Advertisment

കണക്ടിവിറ്റി വിച്ഛേദിച്ചും മെഷീന്‍ ഓഫാക്കിയും കോഴിക്കോട് എടിഎം തട്ടിപ്പ്

New Update

കോഴിക്കോട്: കോഴിക്കോട് വീണ്ടും എടിഎം തട്ടിപ്പ്. കണക്ടിവിറ്റി വിച്ഛേദിച്ചും മെഷീന്‍ ഓഫാക്കിയുമാണ് പുതിയ തട്ടിപ്പ്. കോഴിക്കോട് ആനിഹാള്‍ റോഡിലെ എസ്ബിഐ എടിഎമ്മിലാണ് തട്ടിപ്പുനടന്നത്. ബാങ്കിന്റെ താല്‍ക്കാലിക അക്കൗണ്ടില്‍ നിന്നാണ് തട്ടിപ്പ് നടത്തിയത് എന്നതിനാല്‍ വിവരം പുറത്തറിയാനും വൈകി.

Advertisment

സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട നാലുപേരുടെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം ബ്രാഞ്ച് മാനേജര്‍ പരാതി നല്‍കിയതായി കോഴിക്കോട് ടൗണ്‍ എസ്.ഐ. കെ. ശംഭുനാഥ് അറിയിച്ചു.എടിഎം മെഷീനിലും നെറ്റ്വര്‍ക്കിലും കൃത്രിമം നടത്തിയശേഷം ആറുതവണയായി 1,49,000 രൂപ പിന്‍വലിക്കുകയായിരുന്നു.

publive-image

വിവിധ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്ന സമയത്ത് എടിഎമ്മിന്റെ കണക്ടിവിറ്റി വിച്ഛേദിച്ച് മെഷീന്‍ ഓഫാക്കിയാണ് തട്ടിപ്പുനടത്തിയത്. പണമെത്തുന്ന സമയത്തുതന്നെ മെഷീന്‍ ഓഫാക്കിയതിനാല്‍ വ്യക്തിഗത അക്കൗണ്ടുകള്‍ക്കുപകരം ബാങ്കിന്റെ താത്കാലിക അക്കൗണ്ടില്‍നിന്നാണ് പണം നഷ്ടമായത്. അതിനാല്‍ത്തന്നെ ഇടപാടുകാര്‍ ആരുംതന്നെ പരാതിയുമായി രംഗത്തെത്തിയതുമില്ല. ബാങ്ക് അധികൃതര്‍ എടിഎം ഇടപാടുകളുടെ സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോള്‍ മാത്രമാണ് ഈ തട്ടിപ്പ് പുറത്തായത്.

ഡിസംബര്‍ 20നാണ് ആദ്യമായി പണം കവര്‍ച്ചചെയ്യപ്പെട്ടത്. നാല്പതിനായിരം രൂപയാണ് അന്ന് കവര്‍ന്നത്. ജനുവരി 13ന് രണ്ടുതവണയായി 39,500 രൂപ വീതവും ഒരു തവണ പതിനായിരം രൂപയും പിന്‍വലിച്ചു. ജനുവരി 20ന് രണ്ടുതവണയായി പതിനായിരം രൂപ വീതവും പിന്‍വലിക്കുകയായിരുന്നു.

അതേസമയം, സ്‌കിമ്മര്‍ ഉപയോഗിച്ച് കോഴിക്കോട് നഗരത്തിലെ എടിഎമ്മുകളില്‍നിന്ന് പണം കവര്‍ന്ന സംഭവത്തില്‍ കസ്റ്റഡിയിലുള്ള കാസര്‍ഗോഡ് സ്വദേശി ഉള്‍പ്പെടെയുള്ള പ്രതികളുടെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തുമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് കസബ പൊലീസ് കോയമ്പത്തൂരിലും വയനാട്ടിലും തിങ്കളാഴ്ച അന്വേഷണം നടത്തി. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായതായി കോഴിക്കോട് സൗത്ത് എ.സി.പി. കെ.പി. അബ്ദുല്‍ റസാഖ് അറിയിച്ചു.

Advertisment