ബെവ്ക്യൂ ആപ്പിലൂടെ ബാറുടമകള്‍ കൊണ്ടുപോയത് കോടികള്‍ ! ആപ്പ് നടപ്പാക്കിയ ആദ്യമാസത്തില്‍ മാത്രം ബാറുടമകള്‍ക്ക് ബെവ്‌കോയേക്കാള്‍ കൂടുതലായി ലഭിച്ചത് 12 ലക്ഷത്തിലേറെ കൂപ്പണുകള്‍. ഒരു കൂപ്പണില്‍ വിറ്റത് 3 ലിറ്റര്‍ മുതല്‍ തോന്നും പടി. ഒരുമാസം ബാറുടമകളുടെ പോക്കറ്റിലെത്തിയത് സര്‍ക്കാര്‍ ഖജനാവിലെത്തേണ്ട മൂപ്പതു കോടിയിലേറെ രൂപ ! പാവങ്ങളെ ആപ്പിലാക്കി സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൊള്ളയുടെ കഥ ഇങ്ങനെ…

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, January 16, 2021

കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ബെവ്ക്യൂ ആപ്പിന്റെ മറവില്‍ നേട്ടം കൊയ്തത് ബാറുടമകള്‍. ആപ്പ് പ്രവര്‍ത്തന സജ്ജമായിരുന്ന ഒരു മാസത്തെ മാത്രം കണക്കു പുറത്തുവന്നപ്പോള്‍ 12 ലക്ഷത്തിലേറെ ടോക്കണിന്റെ നേട്ടമാണ് ബാറുടമകള്‍ക്ക് ബെവ്‌കോയെക്കാള്‍ ഉണ്ടായിട്ടുള്ളത്. ഇതോടെ സര്‍ക്കാര്‍ ഖജനാവില്‍ വീഴേണ്ട കോടികളാണ് ബാറുടമകളുടെ പോക്കറ്റിലെത്തിയത്.

ആപ്പ് തുടങ്ങിയ മെയ് 28 മുതല്‍ ജൂണ്‍ 27 വരെയുള്ള കണക്കുകള്‍ പ്രകാരം 35,80,708 ടോക്കണുകളാണ് ബാറുകള്‍ക്ക് ലഭിച്ചത്. ബെവ്‌കോ ഔട്ട് ലെറ്റുകള്‍ക്ക് ലഭിച്ചത് 22,18,451 ടോക്കണുകളും. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകള്‍ക്ക് 2,62,815. കണ്‍സ്യൂമര്‍ ഫെഡ് ബിയര്‍ പാര്‍ലറുകള്‍ 4647. കെ.റ്റി.ഡി.സി 1780 66. ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ 531276 എന്നിങ്ങനെയാണ് കണക്കുകള്‍.

നേരത്തേ ആപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. എന്നാല്‍ എക്‌സൈസ് വകുപ്പിന്റെ ഔദ്യോഗിക രേഖകള്‍ പുറത്തുവന്നതോടെയാണ് തട്ടിപ്പു പുറത്തായത്. മദ്യം വാങ്ങാനുള്ള ആപ്പിന്റെ ടോക്കണ്‍ ബാറുകളിലേക്കു മാത്രമേ പോകുന്നുള്ളൂ എന്ന പരാതിയെത്തുടര്‍ന്ന് ഇതു പരിശോധിക്കാന്‍ ആപ് നിര്‍മിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഫെയര്‍കോഡിനോടു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതില്‍ ഒരു നടപടിയുമുണ്ടായില്ല.

നേരത്തേ ആപ് വഴി ബാറുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മദ്യം വാങ്ങാന്‍ എത്ര ടോക്കണ്‍ വീതം വിതരണം ചെയ്തുവെന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ല. ആപ് നിര്‍മിച്ച കമ്പനിക്ക് ഇതു വേര്‍തിരിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു മറുപടി. ഏതായാലും ആപ് ഇല്ലാതെ ചെല്ലുന്നവര്‍ക്കും ബാറുകാര്‍ ആവശ്യത്തിനു മദ്യം നല്‍കിയിരുന്നു.

ബാറുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായ സാഹചര്യത്തില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ മദ്യം വാങ്ങുന്നതിനുള്ള ടോക്കണ്‍ സംവിധാനം അവസാനിപ്പിക്കണമെന്ന് ബെവ്‌കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും പഴയപടി തന്നെ തുടരുകയാണ്. ടോക്കണ്‍ ഏര്‍പ്പെടുത്തുന്നതിന് മുന്‍പുണ്ടായിരുന്ന രീതിയിലേക്ക് പോകണമെന്നാണ് ആവശ്യം.

കോവിഡ് മാനദണ്ഡം പാലിച്ചും ശാരീരിക അകലം പാലിച്ചും വില്‍പന നടത്താന്‍ സൗകര്യമൊരുക്കണമെന്നും സര്‍ക്കാരിന് നല്‍കിയ കത്തില്‍ ബെവ്‌കോ ആവശ്യപ്പെട്ടു. ടോക്കണ്‍ സംവിധാനം വന്നതോടെ ഭീമമായ നഷ്ടമാണ് കോര്‍പറേഷന്‍ നേരിടുന്നത്. ഈ സാഹചര്യത്തിലാണ് പഴയരീതിയിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് കോര്‍പറേഷന്‍ സര്‍ക്കാരിന് മുന്നിലെത്തിയത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണിനുശേഷം കഴിഞ്ഞ മേയ് 28 മുതലാണ് മദ്യവില്‍പ്പന ആരംഭിച്ചത്. ബെവ്ക്യൂ ആപ്പ് വഴി ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളിലും ബാറുകളിലും ഒരേ വിലയ്ക്കു മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചശേഷം വലിയ നഷ്ടമാണ് കോര്‍പറേഷനുണ്ടായത്. പ്രായമുള്ളവരടക്കമുള്ള പതിവ് ഉപയോക്താക്കള്‍ ബാറിലേക്ക് പോയതോടെയാണ് ബെവ്‌കോയുടെ നഷ്ടം വര്‍ധിച്ചത്.

ബെവ്‌കോയുടെ 265 ഔട്ട്‌ലറ്റുകളില്‍ ലോക്ഡൗണിന് മുന്‍പ് ഒരു ദിവസം ശരാശരി 22 കോടിരൂപ മുതല്‍ 32 കോടിരൂപവരെയുള്ള കച്ചവടമാണ് നടന്നിരുന്നത്. ടോക്കണ്‍ ഏര്‍പ്പെടുത്തിയതോടെ ഇത് പകുതിയായി. കണ്‍സ്യൂമര്‍ഫെഡിന്റെ പ്രതിദിന വില്‍പ്പന ശരാശരി 6 കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് ശരാശരി 2.5 കോടിയായി കുറഞ്ഞു.

×