Advertisment

കേരള സര്‍ക്കാര്‍ ജനങ്ങളെ മദ്യ പ്രളയത്തിൽ മുക്കിക്കൊല്ലുന്നു.-ബദറുദ്ദീൻ ഗുരുവായൂർ

author-image
admin
Updated On
New Update

തൃശ്ശൂര്‍: സസ്യ ശ്യാമള കോമള കേരളത്തെ 2018ൽ മനുഷ്യനിർമ്മിത പ്രളയത്തിൽ മുക്കിയ സംസ്ഥാന സർക്കാർ, 2019 ൽ മദ്യ പ്രളയത്തിൽ മുക്കിക്കൊല്ലുകയാണെന്ന് ഗാന്ധിദർശൻ സമിതി തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ബദറുദ്ദീൻ ഗുരുവായൂർ ആരോപിച്ചു.

Advertisment

publive-image

വീര്യം കുറഞ്ഞ മദ്യമുത്പാദിപ്പിക്കുവാനുള്ള ലൈസൻസ് ഫലത്തിൽ വാറ്റുചാരായം കുടിൽ വ്യവസായമാക്കി മാറ്റുമെന്നും സമാധാനപരമായ സാമൂഹികാന്തരീക്ഷത്തിൽ കാലുഷ്യത്തിന്റെ വിത്തു വിതക്കുകയാവും ആത്യന്തികമായുണ്ടാവുകയെന്നും നാഷ്ണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തിൽ അക്രമങ്ങൾ കൂടി വരികയാണെന്നത് ഇതിനോട് ചേർത്ത് വായിക്കണമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.

അടിസ്ഥാന സൗകര്യ വികസനത്തിന് ധനസമാഹരണം നടത്താൻ കഴിയാത്ത ഗവണ്മെന്റ് ചാരായം വാറ്റുവാൻ യൂണിറ്റുകൾ തുടങ്ങുവാൻ കാണിക്കുന്ന വ്യഗ്രതയിലെ യുക്തി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലെന്നും ''കിഫ്ബി" എന്ന ആകാശ കുസുമം വിരിയില്ലെന്നു മനസിലായപ്പോഴാണോ റെവന്യൂ വർദ്ധിപ്പിക്കാനായി ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കു വഴിവെക്കുന്ന വിധം പരിഷ്കൃത സമൂഹത്തിന് ചേരാത്ത തരത്തിൽ അപച്യുതിയിലേക്ക് തലമുറകളെ ത്തള്ളിവിടുന്നതെന്നും ഇദ്ദേഹം ചോദിച്ചു. ലഹരി പദാർത്ഥങ്ങളുടെ ഉപഭോഗം സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങൾക്കുനേരെ കണ്ണടക്കുകയും വിമുക്തി പോലുള്ള സംരഭങ്ങളിലൂടെ ഇതിനെതിരെ ബോധനം നടത്തുകയും ചെയ്യുന്നതിലെ കാപട്യം ജനം തിരിച്ചറിയണമെന്നും ഇദ്ദേഹം ഓർമ്മിപ്പിച്ചു.

ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി നടത്തുന്നഭരണാഭാസംമൂലം പി.എസ്.സി. യുടേയും സർവ്വകലാശാലകളുടേയും വിശ്വാസ്യത തകർക്കുകയാണ് സംസ്ഥാന ഗവൺമെന്റ് ചെയ്തതെന്നും കാളക്കൂറ്റൻ കയറിയ പിഞ്ഞാണക്കടയുടെ അവസ്ഥയിലേക്ക് ഉന്നത വിദ്യാഭ്യാസ മേഖലയെ തള്ളിവിട്ടതിന്റെ പാപക്കറ കാലമേറെക്കഴിഞ്ഞാലും കഴുകിക്കളയാനാവില്ലെന്നും ബദറുദ്ദീൻ ഗുരുവായൂർ പറഞ്ഞു.

കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് പൂട്ടിയ ബാറുകൾ, തുറക്കാൻ അനുമതി കൊടുത്തുകൊണ്ടു തുടങ്ങിയ സമാധാനകാംക്ഷികളായ ജനങ്ങളോടുള്ള വെല്ലുവിളി, ഉപതെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത നേട്ടത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ശക്തിയായി വരികയാണെന്നും ഇതിന്നെതിരിൽ യോജിക്കാവുന്ന എല്ലാ സംഘടനകളുമായും തോളോടുതോൾ ചേർന്ന് പ്രത്യക്ഷ സമരത്തിന് ഗാന്ധി ദർശൻ സമിതി നേതൃത്വം നൽകുമെന്നും ബദറുദ്ദീൻ ഗുരുവായൂർ പറഞ്ഞു.

Advertisment