Advertisment

ആയുര്‍വേദം ഉള്‍പ്പെടെയുള്ള പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളില്‍ ഗവേഷണത്തിന് കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് ഗവര്‍ണര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ആയുര്‍വേദം ഉള്‍പ്പെടെയുള്ള പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളില്‍ ഗവേഷണത്തിന് കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. കനകക്കുന്നില്‍ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ മുന്നോട്ടുവരണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

Advertisment

ഈ രംഗത്ത് ഗവേഷണങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നതിനെക്കുറിച്ച് ആയുഷ് കോണ്‍ക്ലേവ് ആലോചിക്കുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ആരംഭിക്കാനിരിക്കുന്ന ഇന്റര്‍നാഷണല്‍ ആയുര്‍വേദ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആയുര്‍വേദ ഗവേഷണത്തിനുള്ള മികച്ച കേന്ദ്രമാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

publive-image

പാരമ്പര്യ ചികിത്സ, പ്രകൃതി സൗന്ദര്യം, ഓരോ പ്രദേശങ്ങളിലെ സാംസ്‌കാരികത്തനിമ എന്നിവ എങ്ങനെ സംയോജിപ്പിച്ച് ആഗോളതലത്തില്‍ വിപണനം ചെയ്യാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആയുര്‍വേദ ടൂറിസത്തിലെ കേരള മോഡലെന്നും ഗവര്‍ണര്‍ പറഞ്ഞു.

കോണ്‍ക്ലേവില്‍ നിന്നും ലഭിക്കുന്ന അറിവുകള്‍ പ്രാവര്‍ത്തികമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആയുഷ് വകുപ്പ് കേന്ദ്ര സഹമന്ത്രി ശ്രീപദ് യെശോ നായക്കിന്റെ സന്ദേശം ചടങ്ങില്‍ കേന്ദ്ര ആയുഷ് വകുപ്പ് ജോയിന്റ് സെക്രട്ടറി പി.എന്‍. രഞ്ജിത് കുമാര്‍ വായിച്ചു. ദേശീയ ആയുഷ് മിഷനില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് കേന്ദ്രമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. എം.കെ.സി. നായര്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ഐഎസ്എം ഡയറക്ടര്‍ ഡോ. അനിത ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.

അന്താരാഷ്ട്ര കോണ്‍ക്ലേവിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഗുഡ് ഫുഡ് കോണ്‍ക്ലേവ് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. നല്ല ആരോഗ്യത്തിന് പരമ്പരാഗത ഭക്ഷണരീതി മലയാളികള്‍ തിരികെപിടിക്കണമെന്ന് മന്ത്രി പറഞ്ഞു. ആധുനിക കേരളത്തില്‍ ജീവിത ശൈലീ രോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം അശാസ്ത്രീയമായ ഭക്ഷണരീതിയാണ്. പുതുതലമുറ പൂര്‍ണമായും നാടന്‍ ഭക്ഷണ രീതി ഉപേക്ഷിച്ചതോടെ ഇവര്‍ക്കിടയിലും ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചു.

ഓരോ നാടിനും അനുയോജ്യമായ ശാസ്ത്രീയ ഭക്ഷണ രീതികള്‍ പുതുതലമുറ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ആയുര്‍വേദ കോളേജ് റിട്ട. പ്രൊഫ. ഡോ. കെ. ജ്യോതിലാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ പ്രത്യേക ചര്‍ച്ചയും നടന്നു.

കോണ്‍ക്ലേവിന്റെ ഭാഗമായി നടന്ന ബിസിനസ് കോണ്‍ക്ലേവില്‍ ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാമേഖലയിലെ ഔഷധനയത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. എഎസ്യു ഡെപ്യൂട്ടി ഡ്രഗ് കണ്‍ട്രോളര്‍ ഡോ. റ്റി.ഡി. ശ്രീകുമാര്‍, ഔഷധി ചെയര്‍മാന്‍ ഡോ. കെ.ആര്‍. വിശ്വംഭരന്‍, കേന്ദ്ര ആയുഷ് മന്ത്രാലയത്തിലെ ആയുര്‍വേദ ഉപദേഷ്ടാവ് ഡോ. ആര്‍. രഘു, വൈദ്യരത്നം ഔഷധശാല എം.ഡി ഡോ. ഇ.റ്റി നീലകണ്ഠന്‍ മൂസ്, കേരള ആയുര്‍വേദ കോ ഓര്‍പ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഡോ. എം.എം. സനല്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Advertisment