Advertisment

ബെന്നി ബഹനാന്റെ രാജി പിടിച്ചുനില്‍ക്കാനുള്ള അവസാനത്തെ അടവും പരാജയപ്പെട്ടതോടെ ഗത്യന്തരമില്ലാതെ!  ഉമ്മന്‍ചാണ്ടിയുടെ പഴയ വിശ്വസ്തന്‍ ഗ്രൂപ്പിനും പുറത്ത്; എംഎം ഹസന്‍ പുതിയ കണ്‍വീനറാകും, കെവി തോമസിന് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനവും, പുതിയ പ്രഖ്യാപനം ഉടന്‍  ! പാര്‍ട്ടിയില്‍ ഏതെങ്കിലുമൊരു സ്ഥാനമോ, ജയ്ഹിന്ദ്, വീക്ഷണം എന്നിവയുടെ ചുമതലയോ ബെന്നി ബെഹന്നാന് ലഭിച്ചേക്കും ! 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ പദവിയില്‍ തുടരാന്‍ ബെന്നി ബെഹന്നാന്‍ നടത്തിയ നീക്കങ്ങളൊക്കെ പാളിയതതോടെ ഗത്യന്തരമില്ലാതെയാണ് അദ്ദേഹം കണ്‍വീനര്‍ സ്ഥാനത്തു നിന്നും രാജി വച്ചൊഴിയുന്നത്. നേരത്തെ തന്നെ എ ഗ്രൂപ്പുമായും ഉമ്മന്‍ചാണ്ടിയുമായും തെറ്റിയ ബെന്നി ബെഹന്നാന്‍ സ്ഥാനം നിലനിര്‍ത്താന്‍ പല നീക്കങ്ങളും നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം പാളുകയായിരുന്നു.

Advertisment

publive-image

അതോടെ പാര്‍ലമെന്റു സമ്മേളനം കഴിയും വരെ കണ്‍വീനര്‍ സ്ഥാനത്തു തുടരാന്‍ കാലാവധി നല്‍കണമെന്ന് ബെന്നി ബെഹന്നാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ചികിത്സയ്ക്ക് ശേഷം സോണിയ ഗാന്ധി തിരിച്ചെത്തിയതോടെ നാളെയൊ, മറ്റന്നാളോ പുതിയ യുഡിഎഫ് കണ്‍വീനറെ പ്രഖ്യാപിക്കുമെന്ന സൂചന പുറത്തുവന്നതോടെയാണ് ഇന്നു തന്നെ സ്ഥാനമൊഴിയാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചത്.

ബെന്നി ബെഹന്നാനു പകരം എ ഗ്രൂപ്പ് നിര്‍ദേശിച്ച എംഎം ഹസന്‍ യുഡിഎഫ് കണ്‍വീനറാകും. നേരത്തെ എംഐ ഷാനവാസിന്റെ മരണത്തോടെ ഒഴിഞ്ഞു കിടക്കുന്ന വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം കെവി തോമസിനും നല്‍കും. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെയാണ് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ബെന്നി ബെഹന്നാന്‍ എത്തുന്നത്. പിന്നീട് അദ്ദേഹം ചാലക്കുടിയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചതോടെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയണമെന്ന് എഗ്രൂപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രാജി തീരുമാനം നീട്ടിക്കൊണ്ടു പോകാനാണ് അദ്ദേഹം നീക്കം നടത്തിയത്.

ഇടയ്ക്ക് ഐ ഗ്രൂപ്പു പാളയത്തിലെത്തി ചില ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ആദ്യം അനുകൂലിച്ച രമേശ് ചെന്നിത്തല പിന്നീട് അതിനു വഴങ്ങിയില്ല. ഗ്രൂപ്പു സമവാക്യത്തിനപ്പുറം ഉമ്മന്‍ചാണ്ടിയുമായുള്ള ബന്ധം വഷളാക്കാന്‍ കഴിയില്ലെന്നു പറഞ്ഞാണ് രമേശ് ബെന്നി ബെഹന്നാനെ കൈവിട്ടത്.

ഇതോടെ ചില സ്വതന്ത്ര ശ്രമങ്ങള്‍ അദ്ദേഹം സ്ഥാനം നിലനിര്‍ത്താന്‍ നടത്തിയെങ്കിലും അതും വിഫലമായി. ഇതോടെയാണ് പുറത്താക്കും മുമ്പ് രാജി പ്രഖ്യാപിച്ച് മാനം രക്ഷിക്കാന്‍ അദ്ദേഹം നോക്കിയത്. പാര്‍ട്ടിയില്‍ ഏതെങ്കിലുമൊരു സ്ഥാനമോ, ജയ്ഹിന്ദ്, വീക്ഷണം എന്നിവയുടെ ചുമതലയോ ബെന്നി ബെഹന്നാന് ലഭിച്ചേക്കും.

benni bahanan
Advertisment