മുംബൈ: തിരക്കേറിയ റോഡിൽ ബൈക്ക് യാത്രികനെ ഓട്ടോ ഡ്രൈവർ ഇടിച്ചിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇടിച്ചിടുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ഓട്ടോ ഡ്രൈവറോട് ബൈക്ക് യാത്രികൻ കയർത്ത് സംസാരിക്കുന്നതും വീഡിയോയിൽ കാണാം.
/sathyam/media/post_attachments/DMaLHDiuKggAE9xOzuCl.jpg)
തുടർന്ന് വേഗത്തിൽ ഓടിച്ചെത്തിയ ഓട്ടോ ബൈക്ക് യാത്രികനെ ഇടിച്ചിടുന്നതും തിരക്കേറിയ റോഡിന്റെ മധ്യത്തിലേക്ക് ബൈക്ക് യാത്രികൻ വീഴുന്നതും വീഡിയോയിലുണ്ട്. തിരക്കേറിയ ഗോവന്ദിയിലെ റോഡിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് സൽമാൻ സയ്യിദ് എന്ന ഓട്ടോ ഡ്രൈവറെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വാഹനമിടിച്ച് ബൈക്ക് യാത്രികനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. റഫീഖ് നഗർ സ്വദേശിയായ 34കാരനാണ് ഓട്ടോ ഡ്രൈവർ. കിഷോർ കർദാക്ക് എന്ന ബൈക്ക് യാത്രികനെയാണ് സൽമാൻ സയ്യിദ് ഇടിച്ചിട്ടത്.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് ശക്തിയായി റോഡിലേക്ക് വീണെങ്കിലും കിഷോറിന് കാര്യമായ പരിക്കുകളില്ല. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഓട്ടോയുടെ നമ്പർ തിരിച്ചറിയുന്നതും ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും.
കൊലപാതക ശ്രമം (ഐപിസി 307), അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ (ഐപിസി 279) എന്നീ കുറ്റങ്ങളാണ് ഓട്ടോ ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്.