നല്ല ലൈംഗീകത പങ്കാളികള്‍ക്ക് രോഗപ്രതിരോധ ശക്തിയും ഹൃദയാരോഗ്യവും വര്‍ധിപ്പിക്കുമെന്ന് പഠനം

ഹെല്‍ത്ത് ഡസ്ക്
Friday, February 16, 2018

നല്ല രീതിയില്‍ ലൈംഗീകത ആസ്വദിക്കുന്ന പങ്കാളികള്‍ക്ക് രോഗപ്രതിരോധ ശക്തി കൂടുമെന്ന് പഠനങ്ങള്‍ പറയുന്നു.

പെന്‍സില്‍വാനിയയിലെ വില്‍കസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ മറ്റുള്ളവരേക്കാള്‍ പ്രതിരോധശക്തി കൂടിയ നിലയില്‍ കണ്ടുവെന്നാണ്.

ആരോഗ്യകരമായ സെക്‌സില്‍ ഏര്‍പ്പെടുന്നവരില്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ആന്റിബോഡിയായ ഇമ്യൂണോഗ്ലോബുലിന്‍ എയുടെ അളവ് കൂടുന്നതായി പഠനങ്ങള്‍ പറയുന്നു.

സെക്‌സ് ഹൃദയത്തിന് ആരോഗ്യം നല്‍കും. ആരോഗ്യകരമായ സെക്‌സ് അമിതരക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. അതുവഴിയും ഹൃദയാരോഗ്യം മെച്ചപ്പെടും. കൂടാതെ രക്തക്കുഴലില്‍ തടസം ഉണ്ടാക്കാന്‍ കാരണമാവുന്ന ഹോമോസിസ്റ്റീന്‍ എന്ന കെമിക്കലിന്റെ അളവ് നിയന്ത്രിക്കുന്നതിനും സെക്‌സ് സഹായിക്കുമെന്നാണ് പഠനം.

നല്ല സെക്‌സ് സ്ത്രീകള്‍ക്ക് പെല്‍വിക് മസിലുകള്‍ക്കുള്ള വര്‍ക്ക് ഔട്ട് കൂടിയാണ്. ഈ വ്യായാമത്തിന് ഏറെ ഗുണങ്ങളുണ്ട്. പ്രായം കൂടുമ്പോള്‍ പല സ്ത്രീകളും  നേരിടുന്ന പ്രശ്‌നമാണ് മൂത്രം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ. പെല്‍വിക് മസിലുകള്‍ക്ക് കരുത്ത് ലഭിക്കുന്നത് ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

×