അലഹാബാദ്: 2005ലെ അയോധ്യ ഭീകരാക്രമണക്കേസില്‍ നാല് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അലഹാബാദ് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ അഞ്ചാം പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു.

publive-image

ആക്രമണത്തില്‍ അഞ്ച് ലഷ്കര്‍ ഇ ത്വയ്ബ ഭീകരവാദികളടക്കം ഏഴുപേര്‍ കൊല്ലപ്പെടുകയും മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ഇര്‍ഫാന്‍, ആഷിഖ് ഇഖ്ബാല്‍(ഫാറൂഖ്), ഷക്കീല്‍ അഹമ്മദ്, മുഹമ്മദ് നസീം, മുഹമ്മദ് അസീസ് എന്നിവരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു.

ഭീകരവാദികള്‍ക്ക് സഹായം ചെയ്തതിനും ഗൂഢാലോചനയില്‍ പങ്കെടുത്തുതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതില്‍ മുഹമ്മദ് അസീസിനെയാണ് വെറുതെവിട്ടത്. സംഭവം നടന്ന് 14 വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. 2005 ജൂലൈ അഞ്ചിനാണ് അയോധ്യയില്‍ ഭീകരാക്രമണം നടന്നത്. ആയുധധാരികളായ ഭീകരര്‍ ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന പ്രദേശത്ത് കയറി ആക്രമണം നടത്തുകയായിരുന്നു. ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് അഞ്ച് ലഷ്കര്‍ ഇ ത്വയ്ബ ഭീകകരെ വധിച്ചു. രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടു.