മടക്കാവുന്ന കസേരയുടെ ആകൃതിയിലുള്ള മിനി ബാഗ്; ഒരു സാധനം പോലും വയ്ക്കാന്‍ സാധിക്കാത്ത ഈ ബാഗിന്‍റെ വില കേട്ടാല്‍ ഞെട്ടും

Wednesday, April 28, 2021

ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്ന മടക്കാവുന്ന കസേരയുടെ ആകൃതിയിലുള്ള മിനി ബാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു സാധനം പോലും ഈ ബാഗില്‍ വയ്ക്കാന്‍ കഴിയില്ലെങ്കിലും 895 യുഎസ് ഡോളര്‍ അല്ലെങ്കില്‍ 67000 രൂപയാണ് ബാഗിന്റെ വില. ട്വിറ്റര്‍ ഉപഭോക്താവായ ലെക്സി ബ്രൗണ്‍ ആണ് ക്രിസ്റ്റലുകള്‍ കൊണ്ട് അലങ്കരിച്ച ചെയര്‍ ബാഗിന്റെ ചിത്രം അടിക്കുറിപ്പോടെ ട്വിറ്ററില്‍ പങ്കിട്ടിരിക്കുന്നത്.

നിങ്ങള്‍ക്ക് ഈ ചിത്രം കാണുമ്ബോള്‍ വളരെ വിചിത്രമായി തോന്നാം. എന്നാല്‍, ഒരു വെബ്‌സൈറ്റില്‍ ബാഗ് വില്‍ക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലെക്സി ബ്രൗണ്‍ ഈ ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ഈ പ്രത്യേക ബാഗ് മടക്കാവുന്ന കസേര പോലെയാണ് കാഴ്ച്ചയില്‍ തോന്നുക. വില്‍പ്പനയ്ക്ക് വയ്ക്കുന്ന ഇത്തരത്തിലുള്ള വിചിത്രമായ വസ്തുക്കള്‍ കണ്ടെത്തുന്നത് തന്റെ ഹോബിയാണെന്ന് ലെക്സി ബ്രൗണ്‍ വ്യക്തമാക്കി. നോര്‍ഡ്‌സ്ട്രോം എന്ന വെബ്സൈറ്റിലാണ് ഈ ബാഗ് ലഭ്യമാകുക. ഇതുവരെയുള്ളതില്‍ വിചിത്രമായ തന്റെ കണ്ടെത്തലായിരിക്കാം ഇതെന്നും ബ്രൗണ്‍ പറയുന്നു.

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലെ ഉല്‍‌പ്പന്നത്തിന്റെ വിവരണം അനുസരിച്ച്‌ ഈ ബാഗില്‍ ഒരു സാധനം പോലും വയ്ക്കാന്‍ കഴിയില്ല. ആളുകള്‍ക്ക് ബാഗ് കണ്ട് അഭിപ്രായങ്ങള്‍ പങ്കു വയ്ക്കാം എന്ന് മാത്രം.

×