Advertisment

ബാബു കൊലക്കേസ് ; മകനു പിന്നാലെ ഒളിവിൽ കഴിഞ്ഞിരുന്ന ഭാര്യയും അറസ്റ്റില്‍ ; നാലു മക്കളെ ഉപേക്ഷിച്ച് പോയതെന്തിനെന്ന് പൊലീസിന്റെ ചോദ്യം ; തെറ്റുപറ്റിപ്പോയി സാറേ എന്ന് ഷാലി

New Update

ചാലക്കുടി : പരിയാരം കൊന്നക്കുഴി കുന്നുമ്മൽ ബാബുവിന്റെ കൊലപാതക കേസിൽ ഭാര്യ ഷാലി (35) കൂടി അറസ്റ്റിൽ. ഇവരുടെ മകൻ ബാലു നേരത്തെ അറസ്റ്റിലായിരുന്നു. ബൈക്ക് മോഷണക്കേസിൽ പിടിയിലായതിനെ തുടർന്നു ചോദ്യം ചെയ്തപ്പോഴാണ് അച്ഛൻ തന്റെ അടിയേറ്റാണു മരിച്ചതെന്നു ബാലു കുറ്റസമ്മതം നടത്തിയത്. തുടർന്നു കേസ് റജിസ്റ്റർ ചെയ്ത പൊലീസ് കൂടുതൽ ചോദ്യം ചെയ്തതോടെ ഷാലിയുടെ പങ്ക് വെളിപ്പെടുകയായിരുന്നു.

Advertisment

publive-image

ബാലു അറസ്റ്റിലായതോടെ കാണാതായ ഷാലിയെ ഇവർ ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ നിന്നു ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ഏതാനും മാസങ്ങളായി ചാലക്കുടിയിലും പരിസരങ്ങളിലും നടന്ന ബൈക്ക് മോഷണങ്ങളെ സംബന്ധിച്ച അന്വേഷണത്തിൽ ബാലു ഉൾപ്പെടെ 4 യുവാക്കൾ കഴിഞ്ഞ മാസം പിടിയിലായതാണു കേസിൽ വഴിത്തിരിവായത്.

അച്ഛൻ മരിച്ചത് മരത്തിൽനിന്നു വീണതിനെ തുടർന്നാണെന്നു നാട്ടിലും മറ്റും പ്രചരിപ്പിച്ചത് അമ്മയുടെ ആവശ്യപ്രകാരമാണെന്നു ബാലു മൊഴി നൽകിയിരുന്നു. ബാബുവിനെ മരക്കഷണം കൊണ്ട് ആദ്യം അടിച്ചത് ഷാലിയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കൊന്നക്കുഴിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ റിമാൻഡ് ചെയ്തു.

2018 ഓഗസ്റ്റിൽ 4 മക്കളെയും ഉപേക്ഷിച്ചു ഷാലി മറ്റൊരാൾക്കൊപ്പം പോയിരുന്നു. തുടർന്നു മൂത്ത മകനായ ബാലുവിന്റെ സംരക്ഷണയിലായിരുന്ന സഹോദരന്മാരെ പൊലീസ് ഇടപെട്ടു തൃശൂർ ബാലഭവനിലേക്കു മാറ്റുകയായിരുന്നു. ഉറുമ്പൻകുന്നിലെ സൂരജ് എന്ന യുവാവിനൊപ്പമാണ് ഷാലി പോയതെന്നു കണ്ടെത്തിയ പൊലീസ് ഇവർ താമസിച്ചിരുന്ന വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഇരുവരും വീടു വിട്ടിരുന്നു.

ആളൂർ ഭാഗത്തെ ഒരു വീട്ടിൽ 2 പേർ താമസിക്കുന്നതായി ഡിവൈഎസ്പിക്കു രഹസ്യവിവരം കിട്ടിയതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഡിവൈഎസ്പി സി.ആർ. സന്തോഷ്, എസ്ഐ ബി.കെ. അരുൺ, എഎസ്ഐമാരായ ജിനുമോൻ തച്ചേത്ത്, ടി.ബി. സുനിൽകുമാർ, റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സിപിഒമാരായ വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ് സെപഷ്യൽ ബ്രാഞ്ച് എഎസ്ഐ സി.ആർ. രാജേഷ്, വനിതാ സീനിയർ സിപിഒ ഷീബ അശോകൻ, സിപിഒ രൂപേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഷാലിയോടു 4 മക്കളെ ഉപേക്ഷിച്ചു പോയതെന്തിനെന്ന ചോദ്യത്തിന് നിർവികാരമായി തെറ്റു പറ്റിപ്പോയി സാറെ എന്നായിരുന്നു മറുപടി. ഇളയ മകൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇവർ ഉപേക്ഷിച്ചു തന്നേക്കാൾ പ്രായം കുറഞ്ഞ മറ്റൊരാൾക്കൊപ്പം പോയത്. മറ്റൊരു മകൻ അഞ്ചാം ക്ലാസിൽ പഠിക്കുകയായിരുന്നു. പ്ലസ് ടു പഠിക്കേണ്ട പ്രായത്തിൽ മറ്റൊരു മകൻ പഠനം നിർത്തി.

മൂത്ത മകൻ ബാലുവാകട്ടെ ബൈക്ക് മോഷണവും കഞ്ചാവ് വിൽപനയും ഉൾപ്പെടെയുള്ളവയിലേക്കു തിരിഞ്ഞു. ഇവരുടെ വീട് ലഹരിയുടെ കേന്ദ്രമായി മാറി. ബാലു അറസ്റ്റിലായ ശേഷം അന്വേഷണവുമായി ബന്ധപ്പെട്ടെത്തിയ പൊലീസ് കണ്ടത് 10 വയസ്സു മാത്രം പ്രായമുള്ള മകൻ കഞ്ഞി വയ്ക്കുന്നതാണ്. ബാലു ജയിലിലായതിന്റെ പിറ്റേന്നു തന്നെ താഴെയുള്ള മൂന്നു മക്കളെയും തൃശൂർ ബാലഭവനിലേക്കു മാറ്റി.

2018 മാർച്ചിലാണ് ഭാര്യയുടെയും മകന്റെയും അടിയേറ്റ് ബാബുവിന് ഗുരുതരമായി പരുക്കേൽക്കുന്നത്. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. കഴുത്തിലൂടെ ട്യൂബ് ഇട്ടിരുന്നതിനാൽ ബോധം വീണ സമയത്തും ബാബുവിനു സംസാരിക്കാനായില്ല.

മരത്തിൽ നിന്നു വീണതാണെന്നു കാണിച്ചാണ് ആശുപത്രികളിൽ എത്തിച്ചത്. പിന്നീട് ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തിച്ച ബാബു വീട്ടിൽ കിടന്നാണു മരിച്ചത്. ഷാലിയും ബാലുവും തന്ത്രപൂർവം പോസ്റ്റ്മോർട്ടം ഒഴിവാക്കുകയും മൃതദേഹം ചാലക്കുടി നഗരസഭ ക്രിമറ്റോറിയത്തിൽ സംസ്കരിക്കുകയുമായിരുന്നു.

Advertisment