ആയുഷ് മേഖലയിലെ നൂതന ആശയങ്ങളുമായി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, February 12, 2019

തിരുവനന്തപുരം: ആയുഷ് മേഖലയിലെ നൂതന ആശയങ്ങളുമായി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് വരുന്നു. 15 മുതല്‍ കനകക്കുന്നില്‍ നടക്കുന്ന അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിനോട് അനുബന്ധിച്ചാണ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. 18 ന് രാവിലെ 9 മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എന്‍ജിനീയേഴ്‌സ് ഹാളില്‍ നടക്കുന്ന കോണ്‍ക്ലേവ് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.

അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജീവ് സദാനന്ദന്‍ അദ്ധ്യക്ഷത വഹിക്കും. വിദഗ്ദ്ധരും പുതുസംരംഭകരും പങ്കെടുക്കുന്ന ചടങ്ങില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ സജി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും.

ആയുഷ് മേഖലയിലെ പുതിയ സംരംഭകരെ പരിചയപ്പെടുത്തുന്നതോടൊപ്പം നൂതന ആശയങ്ങള്‍ക്ക് വേണ്ട സാങ്കേതിക സഹായവും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും വിദഗ്ദ്ധരില്‍ നിന്ന് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവില്‍ വിജയം കൈവരിച്ച സംരംഭകര്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയും പുതു സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യും.

കൂടാതെ, ഈ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ട നിര്‍ദ്ദേശങ്ങളും കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും. തൊഴിൽ അന്വേഷകർക്ക് നൂതന ആശയങ്ങൾ നൽകുവാനും പുതിയ സാധ്യതകൾ മനസ്സിലാക്കുവാനും അതിനാവശ്യമായ ഭൗതീക സാഹചര്യങ്ങൾ കണ്ടെത്തുന്നതിനും സ്റ്റാർട്ട് അപ്‌ കൊൺക്ലേവ് വഴിയൊരുക്കും.

×