പുത്തന്‍ സാന്‍ട്രോയുടെ സവിശേഷതകളറിയാം

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, October 8, 2018

ഹ്യുണ്ടായിയുടെ സാന്‍ട്രോ ഹാച്ച്ബാക്ക് കമ്പനി തിരിച്ചെത്തിക്കുകയാണ്. ഒക്ടോബര്‍ ഒമ്പതിന് ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പെ പുതുതലമുറ ഹ്യുണ്ടായി സാന്‍ട്രോയുടെ ചിത്രങ്ങള്‍ പുറത്ത്. ഒരു ഹ്യുണ്ടായി ഡീലര്‍ഷിപ്പിലെത്തിച്ച സാന്‍ട്രോ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

ചുവപ്പ് നിറത്തിലുള്ളതാണ് ഈ സാന്‍ട്രോ. കറുപ്പ് ആവരണം ബോഡിയിലുണ്ടെങ്കിലും വാഹനത്തിന്റെ രൂപഘടന ആദ്യ സ്‌പൈ ചിത്രങ്ങളില്‍ വ്യക്തമാകും. രൂപത്തില്‍ ഒരു മിനി ഗ്രാന്റ് ഐ10 ആണ് പുതിയ സാന്‍ട്രോ. മുന്‍ഭാഗത്തെ വലിയ കാസ്‌കാഡ് ഗ്രില്‍, അഗ്രസീവ് ബംമ്പര്‍ എന്നിവ പുതിയ സാന്‍ട്രോയെ വ്യത്യസ്തമാക്കും. ഗ്രാന്റ് ഐ10 മോഡലുമായി ഏറെ സമ്യമുള്ളതാണ് സാന്‍ട്രോയുടെ പിന്‍ഭാഗം.

ബ്ലാക്ക്-ബീജ് ഡ്യുവല്‍ ടോണിലാണ് ഇന്റീരിയര്‍. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തെ പ്രധാന ആകര്‍ഷണം. ആഡ്രോയിഡ് ഓട്ടോ, ആപ്പില്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ളതാണ് ഇത്. ഗിയര്‍ ലെവല്‍ പൊസിഷനും ഗ്രാന്റ് ഐ10-ന് സമാനം.

സെഗ്‌മെന്റിലാദ്യമായി റിവേഴ്‌സ് ക്യാമറ, റിയര്‍ എയര്‍ കണ്ടീഷന്‍ വെന്റ്‌സ് എന്നിവയും പുതിയ സാന്‍ട്രോയിലുണ്ട്. മാരുതി സുസുക്കി സെലേരിയോ, ടാറ്റ ടിയാഗോ എന്നിവയാണ് സാന്‍ട്രോയുടെ എതിരാളികള്‍.

68 ബിഎച്ച്പി പവറും 104 എന്‍എം ടോര്‍ക്കുമേകുന്ന 1.1 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും സാന്‍ട്രോയില്‍ കമ്പനി ഉള്‍പ്പെടുത്തുക. 20.1 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ഇതില്‍ ലഭിക്കുമെന്നാണ് സൂചന. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി ആയിരിക്കും ഗിയര്‍ബോക്‌സ്.

ഹ്യുണ്ടായുടെ ആദ്യ എംഎംടി കാര്‍ എന്ന പ്രത്യേകതയും സാന്‍ട്രോയ്ക്കുണ്ട്. ഒക്ടോബര്‍ ഒമ്പതിന് അവതരിപ്പിക്കുന്ന സാന്‍ട്രോയുടെ വില്‍പന ഒക്ടോബര്‍ 23 മുതലാണ് ആരംഭിക്കുക.

×