Advertisment

'ഹിന്ദി മാലും നഹിം'? ഹിന്ദിയറിയാത്ത ഡോക്ടർക്ക് ലോൺ നിഷേധിച്ച ബാങ്ക് മാനേജർക്ക് സ്ഥലം മാറ്റം

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: ഹിന്ദി അറിയില്ലെന്ന കാരണത്താൽ കസ്റ്റമർക്ക് ലോണ്‍ നിഷേധിച്ച സംഭവത്തിൽ ബാങ്ക് മാനേജർക്ക് സ്ഥലം മാറ്റം. ഇന്ത്യൻ ഓവർസീസ് ബാങ്ക് ഗംഗൈകൊണ്ടചോലപുരം ശാഖ മാനേജര്‍ വിശാൽ കാംബ്ലെയെ ആണ് ട്രാൻസ്ഫർ ചെയ്തതത്.

Advertisment

ലോണിനായി നൽകിയ രേഖകൾ തമിഴിലായതിനാൽ അപേക്ഷ പരിശോധിക്കാൻ പോലും വിസമ്മതിച്ച ഇയാള്‍ ലോൺ നിഷേധിച്ചു എന്നായിരുന്നു ആരോപണം. വിവാദമായ സംഭവത്തിൽ മാനേജർക്കെതിരെ കഴിഞ്ഞ ദിവസമാണ് നടപടിയുണ്ടായതെന്നാണ് ഔദ്യോഗിക വിവരം. ഇയാളെ ത്രിച്ചിയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

publive-image

രണ്ട് ദിവസം മുമ്പാണ് സി.ബാലസുബ്രഹ്മണ്യൻ എന്ന 76കാരൻ ലോണിനായി ബാങ്കിനെ സമീപിച്ചത്. ഇദ്ദേഹം ഒരു റിട്ടയർഡ് സർക്കാർ ഡോക്ടറാണ്. സ്വന്തം ഭൂമിയിൽ കൊമേഴ്സ്യൽ കോംപ്ലക്സ് പണിയുന്നതിനായി ലോണിന് അപേക്ഷിക്കാനാണെത്തിയത്. അപേക്ഷ സമർപ്പിച്ച് കഴിഞ്ഞപ്പോൾ ബാങ്ക് മാനേജറായ മഹാരാഷ്ട്ര സ്വദേശി വിശാൽ, തനിക്ക് ഹിന്ദി അറിയുമോ എന്നാണ് ചോദിച്ചതെന്നാണ് ഡോക്ടർ പറയുന്നത്.

തമിഴും ഇംഗ്ലീഷും മാത്രമെ അറിയു എന്ന് പറഞ്ഞതോടെ ഇരുവരും തമ്മിൽ വാഗ്വാദം ഉടലെടുത്തു എന്നും ഇദ്ദേഹം പറയുന്നു. തുടർന്ന് ഭൂമിയുടെ രേഖകൾ തമിഴിലാണെന്ന് കാരണം ഉന്നയിച്ച് അപേക്ഷ പോലും പരിശോധിക്കാൻ നിൽക്കാതെ തനിക്ക് ലോൺ നിഷേധിച്ചു എന്നും ബാലസുബ്രഹ്മണ്യൻ പറയുന്നു.

ഇതിന് പിന്നാലെ തന്നെ ബാങ്ക് മാനേജർക്കെതിരെ ബാലസുബ്രഹ്മണ്യൻ നിയമനടപടികള്‍ സ്വീകരിക്കുകയാണുണ്ടായത്. തനിക്ക് നേരിടേണ്ടി വന്ന മാനസിക സമ്മർദ്ദത്തിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാങ്ക് മാനേജർക്കെതിരെ ലീഗൽ നോട്ടീസ് അയക്കുകയായിരുന്നു. ഭാഷ അറിയില്ലെന്ന കാരണത്താൽ ലോൺ നിഷേധിക്കുന്നത് ബാങ്കിന്‍റെ വീഴ്ചയാണെന്നും തനിക്ക് നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും ഇദ്ദേഹം അറിയിച്ചിരുന്നു.

സംഭവം നിരവധി വിമർശനങ്ങൾക്കാണ് വഴിവച്ചത്. ബാങ്ക് മാനേജർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് നിരവധി ആളുകൾ രംഗത്തെത്തി. ബാങ്കിൽ ഇത് നിത്യസംഭവമാണെന്ന് ആരോപിച്ച് ഇതിന് പിന്നാലെ നിരവധി ആളുകൾ രംഗത്തെത്തുകയും ചെയ്തു. തുടർന്നാണ് മാനേജരെ സ്ഥലം മാറ്റിക്കൊണ്ടുള്ള നടപടി.

bank manager
Advertisment