ഇന്ത്യന്‍ വിപണി കീഴടക്കാന്‍ കിയ മോട്ടോഴ്സ്

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, January 31, 2018

കൊച്ചി:  ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ദക്ഷിണ കൊറിയന്‍ വാഹന്‍ നിര്‍മ്മാതാക്കളായ ഹ്യൂണ്ടായിയുടെ ഉപ കമ്പനിയായ കിയ മോട്ടോഴ്സ് എത്തുന്നു. ഫെബ്രുവരി 7ന് ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പൊ 2018ല്‍ എസ്.പി കോണ്‍സപ്റ്റ് കാറുള്‍പ്പെടെ 16 ഇലക്ട്രിക് വാഹനങ്ങള്‍ ആഗോള തലത്തില്‍ കൊണ്ടുവരാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

എസ്.പി കോണ്‍സെപ്റ്റിനോടോപ്പം കിയയുടെ ആഗോളതലത്തിലുള്ള കാറുകളുടെ പ്രദര്‍ശനവും നടത്തും. ഇലക്ട്രിക് കാര്‍, പ്ലഗ്-ഇന്‍-ഹൈബ്രിഡ് കൂടാതെ പുതിയ സ്ട്രിങ്ങര്‍ സ്പോര്‍ട്സ് സെഡാനും മറ്റു വിവിധ കാറുകളും പ്രദര്‍ശനത്തിലുണ്ടാകും.

ഇന്ത്യന്‍ പാരമ്പര്യത്തെയും നൂതനമായ സാങ്കേതിക വിദ്യയുടെയും പ്രചോദനം ഉള്‍കൊണ്ട് രൂപകല്പന ചെയ്തിട്ടുള്ള കിയ എസ്.പി കോണ്‍സെപ്റ്റിലുടെ ഭാവിയില്‍ പുതിയ എസ്.യു.വി വിപണിയിലിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന കാര്‍ വിപണിയിലെ ആഗോള വിജയം ഇന്ത്യയിലും ആവര്‍ത്തിക്കുവാനാണ് കിയ ലക്ഷ്യമിടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ വിപണിയിലേയ്ക്ക് കടക്കുന്നതിന്‍റെ അഭിമാനത്തിലാണ് കിയ മോട്ടോഴ്സ്. ലോകോത്തര ഉത്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നതോടൊപ്പം ഇന്ത്യന്‍ വാഹന വ്യവസായ രംഗത്ത് പുതിയ നിലവാരം സ്ഥാപിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യംڈ എന്ന് കിയ മോട്ടേഴ്സ് കോര്‍പ്പറേഷന്‍ പ്രസിഡന്‍റ് ഹാന്‍ വൂ പാര്‍ക്ക് പറഞ്ഞു.

കിയയുടെ മികച്ച ഉത്പന്നങ്ങളാണ് ഇന്ന് ലോകത്ത് ഏറ്റവും അധികം വിറ്റഴിക്കുന്നത്. ആകര്‍ഷണീയമായ രൂപകല്പന, ഹൈടെക്ക് സവിശേഷതകള്‍, വിശ്വാസത എന്നിവയാണ് കിയയുടെ പ്രത്യേകതകള്‍.

×