Advertisment

ഒരു കിലോ ബീഫിന് വില 400 രൂപ ! ഒരാഴ്ച്ചയ്ക്കിടെ കൂടിയത് കിലോയ്ക് 50 രൂപവരെ. പന്നിയിറച്ചി വില 300 രൂപയിലേക്ക്. ഒറ്റയടിക്ക് കൂടിയത് കിലോയ്ക്ക് 60 രൂപ ! പോത്തിറച്ചിക്കും പന്നിയിറച്ചിക്കും വില കൂട്ടുന്നത് കച്ചവടക്കാര്‍ക്ക് തോന്നുംപടി. പൊതുവിപണിക്ക് പകരം എംപിഐയില്‍ പോകാമെന്നു വച്ചാല്‍ അവിടെയും വില താങ്ങാവുന്നതിനപ്പുറം. പോത്തിറച്ചിക്ക് കിലോയ്ക്ക് 470 രൂപയും പന്നിയിറച്ചിക്ക് കിലോയ്ക്ക് 370 രൂപയും എംപിഐയില്‍ നല്‍കണം ! കോവിഡിന്റയും ലോക്ഡൗണിന്റെയും മറവില്‍ മാംസവിപണിയില്‍ നടക്കുന്നത് വന്‍കൊള്ള

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: സംസ്ഥാനത്ത് മാംസവില തോന്നുംപടി ഈടാക്കുന്നുവെന്ന് ആക്ഷേപം. പല ജില്ലകളിലും കച്ചവടക്കാരുടെ ഇഷ്ടത്തിനാണ് വില നിശ്ചയിക്കുന്നത്. കഴിഞ്ഞയിടെ ചിക്കന്റെ വില 160 കടന്നതിനു പിന്നാലെയാണ് മറ്റു മാംസത്തിനും വില കൂടുതല്‍ ഈടാക്കി തുടങ്ങിയത്.

കഴിഞ്ഞ ഒരുമാസത്തിന് മുമ്പുവരെ പന്നിയിറച്ചിയുടെ വില കിലോഗ്രാമിന് 220 മുതല്‍ 260വരെയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തൊടുപുഴയില്‍ വില 290 ആയി ഉയര്‍ന്നു. തൊടുപുഴയ്്ക്ക് പിന്നാലെ മധ്യകേരളത്തിലെ പല ജില്ലകളിലും പന്നിയിറച്ചിയുടെ വില ഉടന്‍ 300ലേക്ക് എത്തുമെന്നാണ് വിവരം.

പന്നിയിറച്ചിയുടെ ഏറ്റവും വലിയ വിപണികളിലൊന്നായ അങ്കമാലിയിലും വില കൂടുന്നുണ്ട്. കോഴി വില കൂടിയതിന്റെ പേരിലാണ് പലയിടത്തും വില കൂട്ടുന്നത്. ബീഫിന്റെ വിലയുടെ കാര്യം പിന്നെ പറയേണ്ടതില്ല.

ഇപ്പോള്‍ 380 രൂപവരെയാണ് ബീഫിന് പലയിടത്തും ഈടാക്കുന്നത്. അതു 400ലേക്ക് കടക്കുമെന്നാണ് സൂചന. മാംസവ്യാപരത്തില്‍ വില തീരുമാനിക്കുന്നത് കച്ചവടക്കാരാണെന്നതാണ് വില ഇത്രയധികം കൂടാന്‍ കാരണം.

കോവിഡും ലോക്ഡൗണുമൊക്കെ വിലക്കയറ്റത്തിന് കാരണമായന്നെും കച്ചവടക്കാര്‍ പറയുന്നു. ഇനി പൊതുവിപണിയിലെ വിലക്കയറ്റം തടയാന്‍ ഉപകരിക്കുമെന്ന് കരുതി മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ഔട്ട്‌ലെറ്റിലെത്തി വില ചോദിച്ചാല്‍ ഞെട്ടും. പൊതു വിപണിയില്‍ 380 രൂപയ്ക്ക് പോത്തിറച്ചി കിട്ടുമെങ്കില്‍ എംപിഐയില്‍ അതിന് 470 രൂപയാണ് വില.പന്നിയിറച്ചിക്കാകട്ടെ കിലോയ്ക്ക് 370 രൂപ നല്‍കണം. അതുകൊണ്ടുതന്നെ എംപിഐയെ സാധാരണക്കാര്‍ ഉപേക്ഷിച്ചിട്ടു നാളുകളായി.

Advertisment