Advertisment

ലെബനനിലെ സ്‌ഫോടനത്തിന് കാരണം റഷ്യന്‍ കപ്പലില്‍ നിന്ന് പിടിച്ചെടുത്ത് തുറമുഖത്ത് സൂക്ഷിച്ച 2750 ടണ്‍ അമോണിയം നൈട്രേറ്റ്; ചെന്നൈയിലും സമാന സാഹചര്യം? തുറമുഖത്ത് കിടക്കുന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ് പിടിച്ചെടുത്ത 740 ടണ്‍ അമോണിയം നൈട്രേറ്റ് നിറച്ച കപ്പല്‍

New Update

ചെന്നൈ :  ബെയ്‌റൂട്ടില്‍ 135 പേരുടെ മരണത്തിനിടയാക്കിയ ഉഗ്ര സ്‌ഫോടനത്തിനു കാരണമായത് റഷ്യന്‍ കപ്പലില്‍നിന്നു പിടിച്ചെടുത്തു തുറമുഖത്തു സൂക്ഷിച്ച 2750 ടണ്‍ അമോണിയം നൈട്രേറ്റിനു തീപിടിച്ചതായിരുന്നു. സമാന ഭീതിയില്‍ ചെന്നൈ തുറമുഖവും. വന്‍ സ്‌ഫോടന ശേഷിയുള്ള 740 ടണ്‍ അമോണിയം നൈട്രേറ്റ് നിറച്ചെത്തിയ ഒരു കപ്പല്‍ ചെന്നൈ തുറമുഖത്ത് വര്‍ഷങ്ങളായി കസ്റ്റംസിന്റെ കസ്റ്റഡിയിലുണ്ട്.

Advertisment

publive-image

ചെന്നൈയുടെ പ്രാന്തപ്രദേശത്താണ് കപ്പല്‍ സൂക്ഷിച്ചിരിക്കുന്നത്. അതേസമയം, കപ്പലിലുള്ള രാസവസ്തുക്കള്‍ ഒഴിവാക്കാനായി ഇ ഒക്ഷന്‍ നടപടി ആരംഭിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രണ്ടുദിവസം മുമ്പ് ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു പ്രദേശം മുഴുവന്‍ തകര്‍ന്നു തരിപ്പണമാകുകയും ആയിരങ്ങള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ പടക്ക വ്യവസായത്തിന്റെ പ്രധാന കേന്ദ്രമായ ശിവകാശിയിലേക്ക് പടക്ക നിര്‍മാണസാമഗ്രികളും വളവുമായി 2015ല്‍ ചെന്നൈ തുറമുഖത്ത് എത്തിയതാണ് ഈ കപ്പല്‍. അന്ന് കസ്റ്റംസ് അധികൃതര്‍ പിടിച്ചിട്ടതാണ്. തുടര്‍ നടപടികളുണ്ടായില്ല. എന്നാല്‍ സ്‌ഫോടകവസ്തുക്കള്‍ തുറമുഖത്ത് സൂക്ഷിച്ചിട്ടില്ലെന്ന നിലപാടാണ് തുറമുഖ അധികൃതര്‍ക്ക്.

'20 ടണ്‍ അമോണിയം നൈട്രേറ്റ് വീതമുള്ള 36 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇവ ചെന്നൈ തുറമുഖത്തുനിന്ന് നേരത്തേ തന്നെ നീക്കിയിരുന്നു. ഇപ്പോള്‍ കസ്റ്റംസ് വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് അവ' ചെന്നൈ തുറമുഖത്തിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗം അറിയിച്ചു.

എന്നാല്‍ സാട്ടവ കണ്ടെയ്‌നര്‍ ഡിപ്പോയില്‍ അമോണിയം നൈട്രേറ്റ് ഉണ്ടെന്നും അവ ശ്രീ അമ്മന്‍ കെമിക്കല്‍സ് എന്ന കമ്പനി അനധികൃതമായി വരുത്തിയതാണെന്നും കസ്റ്റംസ് അധികൃതര്‍ പറയുന്നു. 'അവ നീക്കം ചെയ്യാനുള്ള നടപടികളിലാണ് ഞങ്ങള്‍. അതിന്റെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും' കസ്റ്റംസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദേശീയമാധ്യമങ്ങളോടു പറഞ്ഞു. നീക്കം ചെയ്യുന്നതില്‍ വിമുഖത ഉണ്ടായിട്ടില്ല. വിഷയം കോടതിയിലാണ്. നവംബറിലാണ് ഉത്തരവ് ഉണ്ടായത്. ഇ ഓക്ഷന്‍ നടപടികള്‍ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, കസ്റ്റംസ് വെയര്‍ഹൗസുകളിലും തുറമുഖങ്ങളിലും ഉള്ള സ്‌ഫോടക വസ്തുക്കള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണോ സൂക്ഷിച്ചിരിക്കുന്നതെന്ന് 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് നിര്‍ദേശിച്ചു.

BLAST CASE lebanon explosion
Advertisment