Advertisment

ബംഗലൂരു സംഘര്‍ഷം: പൊലീസ് വെടിവെയ്പില്‍ മരണം മൂന്നായി ; ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് എംഎല്‍എയുടെ ബന്ധു

New Update

ബംഗലൂരു : ബംഗളൂരു സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവെയ്പിലാണ് മരണം. 60 ഓളം പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം പരിക്കേറ്റു. സംഭവത്തില്‍ 110 പേര്‍ അറസ്റ്റിലായി.

Advertisment

publive-image

പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. രാത്രി 8 മണിയോടെ എംഎല്‍എയുടെ കാവല്‍ബൈരസന്ദ്രയിലെ വീടിനു നേര്‍ക്ക് പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. വീട്ടിന് മുന്നിലുണ്ടായിരുന്ന വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു.

തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസിനു നേരെ തിരിഞ്ഞു. കാവല്‍ബൈരസന്ദ്ര, ഭാരതിനഗര്‍, താനറി റോഡ് എന്നിവിടങ്ങളിലായി പതിനഞ്ചിലേറെ വാഹനങ്ങള്‍ക്കു തീവച്ചു. തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും, തുടര്‍ന്ന് വെടിവെക്കുകയുമായിരുന്നു.

അക്രമികള്‍ 24 നാലുചക്രവാഹനങ്ങളും 200 ലേറെ ഇരുചക്രവാഹനങ്ങളും തീവെച്ചുനശിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി. പൊലീസ് സ്റ്റേഷനുകള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞയും ഡിജെ ഹള്ളി, കെജെ ഹള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു.

സംഭവത്തില്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെയെ വിളിച്ച് കലാപം കര്‍ശനമായി നേരിടാന്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കില്‍ ഇരുമ്പുമുഷ്ടി കൊണ്ട് നേരിടേണ്ടി വരുമെന്ന് മന്ത്രി ബൊമ്മെ മുന്നറിയിപ്പ് നല്‍കി.

കലാപത്തിന് ഇടയാക്കിയ വിവാദ പോസ്റ്റ് ഇട്ട എംഎല്‍എയുടെ ബന്ധു പി നവീനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് നവീന്‍ പൊലീസിനോട് പറഞ്ഞത്. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും, സമാധാനം പാലിക്കണമെന്നും കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തി അഭ്യര്‍ത്ഥിച്ചു.

bangalore attack
Advertisment