Advertisment

മരണത്തെ മുഖാമുഖം കണ്ട ഒന്നര ദിവസം; ടൗട്ടെയുടെ നടുക്കുന്ന ഓര്‍മകളില്‍ അതുല്‍

New Update

കോഴിക്കോട്: ഇതുവരെ കാണാത്ത തരത്തിലുള്ള കൊടുങ്കാറ്റിൽ ആർത്തലയ്ക്കുന്ന കടൽ. നങ്കൂരമിടാന്‍ കഴിയാതെ നടുക്കടലില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ബാര്‍ജ്. രാത്രിയെന്നോ പകലെന്നോ തിരിച്ചറിയാന്‍ കഴിയാതെ മരണത്തെ മുഖാമുഖം കണ്ട ഒന്നര ദിവസം. സംഹാരതാണ്ഡവമാടിയ ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭീതിദമായ ഓര്‍മകളില്‍നിന്ന് ഇനിയും മുക്തനായിട്ടില്ല കോഴിക്കോട് സ്വദേശി അതുല്‍.

Advertisment

publive-image

ഇറ്റാലിയന്‍ കമ്പനിയുടെ ഗാല്‍ കണ്‍സ്ട്രക്ടര്‍ ബാര്‍ജിലെ സേഫ്റ്റി ഓഫിസറായ അതുല്‍ നാവികസേനയുടെ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്നു രാവിലെയാണു കരുവിശേരിയിലെ വീട്ടില്‍ തിരിച്ചെത്തിയത്. ഗാല്‍ കണ്‍സ്ട്രക്ടര്‍ ഉള്‍പ്പെടെ ഒഎന്‍ജിസിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മൂന്നു ബാര്‍ജുകളാണു ചുഴലിക്കാറ്റില്‍ നിയന്ത്രണംവിട്ട് ഒഴുകിപ്പോയത്. ഇതില്‍ പി-305 ബാര്‍ജ് ബോംബൈ ഹൈയില്‍ മുങ്ങിപ്പോവുകയും അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 51 പേർ മരിക്കുകയും ചെയ്തിരുന്നു

ജോലിക്കിടെ മുന്‍പ് പലതവണ ചുഴലിക്കാറ്റിനെ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് അതുല്‍ പറഞ്ഞു. ആറ് വര്‍ഷമായി ഇതേ ജോലി ചെയ്യുകയാണ് ഈ ഇരുപത്തിയേഴുകാരന്‍. ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ അതിഭീകരമെന്നേ പറയാനാവൂയെന്നും രക്ഷപ്പെട്ടത് മഹാഭാഗ്യമാണെന്നും വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്നതിനിടെ അതുല്‍ പറഞ്ഞു.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് മുംബൈ തീരത്തേക്കു വരുന്നതിനിടെയാണ അതുല്‍ ജോലി ചെയ്യുന്ന ഗാല്‍ കണ്‍സ്ട്രക്ടറും പി-305 ഉം ഉള്‍പ്പെടെയുള്ള മൂന്നു ബാര്‍ജുകള്‍ നിയന്ത്രണം വിട്ട് ഒഴുകിയത്. ഗാല്‍ കണ്‍സ്ട്രക്ടറില്‍ 137 പേരാണുണ്ടായിരുന്നത്. നാവികസേനാ കപ്പല്‍ എത്തിയാണ് ഇവരെ രക്ഷിച്ചത്. ബാര്‍ജില്‍നിന്ന് ഹെലികോപ്റ്ററില്‍ ഉയര്‍ത്തിയാണ് അതുല്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷിച്ചത്.

അവധിയിലായിരുന്ന അതുല്‍ രണ്ടാഴ്ച മുന്‍പാണ് ബാര്‍ജിലേക്കു പോയത്. ചുഴലിക്കാറ്റിനെക്കുറിച്ച് മുന്‍കൂട്ടി വിവരം ലഭിച്ചതിനാല്‍ ബാര്‍ജില്‍ സ്വാഭാവിക മുന്‍കരുതലുകള്‍ എടുത്തിരുന്നുവെന്നും ഇത്രമാത്രം അപകടമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അതുല്‍ പറഞ്ഞു. ശക്തമായ മഴയില്‍ കാഴ്ച വ്യക്തമാകാത്തതിനാല്‍ രാത്രിയെന്നോ പകലെന്നോ തിരിച്ചറിയാനായില്ല. തിരമാല വൻ ഉയരത്തിൽ പൊങ്ങി. വൈദ്യുതി നിലച്ചതിനാൽ ബാർജിനകത്ത് കനത്ത ഇരുട്ടായിരുന്നുവെന്നും അതുൽ പറഞ്ഞു.

എയർ ലിഫ്റ്റിങ്ങിനുശേഷം എമിഗ്രേഷൻ ക്ലിയറൻസിനായി രണ്ടുദിവസം മുംബൈയിൽ കഴിയേണ്ടിവന്ന അതുൽ നേത്രാവതി എക്‌സ്‌പ്രസിലാണ് ഇന്ന് നാട്ടിലെത്തിയത്. അതുവരെ അതുലിന്റെ വീട്ടുകാർ അപകടവിവരം അറിഞ്ഞിരുന്നില്ല. പി-305 ബാര്‍ജ് മുങ്ങിയതിനെത്തുടര്‍ന്ന് മരിച്ച വയനാട് സ്വദേശി ജോമിഷ് ജോസഫിനെ അറിയാമായിരുന്നുവെന്ന് അതുല്‍ പറഞ്ഞു. പിതാവ് ബാബുവും മാതാവ് മിനിയും ഭാര്യ അജന്യയും മകൾ ഒന്നര വയസുകാരി ഹേമിയും അടങ്ങുന്നതാണ് അതുലിന്റെ കുടുംബം.

BOAT ACCIDENT
Advertisment