നത്. കോൺഗ്രസിന്റെ ലാൽ തൻഹൗലയാണ് ഇപ്പോഴത്തെ മിസ്സോറാം മുഖ്യമന്ത്രി.

Advertisment